Saturday
16 Nov 2019

ചിത്രങ്ങളിലൂടെ തെളിയുന്ന ആദിമ മൂന്നാര്‍ ചരിത്രം

By: Web Desk | Tuesday 11 June 2019 3:43 PM IST


സ്വന്തം ലേഖകന്‍

കൊച്ചി: കേരളത്തിലെ മനോഹരമായ ഭൂപ്രദേശങ്ങള്‍ക്കെല്ലാം ഒരു ചരിത്രമുണ്ട്. ആദിമമായ ഒരു സംസ്‌ക്കാരവും കൊച്ചിയടക്കമുള്ള പ്രദേശങ്ങളില്‍ പാശ്ചാത്യരാടക്കമുള്ളവര്‍ വന്നുകയറുമ്പോള്‍ ആരുമറിയാതെ അവിടുണ്ടായിരുന്ന സംസ്‌ക്കാരവും മനുഷ്യരുമെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു.

മൂന്നാറടക്കമുള്ള ഉയര്‍ന്ന ദേശങ്ങളില്‍ കടന്നുകയറിയ ബ്രിട്ടീഷുകാര്‍ക്കു ചൂഷണം തന്നെയായിരുന്നു മുഖ്യ ഉദ്ദേശം. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളിലും പ്രകൃതിയോടും മനുഷ്യരോടും അവരെങ്ങനെ പെരുമാറിയെന്നതിന് മൂന്നാറിലെ 40 ഫോട്ടോകള്‍ കൊണ്ട് അടയാളപ്പെടുത്തുകയാണ് കെ പി ജയകുമാര്‍.

മാധ്യമപ്രവര്‍ത്തനത്തില്‍ തുടങ്ങി അധ്യാപകനായി മാറിയ ജയകുമാറിന്‍റെ ചിത്രപ്രദര്‍ശനം എര്‍ണാകുളം ദര്‍ബാര്‍ ഹാളില്‍ ഞായറാഴ്ച യാണ് തുടങ്ങിയത്. ഇടുക്കിയിലേക്കുള്ള ബ്രിട്ടീഷുകാരുടെ അധിനിവേശം ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഉണ്ടാക്കിയമാറ്റങ്ങളുടെ ചരിത്രം പറയുന്നവയാണ് ഓരോ ചിത്രവും.

പൂഞ്ഞാര്‍, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വഴി ഇടുക്കി വിദേശിയര്‍ക്കു ലഭിക്കുമ്പോള്‍ മുതുവാന്‍, മന്നാന്‍ തുടങ്ങി ഭൂമിയുടെ പരമ്പരാഗത അവകാശികള്‍ അട്ടിയിറക്കപെടുകയും തൊഴിലാളികളായി ചുരുങ്ങുകയും ചെയ്തതിന്റെ ജീവിക്കുന്നചരിത്രമാണ് ഈ ചിത്രങ്ങള്‍. കൂടാതെ, മൂന്നാറിനെ ഗോള്‍ഫ് ക്ലബ്ബുകളിലൂടെയും കാറോട്ട കുതിരയോട്ട മൈതാനങ്ങളിലൂടെയും ബാറുകളിലൂടെയും മിനി യൂറോപ്പായി ബ്രിട്ടീഷുകാര്‍ മാറ്റിയെടുത്തതിന്റെ ചിത്രങ്ങളും ശ്രദ്ധേയമാണ്.

സംസ്‌കാരപഠിതാക്കള്‍ വിശിഷ്യാ സാംസ്‌കാരികഭൂമിശാസ്ത്ര പഠിതാക്കള്‍ ശ്രദ്ധവയ്‌ക്കേണ്ടുന്ന സൂക്ഷ്മതലങ്ങളില്‍ ഊന്നിയുള്ള ചിത്രവിവരണങ്ങള്‍ നല്‍കാനും കെ പി ജയകുമാര്‍ ശ്രമിച്ചിരിക്കുന്നു. 1877 ജൂലൈ 11 ന് ജോണ്‍ ഡാനിയേല്‍ മണ്‍റോ പാട്ടക്കരാറിലൂടെ ഇടുക്കിയുടെ പ്രധാന സ്ഥലങ്ങള്‍ കൈവശമാക്കുന്നു. 1911 ല്‍ മുതുവാന്മാരുടെ സഹായത്തോടെ റോഡുകള്‍ നിര്‍മിക്കുന്നു. ആനകള്‍ നടന്നുറച്ച ആനതാരകളായിരുന്നു റോഡായി പരിണമിച്ചത്. മൂന്നാറിലും ഹൈറേഞ്ചിലും ഇന്നും ആനയും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ തേടി ഏറെ അലയേണ്ടതില്ല.

ബ്രിട്ടീഷുകാരുടെ നായാട്ടുവിനോദങ്ങള്‍ മൃഗങ്ങളെ മാത്രമല്ല, തദ്ദേശിയരായ ആളുകളെയും ജൈവപരിസരങ്ങളില്‍ നിന്നകറ്റുകയായിരുന്നുവെന്ന് കെപിയുടെ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍, വേട്ടക്കാരുടെ ഹന്‍ഡേര്‍സ് ക്ലബ്ബാണ് തിരുവിതാംകൂറിലെ വനസംരക്ഷണ നിയമത്തിനും വന്യജീവി സങ്കേതങ്ങളുടെ രൂപീകരണത്തിനും വഴിവെച്ചത്. മോണോറെയില്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്ന മൂന്നാറിനെ പഴയ മൂന്നാറും പുതിയ മൂന്നാറുമായി വിഭജിച്ചത് പ്രളയമായിരുന്നു.

ആ പ്രളയത്തിന്‍റെ ഓര്‍മ്മകള്‍ ഉയര്‍ത്തി കഴിഞ്ഞ മഴക്കാലത്തു മൂന്നാറില്‍ പുഴകള്‍ കര കവിഞ്ഞു. നവീന മൂന്നാര്‍ എന്നത് വിദൂര സ്വപ്നമായി ശേഷിക്കുമ്പോള്‍ മറന്നുതുടങ്ങിയ ഒരു സംസ്‌കൃതിയെയും കാലത്തേയും ഓര്‍ത്തെടുക്കാനും പ്രകൃതിയോട് ഇനിയുമെന്ത് ചെയ്തുകൂടായെന്ന് ഒരു ഓര്‍മ്മപ്പെടുത്തലായും ഈ ചിത്രങ്ങള്‍ മാറുന്നു. ചരിത്രം എഴുതപെടുന്നവ മാത്രമല്ലെന്നും ചിത്രങ്ങളിലൂടെയും അവ രേഖപെടുത്താമെന്ന തിരിച്ചറിവിനും ചിത്രങ്ങള്‍ ഉപകാരപ്പെടും.