27 March 2024, Wednesday

സിഎംഎസ് കോളജിന്റെ ചരിത്രം ചുവര്‍ ശില്പങ്ങളിലൂടെ

Janayugom Webdesk
കോട്ടയം
March 14, 2022 10:09 pm

കലാലയ മുത്തശിയായ സിഎംഎസ് കോളജിന്റെ ചരിത്രനിമിഷങ്ങൾ ചുവര്‍ശില്പങ്ങളായി പുനർജനിക്കുന്നു. 200 വർഷം പിന്നിടുന്ന സിഎംഎസ് കോളജിന്റെ ചരിത്രത്തിലെ നിർണായകമായ 60 ചരിത്ര മുഹൂർത്തങ്ങളാണ് 5000 ചതുരശ്രയടിയിൽ ചുവർ ചിത്രങ്ങളാകുന്നത്. കോളജിലേക്ക് പ്രവേശിക്കുന്ന റോഡിൽ ഇരുവശങ്ങളിലുമുള്ള മതിലുകളിലാണ് ശില്പങ്ങളും രൂപങ്ങളുമായി ചരിത്രം പുനരാവിഷ്കരിക്കുന്നത്. 

സിഎംഎസ് കോളജിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രം കൂടിയാണ്. 60 ഫ്രെയിമുകളിലായി ഒരുങ്ങുന്ന ചിത്രശില്പങ്ങളിൽ വിദ്യാഭ്യാസ നവോത്ഥാനം, സ്ത്രീകളുടെ ഉന്നമനം, പ്രകൃതി, മനുഷ്യൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സിഎംഎസ് കോളജ് നടത്തിയ ഇടപെടലുകൾ എന്നിവ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി മൂന്നു പെൺകുട്ടികൾ കലാലയത്തിൽ പഠനത്തിനായി ചേർന്നത് ഈ കോളജിലാണ്. ഈ ചരിത്രസംഭവമാണ് ചുവർ ശിൽപത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടത്തിയ പന്തിഭോജന സമരത്തിൽ കോളജ് പങ്കു ചേർന്നതും സ്വാതി തിരുനാൾ കോളജിലെത്തി ബെഞ്ചമിൻ ബെയ്ലി പ്രസ് കണ്ടിട്ട് ഇതേപോലെത്തെ പ്രസ് തിരുവിതാംകൂറിലും വേണമെന്ന് ആവശ്യപ്പെടുന്ന സംഭവങ്ങളുമെല്ലാം ശിൽപങ്ങളായിക്കഴിഞ്ഞു. 

കോളജുകളിൽ ആദ്യമായി മാഗസിൻ പുറത്തിറങ്ങുന്നത് സിഎംഎസിലാണ്. ഇതിന്റെ ശില്പവും കോളജുമായി ബന്ധപ്പെട്ട നിരവധി മൂഹൂർത്തങ്ങളും ഇനി കോളജിന്റെ ചുവരുകളിലൂടെ വിദ്യാർഥികളോടു സംവദിക്കും. സബിത കടന്നപ്പള്ളി, അജിത പ്രഭാകരൻ, എം പി നിഷാദ്, പി വി വിഷ്ണു, കെ യു ശ്രീകുമാർ , സുനിൽ തിരുവാണിയൂർ, പ്രമോദ് ഗോപാലകൃഷ്ണൻ (തൃശൂർ), ബിജു സി ഭരതൻ, സജി റാഫേൽ, ഗണേഷ്, ശിവരാമൻ, പി വി എബിൻ എന്നിവരടങ്ങുന്ന കലാകാരന്മാരുടെ സംഘമാണ് ചരിത്രം തീർക്കുന്നത്.
ചുമരുകളിൽ സിമന്റും മണ്ണും വെള്ളവും കൂട്ടിക്കുഴച്ച് പിടിപ്പിച്ച് അതിൽ വരച്ചെടുക്കുന്ന റിലീഫ് സ്കൾപ്ച്ചർ രീതിയിലാണ് ചിത്രങ്ങൾ. 25 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ലളിതകലാ അക്കാദമി മുൻ എക്സിക്യൂട്ടീവംഗം കൂടിയായ ആർട്ടിസ്റ്റ് ടി ആർ ഉദയകുമാറാണ് പ്രോഗ്രാം കോഓർഡിനേറ്റർ.

Eng­lish Sum­ma­ry: His­to­ry of CMS Col­lege through wall sculptures
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.