രാമസേതു മനുഷ്യനിര്‍മ്മിതം തന്നെയെന്ന് കണ്ടെത്തല്‍

Web Desk
Posted on December 13, 2017, 5:09 pm

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ‘രാമസേതു’ മനുഷ്യ നിര്‍മ്മിതമാണെന്ന കഥക്ക് സ്ഥിരീകരണവുമായി അമേരിക്കന്‍ ചാനല്‍. സയന്‍സ് ചാനലിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ ‘രാമസേതു’ സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മ്മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്.
സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്‌ബോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മ്മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. 5000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയല്‍ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രാമസേതുവിലെ പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍, അതിന് മുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും വീഡിയോയില്‍ പറയുന്നു.