പി എസ് സുരേഷ്

കൊല്ലം

March 14, 2020, 11:01 am

കൊല്ലം ജില്ലയിൽ ചരിത്രം ആവര്‍ത്തിക്കും

Janayugom Online

ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുവേണ്ടി ജില്ലയിലെ എല്ലാ കക്ഷികളും തയ്യാറെടുപ്പ് തുടങ്ങി. 68 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലുള്ളത് നിലനിര്‍ത്തുകയും നഷ്ടമായത് തിരികെപ്പിടിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് നേടിയത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും കോര്‍പ്പറേഷനിലും നാല് മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം ലഭിച്ചു. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫിന്റെ തേരോട്ടം നടന്നു. ആര്‍എസ്‌പി വിട്ടുപോയതോടെ ജില്ലയില്‍ എല്‍ഡിഎഫുമായുള്ള ബലാബലത്തില്‍ മാറ്റം വരുമെന്ന യു‍ഡിഎഫ് കേന്ദ്രങ്ങളുടെ അവകാശവാദം പൂര്‍ണമായി ജനങ്ങള്‍ തിരസ്ക്കരിച്ചു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പതിനൊന്നിലും എല്‍ഡിഎഫ് വന്‍ വിജയം നേടി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പരാജയം സംഭവിച്ചു. സംസ്ഥാനത്ത് പൊതുവേയുണ്ടായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ജില്ലയിലും സംഭവിച്ചത്. ആ സാഹചര്യങ്ങളൊക്കെ ഇപ്പോള്‍ മാറി. രാജ്യത്തും സംസ്ഥാനത്തും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. പൊതുവേ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളും മഹാരോഗങ്ങളും വന്നപ്പോള്‍ പകച്ചുനില്‍ക്കാതെ ധീരമായി നേരിട്ട സംസ്ഥാന ഭരണം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിഷേധാത്മക നിലപാടുകളും സമ്മര്‍ദ്ദങ്ങളും നേരിട്ടുകൊണ്ട് പരമാവധി ജനോപകാരപ്രദമായ സത്‌ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഈ വിഷയങ്ങള്‍ മാറ്റുരയ്ക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിൽ ആകെയുള്ള 26 ൽ 22 സീറ്റും എൽഡിഎഫിന് ലഭിച്ചു. യുഡിഎഫിന് ലഭിച്ചതാകട്ടെ നാല് സീറ്റും. സിപിഐക്ക് എട്ടും സിപിഎമ്മിന് 14ഉം സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് മൂന്നും ആർഎസ്‌‌പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫിന് വൻവിജയം ലഭിച്ചു. ആകെയുള്ള 55 ഡിവിഷനുകളിൽ 36 എണ്ണം എൽഡിഎഫിനും 16 ഡിവിഷനുകൾ യുഡിഎഫിനും ലഭിച്ചു. ബിജെപിക്ക് രണ്ടും എസ്ഡിപിഐക്ക് ഒരു സീറ്റും ഉണ്ട്. സിപിഐക്ക് 11 ഉം സിപിഐ (എം) ന് 24ഉം ഒരു എൽഡിഎഫ് സ്വതന്ത്രനും. കോൺഗ്രസിന് 11ഉം ആർഎസ്‌പിക്ക് നാലും ജെഎസ്എസിന് ഒന്നും സീറ്റുകളുമാണുള്ളത്. രൂപീകരിച്ചതുമുതൽ കോർപ്പറേഷൻ ഭരണം തുടർച്ചയായി നാല് തവണയും എൽഡിഎഫ് നിലനിര്‍ത്തി. 11 ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിന് വന്‍ വിജയം ലഭിച്ചു.

ബ്ലോക്ക് പഞ്ചായത്തുകൾ സമ്പൂർണമായി യുഡിഎഫിനെ കൈവിട്ടു. ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളിൽ 58 ലും എൽഡിഎഫിനാണ് വിജയം ലഭിച്ചത്. പുതുതായി രൂപീകരിച്ച കൊട്ടാരക്കര ഉൾപ്പെടെ നാല് മുനിസിപ്പാലിറ്റികളിലും എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. കരുനാഗപ്പള്ളി എൽഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 35 ഡിവിഷനുകളിൽ എൽഡിഎഫ് 18 ലും യുഡിഎഫ്-15 ലും കോൺഗ്രസ് റിബൽ ഒന്നിലും ബിജെപി ഒന്നിലുമാണ് വിജയിച്ചത്. എൽഡിഎഫിൽ സിപിഐ — നാല്, സിപിഐ(എം) — 13, എംസിപിഐ (യു) ‑ഒന്ന് എന്നീ പ്രകാരമാണ് കക്ഷിനില. കോൺഗ്രസിന് — 14 സീറ്റ് ലഭിച്ചു. പരവൂർ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 32 ഡിവിഷനിൽ 17 എൽഡിഎഫും 10 യുഡിഎഫും വിജയിച്ചു. സിപിഐ(എം) ന് 16, സിപിഐക്ക് — ഒന്ന്, കോൺഗ്രസിന് എട്ട്, ലീഗിന് ഒന്ന്, ആർഎസ്‌പിക്ക് ഒന്ന്, ബിജെപിക്ക് മൂന്ന്, സ്വതന്ത്രർക്ക് രണ്ട് എന്നീ പ്രകാരമാണ് കക്ഷിനില. പുനലൂരിൽ ആകെയുള്ള 35 ഡിവിഷനിൽ എൽഡിഎഫിന് 20ഉം യുഡിഎഫിന് 15ഉം ലഭിച്ചു. സിപിഐക്ക് ആറും സിപിഎമ്മിന് 13 ഉം കേരള കോൺഗ്രസ്-ബിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചത്. കൊട്ടാരക്കര നഗരസഭയിൽ ആകെയുള്ള 29 ഡിവിഷനിൽ എൽഡിഎഫിന് 18ഉം യുഡിഎഫിന് 10ഉം സീറ്റുകൾ ലഭിച്ചു. സിപിഐ(എം)-ഒൻപത്, സിപിഐ‑ആറ്, ജനതാദൾ-ഒന്ന്, കേരളകോൺഗ്രസ്(ബി)-രണ്ട്, കോൺഗ്രസ്-10, ബിജെപി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എസ്എൻഡിപിയുടെ പിന്തുണയോടെ കൊല്ലത്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് വീരവാദം മുഴക്കിയ ബിജെപിയെ സമ്പൂര്‍ണമായി ജനങ്ങൾ പുറന്തള്ളി. എസ്എൻഡിപിയോഗത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കൊല്ലത്ത് വൻപ്രതീക്ഷയായിരുന്നു അവർ പുലർത്തിയത്. അതെല്ലാം പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളഞ്ഞു.

ENGLISH SUMMARY: his­to­ry repeats in kollam

YOU MAY ALSO LIKE THIS VIDEO