ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാവോവാദത്തിന്റെ നാൾവഴികൾ

Web Desk
Posted on November 18, 2019, 10:04 pm

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ മാവോവാദികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തെ തുടർന്ന് സിപിഐ സ്വീകരിച്ച നിലപാട് പരക്കെ ചർച്ച ചെയ്യപ്പെടുകയും കേരളത്തിലെ പുരോഗമനസമൂഹം സർവ്വാത്മനാ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഉയർന്ന മാനവിക സങ്കല്പങ്ങൾക്ക് അനുരോധമായ പക്വതയുള്ള നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് ചിന്താശീലരായ ആളുകൾ സമ്മതിക്കും. നമ്മുടെ പ്രഖ്യാതമായ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ഇരകൾക്ക് നൽകേണ്ട പ്രാഥമികമായ പരിരക്ഷയ്ക്കപ്പുറത്ത് ഈ വിഷയത്തിൽ അന്തർലീനമായി കിടക്കുന്ന ചില സൈദ്ധാന്തിക പ്രശ്നങ്ങളും സിപിഐ സ്വീകരിച്ച നിലപാടിന്റെ അ­­­­ടിസ്ഥാനത്തിൽ ഈ സംഭവത്തോടൊപ്പം ചർച്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഭീകരവാദികളായ മാവോയിസ്റ്റുകളെ വെള്ളപൂശുന്നതിനും മാവോയിസത്തെ മഹത്വവൽക്കരിക്കുന്നതിനും സിപിഐ ശ്രമിക്കുന്നുവെന്ന ആക്ഷേപം പല കോണുകളിൽനിന്നും ഉയർന്നു. ഈ പശ്ചാത്തലത്തിൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇന്ത്യൻ പ്രസ്ഥാനത്തിലും മാവോയിസത്തിന്റെ വിത്തുകൾ എങ്ങിനെ പൊട്ടിമുളച്ചുവെന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ആരംഭിച്ച ഘ­ട്ടത്തിൽ വിപ്ലവാചാര്യനായ ലെനിനെ ഒരു മിതവാദിയായി ആക്ഷേപിച്ച ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകാർ ഉണ്ടായിരുന്നു. ഇടതുപക്ഷ കമ്മ്യൂണിസത്തിന്റെ അരാജക പ്രവണതകളെ നേരിടുന്നതിനാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിനു മുന്നോടിയായി അദ്ദേഹം ‘ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത’ എന്ന കൃതി പ്രസിദ്ധീകരിച്ചത്.

പെറ്റിബൂർഷ്വാ വിപ്ലവവാദത്തിന്റെ പ്രവണതകൾ പ്രകടിപ്പിച്ചിരുന്ന സോഷ്യലിസ്റ്റ് റെവലൂഷ്യണറി പാർട്ടിക്കെതിരെ നടത്തിയ ആശയപ്പോരാട്ടത്തിന്റെ ഭാഗമായി ലെനിൻ ഓർമ്മിപ്പിക്കുന്ന പ്രധാന വസ്തുത ഏതു രാഷ്ട്രീയ പ്ര­വർത്തനത്തിലും ഏർപ്പെടുന്നതിനുമുൻപ് വ­ർ­ഗശക്തികളെയും അവ തമ്മിലുള്ള പരസ്പരബന്ധങ്ങളെയും കർശനമായും വി­­­ലയിരുത്തേണ്ട ആവശ്യകതയായിരുന്നു. വ്യ­­­ക്തിപരമായ ഭീകരവാദത്തെയും കൊലപാതകത്തെയും മാർക്സിസ്റ്റുകാർ നിരാകരിക്കേണ്ടതിന്റെ പ്രാധാന്യത്തേയും ഊ­ന്നിപ്പറഞ്ഞ (ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത) ലെ­നിൻ ആ ഉറച്ച ബോധ്യത്തോടെ­യാണ് ബോൾഷെവിക് പാർട്ടിയെ നയിച്ചത്. ലെനിനുശേഷം കൊമിന്റേണിന്റെ ഏഴാം കോൺഗ്രസ് 1935 ൽ ഇടതുപക്ഷ വ്യതിയാനത്തിനെതിരെ ശക്തമായ താക്കീത് നൽകിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭകാലം മുതലേ ഇടതുപക്ഷ വ്യതിയാനം ഒരു മാറാരോഗം പോലെ അതിനെ പിന്തുടർന്നിരുന്നു. അതിന്റെ വക്താക്കളായ ഒരു സെക്ടേറിയൻ ഗ്രൂപ്പ് പാർട്ടിക്കകത്ത് പിളരുന്നതുവരെ ശക്തമായ സ്വാധീനം ചെ­ലുത്തിപോന്നു.

സ്വാതന്ത്യ്രസമ്പാദനത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം 1948–51 കാലഘട്ടം ഒരു അന്താരാളഘട്ടമായിരുന്നു. 48ലെ കൽക്കട്ട തീസിസ് ഉണ്ടാക്കിയ മുറിപ്പാടുകൾ ചെറുതല്ല. തൊഴിലാളികളുടെയും കൃഷിക്കാരുടെയും മർദ്ദിതരായ പെറ്റി ബൂർഷ്വാസിയുടെയും ജനാധിപത്യ സ്റ്റേറ്റ് എന്ന സങ്കല്പം മുന്നോട്ടുവച്ച രണദിവെ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള സമയം ആഗതമായെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കോൺഗ്രസ് ഭരണകൂടം പബ്ലിക് സെക്യൂരിറ്റി ആക്ട് എന്ന കരിനിയമം പാസാക്കി. പാർട്ടിയെ ആകെ വേട്ടയാടുന്ന സ്ഥിതി സംജാതമായി. അതിന്റെ പരിണിതഫലം വിവരണാതീതമായിരുന്നു. പാർട്ടി മെമ്പർഷിപ്പിൽ ഗണ്യമായ ഇടിവുവന്നു. നിരവധി സഖാക്കൾ കൊല്ലപ്പെട്ടു. അനവധിപേർ ജീവഛവങ്ങളായി. പാർട്ടി സ്വീകരിക്കേണ്ട വിപ്ലവപരിപാടിയെന്താണെന്നുള്ള ചർച്ച പിന്നെയും തുടർന്നു. പാർട്ടിക്കകത്തെ അ­ഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള മാ­ർഗം തേടി അജയഘോഷിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം മോസ്കോയിൽ സ്റ്റാലിനെ സന്ദർശിച്ചു. ഇ­ന്ത്യ­യ്ക്കനുയോജ്യമായ ഒരു പരിപാടി തയ്യാറാക്കാൻ അ­ദ്ദേഹം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1953 ലെ മധുര കോൺഗ്രസിൽ വിപ്ലവപരിപാടി അംഗീകരിക്കുന്നത്. എന്നാൽ ഈ പരിപാടിയിലും ഇടതുപക്ഷ വ്യതിയാനത്തിന്റെ രോഗം പിന്നെയും അവശേഷിച്ചു. 1947­ൽ ഇന്ത്യ സ്വാതന്ത്യ്രം നേടിയതിനെ കുറിച്ചും പാർട്ടിക്കകത്ത് അഭിപ്രായഭിന്നതയുണ്ടായി. അധികാര കൈമാറ്റം വഞ്ചനയെ­ന്നാ­യിരുന്നുവെന്നാണ് ഇവർ വാദിച്ചത്. ഇന്ത്യ സ്വതന്ത്രയായി എന്നെഴുതുന്നതുതന്നെ ഒരു തിരുത്തൽ വാദമായി ചില സഖാക്കൾ കരുതി. അതിനോട് യോജിക്കാൻ കഴിയില്ലെന്ന് പിന്നീട് പാർട്ടി സെക്രട്ടറിയായ അജയഘോഷ് അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.

1960 ൽ മോസ്കോയിൽ ചേർന്ന 81 കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സാർവ്വദേശീയ സമ്മേളനത്തിൽ ഏകകണ്ഠമായെടുത്ത പ്രഖ്യാപനം ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായിരുന്നു. പുതിയൊരു കാലഘട്ടം പിറന്നുവെന്നും സോഷ്യലിസ്റ്റ് ചേരി നിർണ്ണായക ശക്തിയായി മാറിയെന്നും സമാധാനപരമായ സഹവർത്തിത്വം വഴി സാമൂഹ്യവികാസത്തെ ത്വരിതപ്പെടുത്താൻ കഴിയുമെന്നും ചില രാജ്യങ്ങളിൽ സമാധാനപരമായ മാർഗങ്ങളിലൂടെ പരിവർത്തനത്തിനു സാധ്യതയുണ്ടെന്നും പുതുതായി സ്വാതന്ത്യ്രം പ്രാപിച്ച രാജ്യങ്ങളിൽ ദേശീയ ജനാധിപത്യം സ്ഥാപിച്ച് മുതലാളിത്തേതര മാർഗത്തിലൂടെ വികസിക്കാമെന്നുമുള്ള നിഗമനങ്ങൾ ഈ പ്രഖ്യാപനം പുറപ്പെടുവിച്ചു. സമാധാനപരമായ വിപ്ലവമാർഗ്ഗത്തോടൊപ്പം ചൂഷകവർഗം അക്രമമാർഗം ഉപയോഗിക്കുന്ന സാഹചര്യത്തിൽ സമാധാനേതര മാർഗ്ഗവും പരിഗണിക്കേണ്ടിവരുമെന്ന് ഈ പ്രഖ്യാപനം അടിവരയിടുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസാണ് ഇത്തരമൊരു ചുവടുമാറ്റത്തിന് നാന്ദികുറിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാതന്ത്യ്രം അംഗീകരിച്ചുകൊണ്ടും തെറ്റുകളെ ധീരമായി സ്വയം വിമർശനത്തിന് വിധേയമാക്കികൊണ്ടും സ്റ്റാലിനിസ്റ്റ് കാലത്തെ വ്യക്തിപൂജാസിദ്ധാന്തത്തെ നിരാകരിച്ചും നടത്തിയ നീക്കങ്ങൾ പൊ­തുവെ നിർണ്ണായകവും മങ്ങിപ്പോയ ലെനിനിസ്റ്റ് പാരമ്പര്യത്തിന്റെതിരിച്ചുവരവായി. 57‑ൽ 12 പാർട്ടികളുടെ മോസ്കോ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളോട് ചൈനീസ് പാർട്ടി സർവ്വാത്മനാ യോജിച്ചു. 60‑ലെ മോസ്കോ പ്രഖ്യാപനത്തെയും തുടക്കത്തിൽ അനുകൂലിച്ചു. പിന്നീട് നിലപാട് മാറ്റിയ ചൈനീസ് പാർട്ടി, അത് റിവിഷനിസ്റ്റ് നിലപാടാണെന്നും ക്രു­ഷ്ചേവ് തി­രുത്തൽവാദിയാണെന്നും ആക്ഷേപിക്കാൻ ആ­­­രംഭിച്ചു. എന്നുമാത്രമല്ല മോസ്കോ പ്രഖ്യാപനത്തെ പിന്താങ്ങുന്ന പാർട്ടികളെല്ലാം റിവിഷനിസ്റ്റാണെന്നും കൂടി അവർ വിമർശിക്കാനും തുടങ്ങി.

(അവസാനിക്കുന്നില്ല)