May 26, 2023 Friday

Related news

April 11, 2023
February 20, 2023
February 20, 2023
July 9, 2022
June 23, 2022
April 15, 2022
January 31, 2022
September 11, 2021
September 4, 2021
September 2, 2021

ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി ഒരു രാജ്യത്തിനും വിജയിക്കാനാവില്ല: മന്ത്രി കെ ടി ജലീൽ

Janayugom Webdesk
December 30, 2019 6:50 pm

കണ്ണൂര്‍: ചരിത്രം നാൾക്കുനാൾ നവീകരിക്കണമെന്ന സന്ദേശം മുന്നോട്ട് വെച്ച് 80താമത് ദേശീയ ചരിത്ര കോൺഗ്രസ്സ് സമാപിച്ചു. മുന്നൂ ദിവസങ്ങളിലായി കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചരിത്ര കോൺഗ്രസ്സ് കാലിക പ്രസക്തിയുള്ള പ്രബന്ധങ്ങൾകൊണ്ടും ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന വിവിധങ്ങളായ പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമായി. പ്രശസ്ത ചരിത്രകാരന്മാരായ ഇർഫാൻ ഹബീബ്, അമിയ കുമാർ ബാഗ്ചി, മഹാലക്ഷ്മി രാമകൃഷ്ണൻ, ഡോ കെ കെ എൻ കുറുപ്പ്, പ്രൊഫസർ ഡോ. രാജൻ ഗുരുക്കൾ, പ്രൊഫസർ രാജൻ വെളുത്താട്ട് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രബന്ധാവതരണം നടത്തി.
ആധുനിക ഇന്ത്യ, സമകാലീന ഇന്ത്യ, മധ്യകാല ഇന്ത്യ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. 1200 ഓളം പ്രബന്ധങ്ങളാണ് ആറ് വ്യതസ്ത വിഷയങ്ങളിലായി അവതരിപ്പിച്ചത്. കേരള ചരിത്രവും ദളിത് ചരിത്രത്തെ ഭാഗമാക്കി സിമ്പോസിയവും സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിന് മേലുള്ള ചർച്ചകൾ ചരിത്ര കോൺഗ്രസ്സിൽ മുഴങ്ങി നിന്നു. ഇതിനു പുറമെ ഇന്ത്യയുടെ നാൾവഴികൾ, മഹാഭാരതം തൊട്ട് ശബരിമല വിഷയം വരെയുള്ള ഇന്ത്യയിലെ സ്ത്രീ ജീവിതങ്ങൾ, ഇന്ത്യയിലെ ദലിത് സാഹിത്യം തുടങ്ങി വ്യത്യസ്തങ്ങളായ പാനൽ ചർച്ചകളും ചരിത്രകോൺഗ്രസ്സിനെ സമ്പന്നമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ ഉൾക്കൊള്ളിച്ച് അരങ്ങേറിയ കലാപരിപാടികളും കണ്ണൂരിൽ എത്തിച്ചേർന്ന ചരിത്രകാരന്മാർക്കും വിദ്യാർത്ഥികൾക്കും നവ്യാനുഭവം പകർന്നു. മുളം ചെണ്ട, അലാമികളി, മംഗലംകളി, മുടിയേറ്റ്, ദഫ്മുട്ട് തുടങ്ങി കലാപരിപാടികൾ കേരളത്തിന്റെ കലാപാരമ്പര്യം വിളിച്ചോതുന്നവയായിരുന്നു. ഏകദേശം 2000ത്തോളം പ്രതിനിധികളാണ് ചരിത്ര കോൺഗ്രസിന്റെ ഭാഗമായത്.

ന്യൂനപക്ഷങ്ങളെ തടവറകളിൽ പാർപ്പിച്ചും തരംതാഴ്ത്തിയും ഒരു ഭരണകൂടവും വിജയിച്ചിട്ടില്ലെന്നും അവരെ തിരസ്കരിച്ച രാജ്യങ്ങൾ പരാജയപ്പെട്ടതാണ് ചരിത്രമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പ്രൊട്ടസ്റ്റന്റ് ന്യൂനപക്ഷങ്ങളെ പുറത്താക്കിയത് ഫ്രാൻസിന്റെ പതനത്തിന് വഴിയൊരുക്കിയതായി ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അഡോൾഫ് ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്തിരുന്നില്ലെങ്കിൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സാമ്പത്തിക ശക്തിയായി ജർമനി മാറിയേനെ. മുസ്ലിം ന്യൂനപക്ഷത്തെ പുറത്താക്കിയ ശേഷമുള്ള സ്പെയിൻ അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും എടുത്തെറിയപ്പെടുകയായിരുന്നു. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരാണ് ന്യൂനപക്ഷങ്ങളെന്നത് ചരിത്ര വസ്തുതയാണ്. ഇന്ത്യാ രാജ്യത്തെയും സ്ഥിതി മറിച്ചല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഓരോ മതവും സമൂഹവും മറ്റു മതങ്ങളെയും സമൂഹങ്ങളെയും ആകർഷകവും തിളക്കമുള്ളതുമായി മാറ്റിയതാണ് ചരിത്രം. വൈജാത്യങ്ങൾക്കിടയിലെ ഈ ഐക്യം ഇന്ത്യയുടെ മാത്രം സവിശേഷതയാണ്. ജനാധിപത്യ‑മതേതര സങ്കൽപ്പങ്ങൾക്കു വിരുദ്ധമായി ഒരു മതരാജ്യമായി ഇന്ത്യ മാറിയാൽ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും മറ്റും പേരിലുള്ള ഒടുങ്ങാത്ത സംഘർഷങ്ങളാൽ അസ്വസ്ഥമാവുകയാവും ഫലം.

ഭരണഘടനാ തത്വങ്ങളെ അട്ടിമറിച്ച് രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേൽപ്പിക്കാൻ നടക്കുന്ന ധൃതിപിടിച്ച ശ്രമങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ നടക്കുന്ന വിവേചനപരമായ നീക്കങ്ങളെ അപലപിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യേണ്ടത് ചരിത്രകാരൻമാരുടെ കടമയാണ്. മൂന്ന് അയൽരാജ്യങ്ങളിലെ പീഡിത മതന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്ന പുതിയ നിയമം മുസ്ലിംകളെ മാത്രം മാറ്റിനിർത്തിയിരിക്കുന്നു. മതപീഡനമാണ് അഭയം നൽകുന്നതിനുള്ള മാനദണ്ഡമെങ്കിൽ പാകിസ്താനിൽ മറ്റേത് വിഭാഗങ്ങളെക്കാളും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്ന അഹ്മദിയ്യാ വിഭാഗത്തെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും മന്ത്രി ചോദിച്ചു. ഇന്ത്യൻ ജനാധിപത്യം നിർണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടുപോവുമ്പോഴാണ് എൺപതാമത് ചരിത്ര കോൺഗ്രസ് നടക്കുന്നതെന്ന സവിശേഷതയുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ ജാതിമതഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന സന്ദർഭമാണിത്. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങളെ പോലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൂരമായി നേരിടുന്നത് നാം കാണുന്നു. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന പ്ലക്കാർഡ് പിടിച്ചതിന് വിഖ്യാത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്ത ബെംഗളൂരു പൊലിസ് നടപടി തന്നെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയെ അടിമത്വത്തിന്റെ സാക്ഷ്യമായി വ്യാഖ്യാനിച്ച ചില വിഭാഗങ്ങൾ അത് തകർത്ത് മനുസ്മൃതിയെ പകരം കൊണ്ടുവരാനുള്ള ശ്രമത്തിലാണിന്ന്. അതിന് അവർക്കു മുമ്പിലെ പ്രധാന തടസ്സം രാജ്യത്തിന്റെ മതേതര ചരിത്രമാണ്. ആ ചരിത്രത്തെയും അതുവഴി നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഒരുമിച്ചു പോരാടേണ്ട സമയമാണിത്. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ നേർവഴിയിൽ മുന്നോട്ടുനയിക്കാൻ ചരിത്രകാരൻമാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി. ഹിസ്റ്ററി കോൺഗ്രസ് സുവനീർ പുതിയ പ്രസിഡന്റ് പ്രഫ. അമിയ കുമാർ ബാഗ്ചിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. പിവിസി ഡോ. പി ടി രവീന്ദ്രൻ, ഹിസ്റ്ററി കോൺഗ്രസ് ലോക്കൽ സെക്രട്ടറി ഡോ. പി മോഹൻദാസ്, സിന്റിക്കേറ്റ് അംഗങ്ങളായ ബിജു കണ്ടക്കൈ, എ നിഷാന്ത്, ഡോ. വി പി പി മുസ്തഫ, ഡോ. ജോൺ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

ശബരിമല സ്ത്രീ പ്രവേശനം ചർച്ച ചെയ്ത് ചരിത്ര കോൺഗ്രസ്
ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ അവസാന ദിനം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയും ലിംഗ സമത്വവും ചർച്ചയായി. ശബരിമലയും കേരളത്തിലെ സ്ത്രീകളുടെ വ്യക്തിത്വവും എന്ന വിഷയത്തിൽ പാർവതി മേനോനും, സ്ത്രീ ശരീരത്തിന്റെയും ലൈംഗികതയുടെയും ലിംഗവത്കരണം എന്ന വിഷയത്തിൽ ഡൽഹി സർവകലാശാലയിലെ ശാലിനി ഷായുമാണ് പ്രബന്ധം അവതരിപ്പിച്ച് ലിംഗസമത്വം ചർച്ചയാക്കിയത്.

കേരള സമൂഹത്തിൽ സ്ത്രീകളുടെ വ്യക്തിത്വം സംബന്ധിച്ച വൈരുദ്ധ്യമാണ് ശബരിമല വിഷയം കാണിക്കുന്നതെന്ന് പാർവതി മേനോൻ പറഞ്ഞു. സ്ത്രീകളെ തരംതാഴ്ത്തുന്ന ആചാരങ്ങൾക്കെതിരായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ആ പ്രക്രിയ പൂർത്തിയാക്കിയില്ലെന്നതാണ് ഇതിന് ഒരു കാരണമെന്ന് അവർ പറഞ്ഞു. കേരളത്തിൽ വീടിനകത്തും കുടുംബത്തിലും സ്ത്രീ പുരുഷ ബന്ധത്തിലും സ്ത്രീകൾക്ക് സ്വയംഭരണം ഇല്ലാത്തത് ഇതിന്റെ തെളിവാണെന്നും അവർ പറഞ്ഞു. കേരളത്തിൽ സ്ത്രീ വിമോചനം ഏതാനും ചട്ടക്കൂടുകളിൽ മാത്രമാണ് സംഭവിച്ചത്. പുതിയ രീതിയിലുള്ള അടിച്ചമർത്തലുകൾക്ക് കേരള സ്ത്രീ ഇരയാവുകയാണ്. പിതൃദായക്രമത്തിന്റെ ഇരയാണ് സ്ത്രീയെന്നും അതിനു കാരണം ലിംഗമാണെന്നും ഇ എം എസ് അഭിപ്രായപ്പെട്ടിരുന്നതായി പാർവതി മേനോൻ പറഞ്ഞു.

ചരിത്രാന്വേഷണത്തിന്റെ ഒരു മേഖല എന്ന നിലയിൽ മനുഷ്യ ശരീരത്തെ ചരിത്രകാരന്മാർ ഇത്രയും കാലം അവഗണിച്ചുവെന്ന് ഡൽഹി സർവകലാശാലയിലെ ശാലിനി ഷാ പറഞ്ഞു. സ്ത്രീശരീരത്തെക്കുറിച്ച് സമൂഹ മനസാക്ഷിക്ക് ചിന്തിക്കാൻ, അസ്വസ്ഥരാക്കാൻ ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന് കഴിഞ്ഞതായി അവർ പറഞ്ഞു. ബ്രഹ്മചാരിയായ പ്രതിഷ്ഠയെ ഒരു പ്രത്യേക പ്രായപരിധിയിൽപെട്ട സ്ത്രീയുടെ സാന്നിധ്യം മലിനീകരിക്കുന്നതിനു പുറമെ ഭീഷണിയാവുന്നുവെന്നും പക്ഷം പിടിക്കുന്നത് സംസ്കൃത, ബ്രാഹ്മണ പാരമ്പര്യമാണെന്നും അവർ പറഞ്ഞു. അരുൺ ബന്ദോപാധ്യായ, ഉമ ചതോപാധ്യായ, ഷിറീൻ മൂസ്വി, രാജശേഖർ ബസു എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉത്സ പട്നായിക് അധ്യക്ഷയായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.