‘വ്യത്യസ്തനാം ഈ അച്ഛനെ സത്യത്തിൽ എല്ലാവരും തിരിച്ചറിയാൻ പോകുന്നു’; മകന് കളിപ്പാട്ടം വാങ്ങാൻ പണമില്ല, മിനിയേച്ചർ വാഹനം തന്നെ പണിത് അച്ഛൻ

Web Desk
Posted on November 29, 2019, 5:42 pm

കൊച്ചി : കളിപ്പാട്ടം വാങ്ങാൻ കാശില്ലാതെ സ്വന്തമായി തീർത്ത കളിപ്പാട്ടം ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നു . ഇത് അരുണ്‍ കുമാര്‍ പുരുഷോത്തമന്‍. തീര്‍ത്തും വ്യത്യസ്തനായ ഒരു മലയാളി പിതാവ് . തന്റെ കുട്ടിക്ക് വിലകൂടിയ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാന്‍ പണമില്ലാതിരുന്നതിനാലാണ് സ്വന്തമായി ഒരു ഓട്ടോറിക്ഷയുടെ മിനിയേച്ചര്‍ നിര്‍മിക്കാന്‍ അരുണ്‍ കുമാര്‍ തുനിഞ്ഞത്. പണി തീര്‍ന്നപ്പോഴോ, അതീവ മനോഹരമായ ആ മിനിയേച്ചര്‍ ഓട്ടോറിക്ഷ അരുണ്‍ കുമാറിന്റെ വീടും നാടും വിട്ട് സോഷ്യല്‍ മീഡിയിലൂടെ പ്രശസ്തമായി. ഇടുക്കി സ്വദേശിയും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ അരുണ്‍ കുമാര്‍ ഒടുവിലിതാ ദേശീയ ചാനലായ ഹിസ്റ്ററി 18 സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിസായ യേ മേരേ ഇന്ത്യയിലും ഇടം പിടിച്ചിരിക്കുന്നു. ഈ വരുന്ന ഡിസംബര്‍ 2 തിങ്കളാഴ്ച രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന യേ മേരാ ഇന്ത്യയുടെ ആറാം എഡിഷന്റെ പുതിയ എപ്പിസോഡിലാണ് അരുണ്‍ കുമാര്‍ എന്ന സൂപ്പര്‍ ഡാഡി അങ്ങനെ ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്നത്.

അരുണ്‍ കുമാറിനെപ്പോലുള്ള വ്യക്തികളുടെ വിസ്മയകരവും പ്രചോദനം പകരുന്നതുമായ യഥാര്‍ത്ഥ കഥകളാണ് ഉള്ളടക്കമെന്നതിനാല്‍ ലോകമെങ്ങുമുള്ള ടിവി പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായിരിക്കയാണ് യേ മേരേ ഇന്ത്യ. സ്വന്തം കുട്ടിക്ക് കളിപ്പാട്ടമായി നിര്‍മിച്ചു നല്‍കിയ ഓട്ടോറിക്ഷ ഇങ്ങനെ ജനപ്രീതിയാര്‍ജിച്ചതോടെ മറ്റു വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മാണത്തിലേയ്ക്കും തിരിഞ്ഞു എന്നതാണ് അരുണ്‍ കുമാറിന്റെ കലാവിരുതിനെ ശ്രദ്ധേയമാക്കുന്നത്. യഥാര്‍ത്ഥ വാഹനങ്ങളിലുള്ള മിക്കവാറും എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചു കൊണ്ടാണ് അരുണിന്റെ നിര്‍മാണമെന്നതും എടുത്തു പറയണം. അങ്ങനെ ഓട്ടോറിക്ഷകള്‍ക്കു പിന്നാലെ ചെറിയ ജീപ്പും മോട്ടോര്‍ സൈക്കിളും കൂടി അരുണ്‍ നിര്‍മിച്ചു കഴിഞ്ഞു.

ഉപയോശൂന്യമായ വസ്തുക്കളാണ് അദ്ദേഹം മിനിയേച്ചറുകളുടെ നിര്‍മാണത്തിനായി ഏറെയും ഉപയോഗിക്കുന്നത്. പഴയ ഡിഷ് ടിവി, സ്റ്റൗ, തടി, ഷൂ സോള്‍, മൊബൈല്‍ ചാര്‍ജര്‍, മെമ്മറി കാര്‍ഡ് സ്ലോട്ട്, സ്പീക്കര്‍ എന്നിവയൊക്കെ ഇങ്ങനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിപണിയില്‍ ലഭ്യമായ ഇത്തരം കളിപ്പാട്ടങ്ങളേക്കാള്‍ അറുപത് ശതമാനം വരെ വിലക്കുറവില്‍ ഇവ നിര്‍മിക്കാനാവുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ആവശ്യക്കാരിലേയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അരുണ്‍ ഇപ്പോള്‍. അതിനൊപ്പം ആശുപത്രികള്‍ക്കായി സാധാരണവിലയുടെ പകുതി വിലയ്ക്ക് വീല്‍ ചെയര്‍ നിര്‍മിക്കുച്ചു ന്ല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.