എന്തുകൊണ്ടാണ് തിരുനെല്‍വേലി ഹല്‍വയ്ക്ക് ഇത്ര രുചി? അറിയാം ആ ചരിത്രം

വിജയശ്രീ
Posted on September 24, 2019, 8:21 pm

മലയാളികള്‍ക്ക് മധുരത്തോടുള്ള പ്രിയം പോലെ തന്നെ പ്രിയപ്പെട്ടതാണ് ഹല്‍വയും. കല്യാണത്തിനും വിശേഷങ്ങള്‍ക്കും അങ്ങനെ മാധുര്യമൂറുന്ന എന്തിനും നമുക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നുകൂടിയാണ് ഹല്‍വ. കോഴിക്കോടന്‍ ഹല്‍വ, പാലക്കാടന്‍ ഹല്‍വ അങ്ങനെ വ്യത്യസ്ത നിറത്തിലും രുചിയിലുമുള്ള ഹല്‍വകള്‍ കേരളത്തിലുണ്ട്. എന്നാലും തിരുനെല്‍വേലി ഹല്‍വ അത് വേറെ ലെവല്‍ ആണ്!!!. എന്നാല്‍ തേനൂറുന്ന ഈ ഹല്‍വയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. എന്താണെന്ന് അറിയാമോ?

1800 കളിലാണ് തിരുനെല്‍വേലി ഹല്‍വയുടെ ചരിത്രം തുടങ്ങുന്നത്. ചൊല്‍കാം പെട്ടി എന്ന നാട്ടുരാജ്യത്തെ രാജാവ് കാശിയില്‍ പോയപ്പോള്‍ കഴിച്ച ഹല്‍വയുടെ രുചി ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രജപുത്രനായ പാചകക്കാരന്‍ ജഗന്‍ സിംങ്ങിനെ രാജാവ് തിരുനെല്‍വേലിയിലേയ്ക്ക് കൂടെകൂട്ടി. പിന്നീട് ജഗന്‍ സിംങ്ങ് തിരുനെല്‍വേലി ലക്ഷ്മി വിലാസ് എന്ന പേരില്‍ ഹല്‍വ കട ആരംഭിച്ചു.

എന്നാല്‍ ഇന്ന് നല്ല ഉഗ്രന്‍ ഹല്‍വ കിട്ടുന്നത് തിരുനെല്‍വേലിയിലെ ഇരുട്ട് കടയെന്ന് പേരുള്ള ഒരു പഴയ കടയിലാണ്. എവിടെയും തിരുനെല്‍വേലി ഹല്‍വ കിട്ടുമെങ്കിലും ഹല്‍വ വാങ്ങാന്‍ ദിവസവും ക്യൂ നില്‍ക്കുന്നവരുടെ തിരക്ക് കണ്ടാല്‍ അറിയാം എന്താണ് ഇവിടുത്തെ ഹല്‍വയുടെ രുചി എന്ന്. ഒരിക്കല്‍ രുചി അറിഞ്ഞാല്‍ പിന്നെയും പിന്നെയും അവിടെ എത്തിയിരിക്കും. ജഗന്‍ സിംങ്ങിന്റെ പിന്‍ മുറക്കാരന്‍ കൃഷ്ണ സിംഗാണ് ഇരുട്ട് കടയുടെ നിലവിലെ ഉടമസ്ഥന്‍. 1900ലാണ് ഈ ഇരുട്ട് കട തുടങ്ങിയത്.

തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകുന്ന താമരഭരണി പുഴയിലെ ജലമാണത്രേ  തിരുനല്‍വേലി ഹല്‍വയ്ക്ക് ഇത്രയും രുചി വരാന്‍ കാരണം എന്നാണ് പറയപ്പെടുന്നത്. 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ഗോതമ്പ് അരച്ച് പാല്‍പരുവമാക്കി നെയ്യും, പഞ്ചസാരയും, താമരഭരണി പുഴയിലെ വെള്ളവും ചേര്‍ത്ത് കുറുക്കി എടുത്താണ് തിരുനല്‍വേലി ഹല്‍വ നിര്‍മ്മിക്കുന്നത്. ഒരു കിലോ ഹല്‍വയ്ക്ക് 220 രൂപയാണ് വില.

you may also like this video;