Friday
22 Feb 2019

ഇന്‍ഡിഗോ പ്രക്ഷോഭങ്ങള്‍

By: Web Desk | Wednesday 17 January 2018 5:17 PM IST

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്

ബംഗാളിലെ അമരി കര്‍ഷകര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളെയാണ് ഇന്‍ഡിഗോപ്രക്ഷോഭങ്ങളെന്നറിയപ്പെടുന്നത്. വസ്ത്രങ്ങളിലും മറ്റും നിറം കൊടുക്കുന്നതിനുള്ള നീലച്ചായം അമരിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയില്‍ നിന്നും വാങ്ങിക്കൊണ്ടുപോകുന്ന ചരക്കുകളില്‍ ഒരു പ്രധാന വസ്തുവായിരുന്നു ഇത്. ഇതിന്റെ ആവശ്യം അനുദിനം വര്‍ധിച്ചുകൊണ്ടിരുന്നു. 1780 ആയപ്പോള്‍ ബ്രിട്ടീഷുകാര്‍ ബംഗാളില്‍ സ്വന്തമായി അമരി കൃഷി ചെയ്യുവാനാരംഭിച്ചു. സ്വാഭാവികമായും പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇംഗ്ലീഷുകാരുടെ കൃഷിരീതി.

കുടിയാന്മാരായി മാറുന്നു
ബ്രിട്ടീഷ് തോട്ടമുടമകള്‍ ദരിദ്രരായ കര്‍ഷകര്‍ക്ക് പണം കടം നല്‍കിയിരുന്നു. പകരം അവരുടെ തോട്ടങ്ങളില്‍ പകലന്തിയോളം പണിയെടുക്കാമെന്നതായിരുന്നു കരാര്‍. അങ്ങനെ കൂടെക്കൂടെ വാങ്ങിയ കടം തിരികെ നല്‍കുവാന്‍ കഴിയാത്ത കര്‍ഷകര്‍ ബ്രിട്ടീഷ് ജന്മിമാര്‍ക്കുവേണ്ടി സ്ഥിരമായി അമരി കൃഷി ചെയ്യുവാന്‍ നിര്‍ബന്ധിതരായി. അവരുടെ സ്ഥിതി മിക്കവാറും കുടിയാന്മാര്‍ക്ക് സമാനമായിത്തീര്‍ന്നു. കര്‍ഷകര്‍ കഠിനമായി അധ്വാനിച്ച് ഉല്‍പാദിപ്പിക്കുന്ന അമരി വെറും മൂന്നിലൊന്നു വിലമാത്രം കൊടുത്ത് ബ്രിട്ടീഷ് ഉടമ വാങ്ങിക്കുക പതിവായി മാറി. ഉടമകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനാവാത്തൊരവസ്ഥയിലേക്കെത്തിച്ചേരുകയായിരുന്നു ബംഗാളിലെ കര്‍ഷകര്‍. അവര്‍ താമസിയാതെ നിത്യദാരിദ്ര്യത്തിന്റെ പിടിയിലമരുവാന്‍ തുടങ്ങി. കൂനിനുമേല്‍ കുരു എന്നപോലെ യൂറോപ്യന്‍ വിപണിയില്‍ അരമിയുടെ വില ഇടിയുവാന്‍ തുടങ്ങിയപ്പോള്‍ അവരുടെ അവസ്ഥ വളരെ ശോചനീയമായിത്തീര്‍ന്നു. ആദായം കൂടാതെ പണിയെടുക്കുവാന്‍ വിസമ്മതിക്കുന്ന കര്‍ഷകരെ സ്ഥിരമായി പീഡിപ്പിക്കുകയും, പീഡനവിധേയരാകുന്നവരെ സഹായിക്കാന്‍ സര്‍ക്കാരില്‍ നിന്നോ നീതിന്യായ സംവിധാനത്തില്‍ നിന്നോ യാതൊരു വിധമായ സംരക്ഷണവും ലഭിച്ചിരുന്നുമില്ല.

പൊതുജനശ്രദ്ധ നേടുന്നു
ബംഗാളിലെ അമരികര്‍ഷകരുടെ ഈ വിധത്തിലുള്ളാവസ്ഥകള്‍ താമസിയാതെ വര്‍ത്തമാനപ്പത്രങ്ങളുടെയും ക്രിസ്ത്യന്‍ മിഷണറിമാരുടെയും ശ്രദ്ധയില്‍പ്പെട്ടു. ദീനബന്ധു മിത്ര അമരി കര്‍ഷകരുടെ ദുരിതപൂര്‍ണമായാവസ്ഥയെ അടിസ്ഥാനമാക്കി രചിച്ച ഒരു നാടകം പൊതുജന മധ്യത്തില്‍ വന്‍പ്രചാരം നേടി. പാവപ്പെട്ട കര്‍ഷകരോട് മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്ന് പൊതുജനാഭിപ്രായം ഉയര്‍ന്നുവന്നു. എന്നിട്ടും ചൂഷണം അവസാനിപ്പിക്കുവാന്‍ തോട്ടമുടമകള്‍ തയാറായില്ല. ഗത്യന്തരമില്ലാതെ അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് തിരിഞ്ഞു. ക്രുദ്ധരായ കര്‍ഷകര്‍ അമരിപ്പാടങ്ങള്‍ നശിപ്പിക്കുകയും യൂറോപ്യന്‍ ഉടമകളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അമരിച്ചായമുല്‍പാദിപ്പിക്കുന്ന ഫാക്ടറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് വര്‍ത്തമാനപ്പത്രങ്ങളും സാഹിത്യകാരന്മാരും രംഗത്ത് വന്നു.

കമ്മീഷനെ നിയമിക്കുന്നു
ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിശ്ചയിച്ചു. പ്രക്ഷോഭം തുടങ്ങുന്നു എന്ന് കണ്ടപ്പോള്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഡബ്ല്യു എസ് സെറ്റന്‍കാര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അധ്യക്ഷനായുള്ള ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ആ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പരോക്ഷമായി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഗുണകരമായിരുന്നു. ജന്മിമാര്‍ കര്‍ഷകരെ കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.
അമരി കര്‍ഷകരുടെ അവശതകള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും ബംഗാളിലെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സംഘടിത കലാപം എന്ന മേന്മ ഇന്‍ഡിഗോ പ്രക്ഷോഭത്തിനുണ്ട്.