ചന്ദ്രനെ തൊടാനുള്ള ചരിത്ര ദൗത്യം

Web Desk
Posted on September 08, 2019, 9:39 pm

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനുള്ള ചരിത്രദൗത്യം ഏറ്റെടുത്ത ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെയാകെ അഭിമാനമായിരിക്കുകയാണ്. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രോപരിതലത്തിലേക്കുള്ള ചുവടുവയ്പ് അവസാന നിമിഷം അനിശ്ചിതത്വത്തിലായെങ്കിലും അതിനുള്ള ഇച്ഛാശക്തിയുമായി ദീര്‍ഘകാലം രാപ്പകലെന്നില്ലാതെ കഠിനാധ്വാനം ചെയ്ത ഓരോ ശാസ്ത്രജ്ഞനെയുമോര്‍ത്ത് രാജ്യം പുളകം കൊള്ളുന്നുണ്ട്.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തന്നെ വിശദീകരിച്ചത് 95 ശതമാനത്തില്‍ ദൗത്യം അവസാനിച്ചുവെന്നാണ്. എങ്കിലും ഇരുനൂറ് ശതമാനത്തിലേക്ക് കുതിക്കാനുള്ള ആത്മവിശ്വാസം അത് നല്‍കുന്നുവെന്നതില്‍ തര്‍ക്കമില്ല. കാരണങ്ങള്‍ പലതാണ്. ശനിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരാശനായി കണ്ണീരണിഞ്ഞ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ ഇന്നലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ചന്ദ്രയാന്‍ 2 ന്റെ ലാന്‍ഡര്‍ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന ഏറ്റവും ശുഭകരമായ വിവരമായിരുന്നു അത്. ചന്ദ്രോപരിതലത്തിന്റെ 2.1 കിലോ മീറ്റര്‍ വരെ എല്ലാ വിനിമയങ്ങളും സാധ്യമായിരുന്നു. പക്ഷേ അതിന് ശേഷം സിഗ്നലുകള്‍ കിട്ടാതായി. കിണഞ്ഞു ശ്രമിച്ചുവെങ്കിലും വിനിമയം പുനഃസ്ഥാപിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ നിരാശയോടെ ഡോ. കെ ശിവന്‍ അക്കാര്യം അറിയിക്കുകയായിരുന്നു.

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ചന്ദ്രന്റെ ആരുമെത്തിയിട്ടില്ലാത്ത ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുകയെന്ന ദൗത്യത്തിന് ഐഎസ്ആര്‍ഒ സജ്ജമായത്. പരാജയമെന്നത് വിജയത്തിലേക്കുള്ള ചുവടുവയ്പാണെന്ന ശാസ്ത്ര തത്വം അതേപടി പിന്തുടരുന്നുവെന്നതാണ് ഐഎസ്ആര്‍ഒയുടെ ഓരോ വിജയത്തിന്റെയും ലക്ഷ്യത്തിന്റെയും പുതിയ പുതിയ ദൗത്യപ്രഖ്യാപനത്തിന്റെയും പിന്നിലുള്ളത്. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ തന്നെ കാര്യമെടുക്കുക. ജൂലൈ 15 ന് പുലര്‍ച്ചെ 2.50 ന് വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടിവന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം 22 ന് വിജയകരമായി വിക്ഷേപണം നടത്തുകയും ചെയ്തു. ചന്ദ്രയാനെ സംബന്ധിച്ച് അതിന് പിന്നീടുള്ള ഓരോ വാര്‍ത്തകളും പ്രതീക്ഷയും ആവേശവും നല്‍കുന്നതായിരുന്നു. എങ്കിലും അവസാന നിമിഷം അനിശ്ചിതത്വത്തിലായത് എല്ലാവരെയും നിരാശപ്പെടുത്തി. പക്ഷേ നിരാശപ്പെട്ടിരിക്കാന്‍ തയ്യാറല്ലെന്ന ദൃഢനിശ്ചയവുമായി ലാന്‍ഡറിന്റെ അവസ്ഥ തേടി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ ഉറക്കമില്ലാതെ പിന്നെയും അന്വേഷണം തുടര്‍ന്നു. അതുകൊണ്ടാണ് ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 2 ന്റെ ലാന്‍ഡര്‍ കണ്ടെത്താനായത്. ഇതുമായി ഉടന്‍തന്നെ ആശയവിനിമയം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷ ഇന്നലെ ഡോ. കെ ശിവന്‍ പങ്കുവച്ചിട്ടുണ്ട്.

ലോകത്തെ വന്‍ രാഷ്ട്രങ്ങളുള്‍പ്പെടെ നടത്തിയ ചാന്ദ്ര ദൗത്യങ്ങള്‍ എല്ലാം വിജയമായിരുന്നില്ല. 1958ന് ശേഷം ഇതുവരെ 109 ചാന്ദ്ര ദൗത്യങ്ങള്‍ നടത്തി. 61 എണ്ണം മാത്രമാണ് വിജയിച്ചതെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയിലെ ചാന്ദ്ര ദൗത്യ രേഖകള്‍ വ്യക്തമാക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഈ ദൗത്യത്തെ പരാജയമെന്ന പട്ടികയിലല്ല ഉള്‍പ്പെടുത്തേണ്ടത്.
ലോകത്തെ തന്നെ വലിയ ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാസയുടെ പ്രതികരണവും ഇന്നലെ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ ദൗത്യം തങ്ങളെ പ്രചോദിതരാക്കിയെന്നായിരുന്നു അവരുടെ പ്രതികരണം. ദക്ഷിണധ്രുവത്തിലിറങ്ങാനുള്ള ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ നാസ, ഇന്ത്യയുമായി സഹകരിച്ച് സൂര്യദൗത്യത്തിന് തയാറാണെന്ന സന്നദ്ധതയും അറിയിക്കുകയുണ്ടായി.
ഇതെല്ലാംതന്നെ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കലാണ്. അവരുടെ മുന്നില്‍ ദൗത്യങ്ങള്‍ ഇനിയും അവശേഷിക്കുകയുമാണ്. 2022 ലെ ഗഗന്‍യാന്‍, 2030 ല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്ന സ്വന്തമായ ബഹിരാകാശ നിലയം എന്നിവ അതില്‍ ചിലതാണ്. ബഹിരാകാശ സഞ്ചാരികള്‍ക്ക് ചെന്നിറങ്ങാനും താമസിക്കാനും സാധിക്കുന്ന ബഹിരാകാശ നിലയം എന്ന ദൗത്യം ലോകത്തെ വന്‍ രാഷ്ട്രങ്ങള്‍ ചിന്തിച്ചിട്ടില്ലാത്ത സ്വപ്‌നമാണ്. അതുകൊണ്ട് സ്വപ്‌നങ്ങളിലൂടെ സഞ്ചരിച്ച് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കുക. അതിന് രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുക.

ബഹിരാകാശമെന്നതുതന്നെ സ്വപ്‌നമാണെന്ന് വിശ്വസിച്ചിരുന്ന കാലത്തുനിന്ന് സഞ്ചരിച്ച് ആധുനിക കാലത്തെത്തി, അതൊരു യാഥാര്‍ഥ്യമാണെന്നും സഞ്ചാരപഥമാണെന്നുമൊക്കെ കണ്ടെത്തിയത് നമ്മുടെ ശാസ്ത്രത്തിന്റെ വന്‍ നേട്ടങ്ങളില്‍ ഒന്നാണ്. അതിനുമപ്പുറം ചന്ദ്ര ഗവേഷണവും സൂര്യ ദൗത്യവുമേറ്റെടുക്കാന്‍ മനുഷ്യന്‍ പ്രാപ്തനായത് പരാജയം, പിന്‍മാറാനുള്ളതല്ലെന്നും മുന്നേറാനുള്ള ചുവടുകളാണെന്നുമുള്ള ശാസ്ത്രസത്യത്തില്‍ മുറുകെ പിടിക്കുന്നതുകൊണ്ടാണ്. ആ വഴിയേ തന്നെ സഞ്ചരിക്കണമെന്ന പ്രചോദനവും ഇത്തരം ദൗത്യങ്ങള്‍ മാനവരാശിക്കു മുന്നില്‍ നല്‍കുന്നുണ്ട്.