Wednesday
20 Feb 2019

വിപണനതന്ത്രത്തിന്റെ ചരിത്രം

By: Web Desk | Friday 3 August 2018 10:43 PM IST

ഇന്ന് കേരളം മുഴുവന്‍ പ്രശസ്തമായ വകയാറിലെ വാഴകൃഷിയുടെ വിജയത്തിന് കാരണമായത് കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലും സഹായത്തിലും പ്രവര്‍ത്തിച്ച വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ്. വാഴക്കൃഷിക്ക് അനുയോജ്യമായ വകയാറിന്റെ മണ്ണിന്റെ വളക്കൂര്‍ മനസ്സിലാക്കിയ ഒരൂകൂട്ടം കര്‍ഷകരും കൃഷി വകുപ്പും ഒത്തുചേര്‍ന്നപ്പോള്‍ ഒരുനാടിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാന്‍ സാധിച്ചതിന് കാലം സാക്ഷിയായി.

ആയിരങ്ങളില്‍ ഒതുങ്ങിനിന്ന വാഴക്കുല വ്യാപാരം ഇന്ന് പത്ത് കോടിയോളം വരുന്ന വന്‍കിട വ്യവസായമായി മാറിയതിന് കാരണം ഈ കര്‍ഷകകൂട്ടായ്മയും സര്‍ക്കാരിന്റെ മേല്‍നോട്ടവുമാണ്. പി ഒ ജോണ്‍ പാറക്കാമണ്ണില്‍, കരുണാകരന്‍ നായര്‍ മുട്ടത്ത്, ധര്‍മ്മദാസന്‍ പുതുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് സൊസൈറ്റിക്ക് രൂപം കൊടുത്തത് അന്നത്തെ അസി. ഡയറക്ടറായിരുന്ന സുകുമാരന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച ഈ സൊസൈറ്റിക്ക് സുകുമാരന്‍ സാറിന്റെ അനുഭവം ശരിയായ ദിശാബോധം നല്‍കി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ നന്നായി പ്രവര്‍ത്തിച്ച ഈ സൊസൈറ്റി വകയാറിലെ വാഴക്കൃഷി വികസനത്തിന് വേണ്ട പ്രോത്സാഹനം നല്‍കി.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 500 ഏക്കറോളം സ്ഥലം 11 അംഗ കമ്മിററിയുടെ നേതൃത്വത്തില്‍ പാട്ടത്തിനൊരുക്കുകയും സൊസൈറ്റിയില്‍ അംഗങ്ങളായ നൂറോളം കര്‍ഷകര്‍ക്ക് അവരുടെ പ്രാപ്തി അനുസരിച്ച് വീതിച്ചു നല്‍കുകയും ചെയ്തു. ഇതില്‍ 5 ഏക്കറോളം ഒറ്റക്ക് കൃഷി ചെയ്യുന്ന 20 കര്‍ഷകര്‍ വരെയുണ്ടായിരുന്നു. ഈ കര്‍ഷക കൂട്ടായ്മയാണ് വകയാറിന്റെ സാമ്പത്തിക, കാര്‍ഷിക, വ്യാപാര മേഖലകള്‍ക്ക് ജീവന്‍ നല്‍കിയ വാഴക്കൃഷിക്ക് വകയാറിന് വേരുപിടിക്കാന്‍ സഹായിച്ചത്. കീടരോഗങ്ങളും വിലത്തകര്‍ച്ചയും കാരണമായി ഈ പ്രദേശത്തെ കാര്‍ഷിക മേഖല തളര്‍ന്നവശയായപ്പോള്‍ വാഴക്കൃഷിയായിരുന്നു കര്‍ഷകരുടെ ആശയും ആവേശവും എല്ലാം.

കോന്നിയിലും സമീപപ്രദേശങ്ങളിലും ഈ കാലഘട്ടത്തില്‍ രോഗകീടശല്യം നിമിത്തം വാഴക്കൃഷി നശിക്കാന്‍ തുടങ്ങിയപ്പോള്‍ നാലരലക്ഷം വാഴക്കന്നുകള്‍ തിരുനെല്‍വേലി, കന്യാകുമാരി, തൃശിനാപ്പള്ളി എന്നിവിടങ്ങളില്‍ പോയി തോട്ടം കണ്ട് ഗുണനിലവാരം ഉറപ്പാക്കി സംഭരിച്ച് വകയാറില്‍ എത്തിച്ചുകൊടുത്തത് വാഴകൃഷിക്ക് ജീവന്‍ പകര്‍ന്നു. കൂടാതെ ഉല്‍പ്പന്നങ്ങള്‍ സൊസാറ്റി തന്നെ സംഭരിച്ച് മികച്ച വില ലഭിക്കുന്നതിനായി ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വിപണനം നടത്തുകയും ഇടവിളയായി കൃഷി ചെയ്തുവരുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ജില്ലയുടെ എല്ലാഭാഗത്തും വിത്തുകളാക്കി വിപണനം ചെയ്യാന്‍ സാധിച്ചതും ഈ മേഖലയില്‍ വാഴക്കൃഷിയുടെ ലാഭത്തിന്റെ മാധുര്യം നുണയാന്‍ കര്‍ഷകരെ സഹായിച്ചു. ഒരുപാട് ആളുകള്‍ ജീവനോപാധിയായി ഗൗരവമായി വാണിജ്യാടിസ്ഥാനത്തില്‍ വാഴക്കൃഷി ആരംഭിക്കാന്‍ കാരണമായി. ഇങ്ങനെ തുടങ്ങിയ കൂട്ടായ കൃഷിയുടെയും വിപണനത്തിന്റെയും വിജയമന്ത്രമാണ് വകയാറിനെ ഇന്നും വാഴക്കൃഷിയുടെ ഈറ്റില്ലമാക്കി മാറ്റിയിരിക്കുന്നത്.

ഇന്ന് സാഹചര്യങ്ങള്‍ വളരെ മാറി. കൃഷി വകുപ്പിന്റെ സംഭരണ വിതരണം കേന്ദ്രങ്ങളും വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക വിപണിയുമെല്ലാം വിപണനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു. 10 കോടിയിലധികമാണ് വാഴക്കുലയുടെയും അനുബന്ധ വസ്തുക്കളുടെയും വ്യാപാരം. ഇങ്ങനെ ഒരു വിളയുടെ പേരില്‍ ഒരു നാടിന്റെ തന്നെ മുഖഛായ മാറി. ഇനിയും വകയാറിലെ വാഴക്കൃഷിപ്പെരുമ ഒരുപാട് ഉയരട്ടെ.

Related News