Friday
19 Jul 2019

ടാറില്‍ എഴുതപ്പെട്ട ചുവരെഴുത്തുകള്‍- ഫ്ലാഷ് ബാക്ക്

By: Web Desk | Sunday 21 April 2019 2:22 PM IST


യു വിക്രമന്‍

പ്രജാമണ്ഡലം രൂപം കൊണ്ട 1941 ജനുവരി 26 ന്റെ പ്രഭാതം പൊട്ടിവിടര്‍ന്നത് തൃശൂര്‍ നഗരവാസികളെ വിസ്മയപ്പെടുത്തിയ ചുവരെഴുത്തുകളിലൂടെയായിരുന്നു. തൃശൂരും കൊച്ചിയിലും പ്രധാന നഗര കേന്ദ്രങ്ങളില്‍ രാജവാഴ്ചയ്‌ക്കെതിരെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ‘നാട്ടുരാജാക്കന്മാരെ നാടുകടത്തുക, സാമ്രാജ്യത്വം നശിക്കട്ടെ, ബ്രിട്ടീഷ് ഭരണം കെട്ടുകെട്ടിക്കും’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ തൃശൂര്‍ പട്ടണത്തില്‍ കൊച്ചി രാജാവിന്റെ സ്റ്റാച്യൂ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടാറില്‍ എഴുതപ്പെട്ട വലിയ അക്ഷരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

യഥാര്‍ഥത്തില്‍ ഈ ചുവരെഴുത്തു നടത്തിയതിനു പിന്നില്‍ കൊച്ചിയില്‍ അക്കാലത്ത് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പായിരുന്നു. എന്നാല്‍ അന്നു തന്നെയാണ് പ്രജാമണ്ഡലത്തിന്റെ സ്ഥാപക സമ്മേളനം നടന്നത് എന്നതിനാല്‍ കൊച്ചി പൊലീസിന്റെ അന്വേഷണം കേന്ദ്രീകരിച്ചത് പ്രജാമണ്ഡലം പ്രവര്‍ത്തകരില്‍ പ്രമുഖനായ സി കുട്ടന്‍നായരിലാണ്. സിഐഡി റിപ്പോര്‍ട്ട് ചെയ്തത് ചുവരെഴുത്തിനു പിന്നില്‍ സി കുട്ടന്‍ നായരാണെന്നാണ്. അദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് കരുതല്‍ തടവുകാരനായി ഒരു കൊല്ലത്തിലധികം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനു മുമ്പ് കൊച്ചിയില്‍ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കപ്പെട്ട ഒരേ ഒരു രാഷ്ട്രീയ തടവുകാരന്‍ സി കുട്ടന്‍ നായരായിരുന്നു.
സി കുട്ടന്‍ നായര്‍ തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കരക്കാരനാണ്. കുട്ടന്‍നായരും അദ്ദേഹത്തിന്റെ സഹോദരന്‍ സി കൃഷ്ണന്‍ നായരും തിരുവിതാംകൂര്‍ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. ഗാന്ധിയന്‍ പ്രചാരണവുമായി ബന്ധപ്പെട്ടും എഐസിസി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും സി കൃഷ്ണന്‍ നായര്‍ ദീര്‍ഘകാലം ഡല്‍ഹിയിലായിരുന്നു. സി കുട്ടന്‍ നായര്‍ വൈക്കം സത്യഗ്രഹത്തിലും അക്കാലത്ത് തന്നെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന തിരുവാര്‍പ്പ് സമരത്തിലും പങ്കെടുത്തിട്ടുണ്ട്.
തൃശൂരിലെ പ്രസിദ്ധ തറവാട്ടിലെ അംഗമായ കോച്ചാട്ടില്‍ കല്യാണിക്കുട്ടി അമ്മയെയാണ് കുട്ടന്‍നായര്‍ വിവാഹം കഴിച്ചത്. അവരുടെ ദാമ്പത്യ ജീവിതം ക്ലേശകരമായിരുന്നു. കോച്ചാട്ടില്‍ കല്യാണിക്കുട്ടി അമ്മയുടെ തറവാട് വീടാണ് കോടതി ലേലത്തിലൂടെ സ്വന്തമാക്കിയ സിപിെഎയുടെ ജില്ലാ കൗണ്‍സില്‍ ഓഫീസ് നില്‍ക്കുന്ന കീരന്‍ സ്മാരകമന്ദിരം എന്ന കാര്യം ഓര്‍ക്കുക.
പ്രജാമണ്ഡത്തിന്റെ രൂപീകരണത്തോടെ കൊച്ചിരാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ധാരാളമായി മണ്ഡലത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സംഘടന ശക്തമായതോടെ പ്രജാമണ്ഡലത്തിന്റെ വാര്‍ഷിക സമ്മേളനം 1942 ജനുവരി 9,10,11 തീയതികളില്‍ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തില്‍ വെച്ചാണ് നടത്താന്‍ തീരുമാനിച്ചത്. നിത്യേനയെന്നോണം പ്രകടനങ്ങളും പൊതുയോഗങ്ങളും വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നടന്നു. പ്രജാമണ്ഡലത്തിന്റെ സമ്മേളനത്തെ കയ്യും മെയ്യും മറന്ന് ജനങ്ങള്‍ എതിരേല്‍ക്കാന്‍ തുടങ്ങിയതോടെ കൊച്ചിഭരണകൂടം വിറളിപിടിച്ചു. പ്രത്യേകിച്ച് ലോകമഹായുദ്ധം നടക്കുന്ന കാലവുമായിരുന്നതിനാല്‍ ആ സമയത്തിന്റെ മറപിടിച്ച് ദിവാന്‍ ഡിക്‌സണ്‍ സായ്പ് പ്രജാമണ്ഡലത്തിന്റെ സമ്മേളനം നിരോധിച്ച് ഉത്തരവിറക്കി.

Related News