8 December 2024, Sunday
KSFE Galaxy Chits Banner 2

ചരിത്രം പിന്നോട്ട് നടക്കുന്നു

അജിത് കൊളാടി
വാക്ക്
November 2, 2024 4:30 am

ഹിന്ദുമതത്തിന്റെ അടയാളങ്ങളെ ഇന്ന് ദേശീയ ഫാസിസം രൂപാന്തരപ്പെടുത്തുകയാണ്. നമ്മുടെ ദേവന്മാരെ അവർ മോഷ്ടിച്ചു, ദുർവ്യാഖ്യാനിച്ചു. സന്യാസത്തിന്റെ ഉടുതുണിയെ വികൃതമാക്കി. നമ്മുടെ മിച്ചമൂല്യം എങ്ങനെ മൂലധനമായി രൂപപ്പെടുന്നുവോ അതുപോലെ പാവപ്പെട്ടവരുടെ ഭക്തിയും ദൈവങ്ങളും ഭാഷയും തെയ്യക്കോലങ്ങളും സൗന്ദര്യരൂപങ്ങളും ഒരിടത്ത് സമാഹരിക്കപ്പെടുകയും, ആ സാംസ്കാരിക മൂലധനമുപയോഗിച്ച് ജനങ്ങളെ കൂടുതൽ നിസ്വരാക്കി തീർക്കുകയും ചെയ്യാമെന്ന് ഫാസിസം കണ്ടെത്തിയിരിക്കുന്നു. അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ കരുക്കളാകാൻ, ജനങ്ങളെ അതിനുവേണ്ടി സന്നദ്ധരാക്കാൻ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞു. അയോധ്യയെ ഒരു രാഷ്ട്രീയ ലക്ഷ്യമായി കാണുകയും അതിലൂടെ സാംസ്കാരിക ആധിപത്യം നേടാമെന്ന് നാം ഉറങ്ങിക്കിടക്കുമ്പോൾ മനസിലാക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളുടെ ഒരു വിജയം.
ചരിത്രത്തെ ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് പിന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഫാസിസത്തിന്റെ തന്ത്രം. ചരിത്രത്തെ പിറകോട്ട് കൊണ്ടുപോയി, അവരുണ്ടാക്കിയ ശ്രീരാമനും ശ്രീകൃഷ്ണനും ജനമനസിൽ വാഴുമ്പോൾ ഇന്ത്യയുടെ ഉടമാവകാശം അവർക്കായിത്തീരുന്നു എന്നതാണ് ചരിത്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനർത്ഥം. ചരിത്രത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട കരു ഇന്ത്യൻ സംസ്കാരത്തിന്റെ അർത്ഥഭേദങ്ങളാണ്. ഇന്ത്യയുടേത് ഒരു സങ്കീർണ സംസ്കാരമാണെന്നും രാജ്യത്തുള്ള ലോകാത്ഭുതമായ താജ്മഹൽ ഒരു മുസൽമാന്റെ കണ്ണുനീർത്തുള്ളിയാണെന്നും ഈ കണ്ണുനീർത്തുള്ളിയുടെ സൗന്ദര്യമാണ് (ദുഃഖത്തിന്റെ സൗന്ദര്യം) രാമായണത്തെപ്പോലെ പ്രഖ്യാപനം ചെയ്യുന്നത് എന്ന് നാം നിരന്തരം വിളിച്ചുപറയണം. 

ദീർഘകാലമായി ശുദ്രരായി ജീവിച്ച ജനങ്ങളുടെ അടിമത്ത മനഃസ്ഥിതിയെ ചൂഷണം ചെയ്യാൻ, വൈശ്യ ക്ഷത്രിയ, ബ്രാഹ്മണ ജനവർഗങ്ങൾക്ക് കഴിയുന്നുവെന്നത് ഇന്ത്യൻ സംസ്കാരത്തിലെ പ്രധാനപ്പെട്ട ഘടകമാണ്. ബ്രാഹ്മണ്യം നിരന്തരം കല്പിച്ചു. തങ്ങളുടെ കല്പന മറ്റു ജാതികൾ സ്വീകരിക്കുമ്പോൾ കല്പിക്കുവാനുള്ള ചാതുര്യം കൂടും. ഇതാണ് നാം അറിയാതെ തന്നെ ഇന്ത്യൻ സംസ്കാരത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വസ്തുത. ഉയർന്ന ജാതിക്കാരന്റെ ആജ്ഞാശക്തി ഉപയോഗിച്ചുകൊണ്ടാണ് പലപ്പോഴും രാഷ്ട്രീയം പ്രവർത്തിക്കുന്നത്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ജനതയുടെ അലസതയിൽ നിന്നാണ് ഫാസിസം കരുത്താർജിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ആർഎസ്എസ് എവിടെയായിരുന്നു എന്നു ചോദിക്കാൻ നാം നിരന്തരം മറക്കുന്നു. ഫാസിസം ആദ്യമായി അതിന്റെ കൃത്യമായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ഗാന്ധിയെ വധിക്കാനാണ് എന്ന് ഓർക്കുക.
എങ്ങനെയാണ് അവർണ ജനതയെ ഫാസിസ്റ്റ് മൊത്തകച്ചവടക്കാർ വിലയ്ക്കെടുക്കുന്നത് എന്ന് മനസിലാക്കണം. രാജ്യത്തെ ഒറ്റുകൊടുത്ത ഫാസിസ്റ്റുകൾ ഇന്ന് കീഴാളരുടെ മോചകരായി അഭിനയിക്കുന്നത് ചരിത്രത്തിലെ വലിയൊരു ആഭാസ പ്രവർത്തനമാണ്. രഥയാത്ര നടത്തുന്നവർക്ക് ഇന്ത്യയെ മനസിലാവില്ല. സിംഹാസനം ഉപേക്ഷിച്ച രാമനുവേണ്ടി കാവിയുടുക്കുന്നത് സിംഹാസനം നിലനിർത്താൻ മാത്രം. ഇവർ രാഷ്ട്രീയാതീതമായ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യമനസിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ബിംബങ്ങളെയുണ്ടാക്കി, വിശ്വാസങ്ങളെ ഉപയോഗിച്ച് രാജ്യം ഭരിക്കുന്നു. 

ഫാസിസ്റ്റുകൾ ചരിത്രവും പുരാണവും ദുർവ്യാഖ്യാനിക്കുന്നു, വികൃതമാക്കുന്നു. ക്ഷേത്രനിർമ്മാണത്തിലൂടെ ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴലും, ഭരതൻ കാത്തുസൂക്ഷിച്ച ഭ്രാതൃസ്മരണയുടെ ചെരിപ്പും, ഒരു പക്ഷിയെ രക്ഷിക്കാന്‍ സ്വന്തം ശരീരം ഉപേക്ഷിക്കാൻ മാത്രം കരുണാധീരനായ ശിബിയുടെ സ്മരണയും ദേവന്മാർക്ക് ആയുധമുണ്ടാക്കാൻ സ്വന്തം അസ്ഥി ദാനം നൽകിയ ദധീചിയുടെ ദാനശീലവും അവർ സരയൂ നദിയിലേക്ക് വലിച്ചെറിഞ്ഞു. യുഗപുരുഷരെ അവർ തട്ടിയെടുത്തു. ഇതിനെയാണ് പണ്ഡിതർ “ഹെജിമോണിക്ക് അപ്രോപ്രിയേഷൻ” എന്നു വിളിക്കുന്നത്. വിശ്വചിന്തകൻ ബ്രഹ്തോൾഡ് ബ്രഹത് പറയുന്നു — “ലക്ഷ്യം നേടാനായി നമ്മുടെ കാലഘട്ടത്തിൽ ധാന്യങ്ങളും കന്നുകാലികളും നശിപ്പിക്കപ്പെടാറുണ്ട്. സംസ്കാരത്തിന്റെ നശീകരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.”
“പാർട്ടികൾ വിശ്വാസത്തെ രാജ്യത്തിനു മുകളിൽ പ്രതിഷ്ഠിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം വീണ്ടും ഒരിക്കൽ കൂടി അപകടത്തിലാകും. ഒരുപക്ഷെ എന്നന്നേക്കുമായി നഷ്ടപ്പെടും” എന്ന അംബേദ്കറുടെ ഭയം യാഥാർത്ഥ്യമായിരിക്കുന്നു. ഗാന്ധിജി എന്നും വർഗീയതയെ, മതമൗലികവാദത്തെ ആത്മീയതയുടെ നേർവിപരീതമായാണ് കണ്ടത്. തീർത്ഥാടന കേന്ദ്രങ്ങൾക്ക് വിശുദ്ധി നഷ്ടമായെന്ന് അദ്ദേഹം അന്നേ പറഞ്ഞു. ഇന്ന് ദേവാലയങ്ങളിൽ എത്തുന്ന പ്രമുഖർക്കാണ് ദൈവത്തെക്കാൾ പ്രാധാന്യം. വെറുതെയല്ല ഗാന്ധിജി പറഞ്ഞ് ദേവാലയങ്ങൾക്ക് വിശുദ്ധി നഷ്ടമായെന്ന്. സത്യമല്ലാതെ വേറെ ദൈവമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ഏത് പേരെടുത്തുവിളിച്ചാലും ദൈവം ഒന്നു തന്നെ എന്നും പറഞ്ഞു. 

ഫാസിസം സമഗ്രാധിപത്യം സ്ഥാപിക്കുമ്പോൾ ജനാധിപത്യം ജീർണിക്കും. അത് നാം കാണുന്നു. അപ്രമാദിത്ത പരിവേഷമുള്ള വ്യക്തികൾക്കുചുറ്റും സ്തുതിപാഠകർ നിറയുന്നു. അവർക്കു ചുറ്റും സ്തുതിപാഠകരും അധികാര ദല്ലാളന്മാരും, ഉദ്യോഗസ്ഥവൃന്ദവും പദവിമോഹികളും നിറഞ്ഞുകവിയുമ്പോൾ രാഷ്ട്രീയം വിസ്മരിക്കപ്പെടുന്നു. ഗഹനമായ ചർച്ചകൾ ഉണ്ടാവില്ല, എല്ലാം അപദാനങ്ങൾ മാത്രം. അപ്പോൾ ജനാധിപത്യത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നു. നിയമവും നീതിയുമെല്ലാം വ്യത്യസ്ത തലങ്ങളിലാണ് പ്രയോഗവൽക്കരിക്കുന്നത്. സ്വാധീനവും സമ്പത്തും അധികാരവുമുള്ളവർക്ക് ഒരു നീതിയും, സാധാരണക്കാർക്ക് മറ്റൊന്നും. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ ആശ്രിതവത്സര്‍ എന്ത് അനീതി കാണിച്ചാലും ഒരു മടിയുമില്ലാതെ രക്ഷിക്കുന്നു. അധികാരം നേടിയെടുക്കാനും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനുമുള്ള അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവണത ജനാധിപത്യത്തിന്റെ വലിയ അപായക്കെണിയായി തുടരുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യൻ സാംസ്കാരിക ഭൂപടം ആകെ മാറിപ്പോയി. ഇത് സാംസ്കാരിക കയ്യേറ്റങ്ങളുടെ ചരിത്രകാലമാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ ഉടച്ചുവാർക്കലുകൾ സാമ്പത്തിക മേഖലയിലെ ദുരന്തപൂർണമായ ഇടപെടലുകൾ, മനുഷ്യാവകാശം തന്നെ ഒരു ദേശവിരുദ്ധക്കുറ്റമാക്കി മാറ്റിയ നിയമ — നീതി ന്യായ പരീക്ഷണങ്ങൾ തുടങ്ങി നിരവധി ആപത് സൂചനകൾ കാണാൻ കഴിയും. ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്ന ബിംബ രാഷ്ട്രീയം വിപുലമായ ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ സങ്കോചരഹിതമായ സാംസ്കാരിക ധ്വംസനം തന്നെയാണ്. ഫാസിസ്റ്റ് ഗർവ് നിറഞ്ഞ രാഷ്ട്രീയമാണ് ബിംബങ്ങളുടെ സാംസ്കാരിക യുക്തിയിലും കാണുന്നത്. ചരിത്ര വ്യക്തിത്വങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയുമെല്ലാം പ്രതിമകൾ ഈ പത്തുവർഷക്കാലയളവിൽ വളരെ ചിട്ടയോടെയും സൂക്ഷ്മതയോടെയും സാംസ്കാരിക ഫാസിസത്തിനുള്ള ജനപ്രിയ ഉപകരണങ്ങളാക്കി മാറ്റിയെടുത്തു.

ജനാധിപത്യം ഒരു കൂട്ടുത്തരവാദിത്തം എന്നതിനുപകരം ഒരു വ്യക്തിയുടെ കീഴിലുള്ള അധികാര കേന്ദ്രീകരണമായി മാറുന്നു, കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും. ആധുനിക ജനാധിപത്യത്തിൽ ഏകാധിപത്യ പ്രവണതകൾ എപ്പോഴും ഉണ്ടാകുന്നത് നേതാവ് എന്ന സങ്കല്പത്തെ ഉദാത്തവൽക്കരിക്കാനുള്ള രാഷ്ട്രീയ സാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോഴാണ്. സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ രാഷ്ട്രീയ വ്യവസ്ഥ നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ നേതൃവാഴ്ത്തലുകളില്‍ കാണാൻ കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ ഏകാധിപത്യം ശക്തിപ്രാപിക്കും, ജനാധിപത്യം തളരും.

ജനാധിപത്യം സുതാര്യതയാണ്. നീതി, സാഹോദര്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം, മുതലായ ആദർശങ്ങൾ നക്ഷത്രങ്ങളെപ്പോലെ പരിഭ്രമണം ചെയ്യുന്ന ക്ഷീരപഥമാണ് ഭരണഘടന. അതിനെ എന്തുവില കൊടുത്തും സംരക്ഷിക്കണം. ജനാധിപത്യം ഒരു വലിയ വാഗ്ദാനമാണ്. രാഷ്ട്രത്തെ വിഭാവനം ചെയ്യേണ്ടത് അത് നൽകുന്ന വാഗ്ദാനങ്ങളുടെ പേരിലും അത് പ്രാവർത്തികമാക്കപ്പെടുന്നതിന്റെ പേരിലും ആവണം. ജനാധിപത്യം നീതിയുടെ ഉറവിടവും വിയോജിപ്പിന്റെ കലയുമാണ്. അതിൽ സമത്വത്തിന് സുപ്രധാന സ്ഥാനമുണ്ട്. നീതി, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയിരിക്കണം. ജനാധിപത്യത്തെ നെഞ്ചോടുചേർത്ത് പോരാടണം. ചരിത്രവും സംസ്കാരവും വസ്തുനിഷ്ഠമായി, സത്യസന്ധമായി പ്രതിപാദിപ്പിക്കപ്പെടണം. മാനവിക ചിന്തകൾ വ്യാപരിക്കണം. മനുഷ്യൻ മുന്നോട്ടു നടക്കണം ചിന്തകളിലൂടെ സാഹോദര്യവും സഹിഷ്ണുതയും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ടാകണം മുന്നോട്ടുള്ള നടത്തം. അതാണ് മാർഗവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.