June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അനന്തമായി നീളുന്ന അഭയാകേസ്

By Janayugom Webdesk
കൊച്ചി
June 23, 2022

കോളിളക്കം സൃഷ്ടിച്ച അഭയാകേസ് വീണ്ടും വ്യവഹാരക്കുരുക്കുകളിലേക്കും വാദപ്രതിവാദങ്ങളിലേക്കും നീളുന്നു. കേസിനാസ്പദമായ സംഭവം നടന്ന് 28 വര്‍ഷത്തിനു ശേഷം ഒന്നാം പ്രതിയായ വൈദികനെയും മൂന്നാം പ്രതിയായ കന്യാസ്ത്രീയെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും ഇരുവര്‍ക്കും അപ്പീലിന്റെ പിന്‍ബലത്തില്‍ ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്നാനായ കത്തോലിക്കാ സഭയില്‍ അംഗമായ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ലോക്കല്‍ പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. പിന്നീട് അന്വേഷണ ചുമതല സിബിഐ ഏറ്റെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ പലവട്ടം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ശാസ്ത്രീയ അന്വേഷണം തുടരാനായിരുന്നു കോടതി ഉത്തരവിട്ടത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിരന്തര ഇടപെടലും ഹര്‍ജികളുമാണ് അതിനു വഴിയൊരുക്കിയത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ തുടങ്ങും മുമ്പേ കുറ്റവിമുക്തനാക്കിയിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ ക്കോടതിയുടെ ശിക്ഷാവിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിശ്വസനീയമല്ലാത്ത രണ്ട് സാക്ഷിമൊഴികള്‍ മാത്രം വച്ചാണ് തങ്ങളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.
നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്പ് തോമസ് കോട്ടൂർ വാദിച്ചിരുന്നു. കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോട്ടൂർ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റർ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടെയും അഭിഭാഷകരുടെ വാദവും ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവർ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാന്‍ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആസൂത്രിതനീക്കം നടത്തിയെന്ന് പരാതിയുണ്ടായിരുന്നു. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ മുതലുള്ളവർ രേഖകളിൽ തിരുത്തൽ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകൾ ക്രൈംബ്രാഞ്ച് നശിപ്പിച്ചതും കോടതിയുടെ വിമര്‍ശനത്തിനിരയായി. രണ്ടാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്‌പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗൺസിൽ കണ്‍വീനര്‍ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹ‍ർജിയിൽ നിന്നാണ് കോടതി ഇടപെടൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി. 

28 വർഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോ പരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്റ്റിനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്‌പി സാമുവലിനെയും, എസ്‌പി കെ ടി മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹ‍ർജി പരിഗണിച്ച് ഫാ. ജോസ് പൂതൃക്കയിലിനെയും കെ ടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങൾ പറഞ്ഞ് വിചാരണ ഒഴിവാക്കാനായി പ്രതികളുടെ ശ്രമമുണ്ടായി. ഒടുവിൽ സുപ്രീം കോടതി നിർദേശ പ്രകാരം തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ എട്ട് സാക്ഷികൾ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ വിധി വന്നത്. 

Eng­lish Sum­ma­ry: his­to­ry of abhaya case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.