കെ ദിലീപ്

നമുക്ക് ചുറ്റും

March 06, 2020, 5:30 am

ഫാസിസത്തിന്റെ നാള്‍വഴികള്‍: ലോഹ്യ

Janayugom Online

ന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനാണ് ഡോ. രാം മനോഹര്‍ ലോഹ്യ. 1934 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ഡോ. ലോഹ്യയാണ്. ഇന്ന് ഡോ. ലോഹ്യ സ്മരിക്കപ്പെടുന്നത് സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ലോഹ്യ നയിച്ച ഉജ്ജ്വല സമരങ്ങളിലൂടെയാണ്. എന്നാല്‍ നാസികള്‍ ജര്‍മ്മനിയില്‍ അധികാരം കയ്യടക്കുന്ന നാളുകളില്‍ ജര്‍മ്മനിയില്‍ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ‘ഹിറ്റ്ലറിസം ജര്‍മനിയില്‍’ എന്ന് അദ്ദേഹം വിളിച്ച നാസി പ്രത്യയശാസ്ത്രത്തെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കുറിപ്പുകള്‍ ഇന്ന് വിസ്മൃതിയിലാണ്. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി എ ബിരുദമെടുത്തശേഷമാണ് 1929 ല്‍ ഡോ. ലോഹ്യ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായി ചേര്‍ന്നത്.

ജര്‍മ്മനിയില്‍ നാസികള്‍ ഭീകരാക്രമണങ്ങള്‍ ആരംഭിച്ച വര്‍ഷങ്ങളില്‍ അതിനു സാക്ഷിയായ ഡോ. ലോഹ്യ സ്വന്തം പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍പോലും നില്‍ക്കാതെ 1933 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1933 മാര്‍ച്ച് 25 ലെ ‘ഹിന്ദു’ ദിനപത്രത്തില്‍ ‘ഹിറ്റ്ലറിസം’ എന്ന പേരില്‍ ജര്‍മ്മനിയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി “സ്റ്റോം ട്രൂപ്പേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന നാസികളുടെ അര്‍ദ്ധസൈനിക വിഭാഗം പ്രതിപക്ഷത്തിനുനേരെ വ്യക്തിപരമായി ആക്രമണം നടത്തുന്നു. അവരുടെ അനുയായികളുടെ സഹായത്തോടെ”. ഡോ. ലോഹ്യ ഗവേഷണ പ്രബന്ധം ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ച 1933 ഫെബ്രുവരി 25 കഴിഞ്ഞ് മൂന്നു ദിവസങ്ങള്‍ക്കകം ഹിറ്റ്ലറുടെ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി ഉള്‍പ്പെടുത്തിയിരുന്ന ഹെര്‍മന്‍ ഗോറിക്ക് സ്റ്റോം ട്രൂപ്പേഴ്സ് എന്ന തെമ്മാടിക്കൂട്ടത്തെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. ഈ ഗുണ്ടാ പൊലീസിന്റെ ജോലി മറ്റ് പാര്‍ട്ടിയില്‍പ്പെട്ടവര്‍— കമ്മ്യൂണിസ്റ്റുകാര്‍, സ്ത്രീകള്‍, ജൂതന്മാര്‍ ഇവര്‍ക്കെല്ലാമെതിരെ അക്രമം അഴിച്ചുവിടുക എന്നതായിരുന്നു. ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി അധികാരമേറ്റ് ഏതാണ്ട് രണ്ട് മാസത്തിനകമായിരുന്നു ഈ തെമ്മാടിക്കൂട്ടങ്ങളുടെ അക്രമം ആരംഭിച്ചത്. 1933 ഫെബ്രുവരി 27ന് ജര്‍മ്മനിയിലെ പാര്‍ലമെന്റ് മന്ദിരം അഗ്നിക്കിരയായി. സ്റ്റോം ട്രൂപ്പേഴ്സ് എന്ന ഹിറ്റ്ലറുടെ അക്രമിസംഘമാണ് അത് ചെയ്തത് എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. പക്ഷേ ഭയം കാരണം ആരുമത് പറഞ്ഞില്ല.

ഫെബ്രുവരി 28ന് ഈ സംഭവം ഉപയോഗിച്ച് ഹിറ്റ്ലര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. “പൗരത്വസ്വാതന്ത്ര്യത്തിന് നിയന്ത്രണം വന്നു. അഭിപ്രായസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സംഘം ചേരാനുള്ള അവകാശം ഇവയെല്ലം നിരോധിച്ചു. തപാല്‍, ടെലഗ്രാഫ്, ടെലിഫോണ്‍ മുതലായവയുടെ സ്വകാര്യതയ്ക്ക് നിയന്ത്രണം, വീടുകള്‍ വാറണ്ടില്ലാതെ പരിശോധിക്കുവാന്‍ പൊലീസിന് അധികാരം ഇവയെല്ലാം ആ ഒരൊറ്റ ഉത്തരവിലൂടെ ഹിറ്റ്ലര്‍ നടപ്പിലാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെറും 23 വയസുകാരനായിരുന്ന ലോഹ്യ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നരനായാട്ടിന് സാക്ഷിയായി. ജര്‍മ്മനിയില്‍ നിന്ന് ആത്മസുഹൃത്തായ ജവഹര്‍ലാല്‍ നെഹ്റുവിന് അദ്ദേഹം ഇങ്ങനെ എഴുതി. “ഇവിടുത്തെ ഇപ്പോഴുള്ള സാധാരണമായ അനുഭവം സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമായി കാണപ്പെട്ട ജര്‍മ്മന്‍ ചെറുപ്പക്കാര്‍ സ്റ്റോം ട്രൂപ്പേഴ്സ് എന്ന തെമ്മാടിക്കൂട്ടം തെരുവില്‍ നിരപരാധികള്‍ക്കു നേരെ അക്രമം നടത്തുമ്പോള്‍ അതിനെ ഇളിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുന്നതാണ്.” അദ്ദേഹത്തിന്റെ ഏറ്റവും വേദനാജനകമായ അനുഭവം ഹെര്‍മന്‍ ഓണ്‍കെന്‍ എന്ന പ്രിയപ്പെട്ട അധ്യാപകനെ ചില നാസി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാള്‍ട്ടര്‍ ഫ്രാങ്ക് എന്ന ഒരു മുന്‍ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ചരിത്രലേഖനം രാജ്യദ്രോഹമാണെന്നാരോപിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രൊഫസര്‍ പദവിയില്‍ നിന്നും മാറ്റിയതാണ്. “ചരിത്രത്തില്‍ ‍ഞാനടക്കമുള്ള അനേകം വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യം വളര്‍ത്തിയ അധ്യാപകന്‍” എന്നാണ് ലോഹ്യ പ്രൊഫസര്‍ ഹെര്‍മനെ വിശേഷിപ്പിക്കുന്നത്. നാസി തെമ്മാടിക്കൂട്ടം ആ മഹാപണ്ഡിതനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി. പക്ഷെ ഡോ. ലോഹ്യ പില്‍ക്കാലത്ത് “ക്ലാസ് മുറിയിലെ ആ സോഷ്യലിസ്റ്റിന്റെ” പഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. ഡോ. ലോഹ്യയുടെ മറ്റൊരധ്യാപകന്‍ പ്രശസ്തനായ ജര്‍മ്മന്‍ ഫിലോസഫര്‍ മാക്സ് ഡെസയോര്‍, ഫ്രോയിഡ് അടക്കമുള്ള മനഃശാസ്ത്രജ്ഞര്‍ അദ്ദേഹത്തെ ഉദ്ധരിച്ചിട്ടുണ്ട്; അധ്യാപകവൃത്തിയില്‍ നിന്നും പുറത്താക്കപ്പെട്ടു. “മന്ത്രവാദത്തിന്റെ മനഃശാസ്ത്രം” എന്ന പേരില്‍ അദ്ദേഹമെഴുതിയ ലേഖനത്തില്‍ എങ്ങനെയാണ് ഫാസിസ്റ്റുകള്‍‍ യുക്തിരഹിതമായ ആധ്യാത്മികത ഉപയോഗിച്ച് മനുഷ്യമനസുകളെ സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കിയതിന്റെ പ്രതികാരമായിരുന്നു അത്.

ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരും സോഷ്യല്‍ ഡമോക്രാറ്റുകളും സ്ത്രീവാദികളും പുരോഗമനാശയക്കാരും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും ജയിലിലടയ്ക്കപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നതിനും ലോഹ്യ സാക്ഷിയായി. ജര്‍മ്മനിയിലെ പ്രബല രാഷ്ട്രീയ കക്ഷികളായ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും കണ്‍സര്‍വേറ്റീവുകളും തമ്മിലുള്ള കിടമത്സരത്തില്‍ നിര്‍ജ്ജീവാവസ്ഥയിലുള്ള നാസി പാര്‍ട്ടിയെ ഉപയോഗിച്ച് ഹിറ്റ്ലര്‍ എങ്ങനെ അധികാരം പിടിച്ചെടുത്തു എന്ന് ഡോ. ലോഹ്യ പില്‍ക്കാലത്ത് എഴുതിയിട്ടൂണ്ട്. 1932 ജൂണ്‍ 15ന് നാസികളുടെ ഭീകരസംഘങ്ങളായ എസ് എസിന്റെ നിരോധനം നീക്കിയതിന്റെ രണ്ടാം ദിവസം ജൂണ്‍ 17ന് പൊലീസ് അകമ്പടിയോടെ ഹാംബര്‍ഗിനു സമീപമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലേക്ക് കയറിച്ചെന്ന നാസികള്‍ 19 കമ്മ്യൂണിസ്റ്റുകാരെ വെടിവച്ചു കൊല്ലുകയും മുന്നൂറിലധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ ഇന്നും ആ ദിവസം ബ്ലഡി സണ്‍ഡേ എന്നറിയപ്പെടുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും എതിരെയുള്ള നാസികളുടെ അക്രമം ജര്‍മ്മനിയിലെ വന്‍കിട വ്യവസായികള്‍ക്ക് നാസികളെ പ്രിയങ്കരരാക്കി. ഡോ. ലോഹ്യ ഇങ്ങനെ എഴുതുന്നു. “വന്‍കിട വ്യവസായികളില്‍ നിന്നും ഇരുമ്പയിര്‍, കല്‍ക്കരി ഖനന വ്യവസായികളില്‍ നിന്നുമുള്ള സാമ്പത്തിക സഹായമായിരുന്നു നാസികളുടെ കരുത്ത്.

സോഷ്യലിസം നാസികളുടെ പാര്‍ട്ടിയുടെ പേരില്‍ മാത്രമായിരുന്നു. സ്വകാര്യ മൂലധനത്തിന്റെ നിലനില്‍പാണ് അവര്‍ ഉറപ്പാക്കിയത്.” ഇന്ത്യയില്‍ തിരിച്ചെത്തിയ 26 കാരനായ ഡോ. ലോഹ്യ 46 കാരനായ നെഹ്റുവുമായി ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചു. ആദ്യമായി അദ്ദേഹം എഴുതിയ ലഘുലേഖ “പൗരാവകാശങ്ങള്‍ക്കായുള്ള ചെറുത്തുനില്‍പ്” എന്നതായിരുന്നു. “ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുല്യതയില്ലാത്ത നിയമവ്യവസ്ഥയുടെ പ്രതിഫലനമാണ്. അത് നീതിയുടെ തുല്യതയില്ലായ്മയാണ്. അതിനാല്‍ തന്നെ ഒരുവിഭാഗം പൗരന്മാരുടെ പൗരാവകാശങ്ങളുടെ ലംഘനമാണ്.” നാസി ജര്‍മ്മനിയുടെ നേര്‍ക്കാഴ്ചയാണ് സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നാസി ജര്‍മ്മനിയോടടുക്കുന്നതിന് എതിരായി ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ അദ്ദേഹത്തെയും നെഹ്റുവിനെപോലുളള ജനാധിപത്യവാദികളെയും പ്രേരിപ്പിച്ചത്. “ജര്‍മ്മനിയില്‍ പ്രതിപക്ഷത്തെ പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുന്നു. പട്ടാളത്തെ ഉപയോഗിച്ച് ഹിറ്റ്ലര്‍ കമ്മ്യൂണിസ്റ്റുകളെയും ജനാധിപത്യ വാദികളെയും പത്രങ്ങളെയും എല്ലാം ചിഹ്നഭിന്നമാക്കിയിരിക്കുന്നു. പ്രതിപക്ഷത്തിന് പ്രാഥമികമായ സംഘടനാസംവിധാനം പോലും ഇല്ലാതായിരിക്കുന്നു” ഡോ. ലോഹ്യ എഴുതി. ഹ്രസ്വമായ 57 വര്‍ഷത്തെ ജീവിത കാലയളവിനുള്ളില്‍ അമേരിക്കയിലെ വര്‍ണവെറിക്കെതിരെയടക്കം വലിയ സമരങ്ങള്‍ നടത്തി വിജയിച്ചു. ഡോ. ലോഹ്യയുടെ ഫാസിസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഏറ്റവും പ്രസക്തമാവുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്.