
മലയാള സിനിമയിലെ മഹാനടൻ മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ റെക്കോർഡ് നേട്ടം. ‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റിയായി എത്തി വിസ്മയിപ്പിച്ച മമ്മൂട്ടിക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. ഇതോടെ ഈ പുരസ്കാരം ഏഴ് തവണ നേടുന്ന നടനെന്ന ചരിത്രനേട്ടം അദ്ദേഹം സ്വന്തമാക്കി. ആറ് പുരസ്കാരങ്ങൾ നേടിയ മോഹൻലാലാണ് മമ്മൂട്ടിക്ക് തൊട്ടുപിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവർക്ക് നാല് വീതം സംസ്ഥാന അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്.
1981ൽ ‘അഹിംസ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ മമ്മൂട്ടി, 1984ൽ ‘അടിയൊഴുക്കുകൾ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. 1989ൽ ‘ഒരു വടക്കൻ വീരഗാഥ’, ‘മൃഗയ’, ‘മഹായാനം’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയും 1993ൽ ‘പൊന്തൻമാട’, ‘വിധേയൻ’, ‘വാത്സല്യം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയും അദ്ദേഹം വീണ്ടും അവാർഡ് നേടി. പിന്നീട് 2004ൽ ‘കാഴ്ച’, 2009ൽ ‘പാലേരി മാണിക്യം’, 2022ൽ ‘നൻപകൽ നേരത്തു മയക്കം’ എന്നീ സിനിമകളിലെ അഭിനയ മികവിനും പുരസ്‌കാരങ്ങൾ ലഭിച്ചു.
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇന്നും മമ്മൂട്ടിയെ നിലനിർത്തുന്നത്. പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറായി അദ്ദേഹം മാറിയെന്നത് പുതിയ കാലത്തിൻ്റെ ക്ലീഷേ വാക്കാണെങ്കിലും, അദ്ദേഹം എന്നും പരീക്ഷണങ്ങൾക്കൊപ്പമാണെന്ന് പറയുന്നതാകും കൂടുതൽ ശരി. ‘ഭ്രമയുഗം’ അത് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.