രണ്ടാം മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം രാജ്യത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വാർത്തകൾക്ക് പഞ്ഞമില്ല. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ റദ്ദാക്കി, അസമിലെ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർക്ക് പൗരത്വം നഷ്ടപ്പെട്ടു, ഇപ്പോൾ പൗരത്വ ഭേദഗതി നിയമവും പാസാക്കി. അടുത്ത ഏകീകൃത സിവിൽ കോഡിലേയ്ക്കുള്ള പ്രയാണവും. പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ കശ്മീർ, അസം എന്നിവിടങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെ ശ്രദ്ധിക്കാത്ത അവസ്ഥയിലെത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി, അക്രമം, പീഢനങ്ങൾ, കൂട്ടബലാൽസംഗം, പീഡനത്തിന് ഇരയാകുന്നവരെ കൊല്ലുന്നു, അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ സമ്മാനങ്ങളാണ് മോഡി സർക്കാർ ജനങ്ങൾക്കായി നൽകിയത്. സർക്കാർ നയങ്ങളെ വിമർശിക്കുന്ന പ്രതിപക്ഷപാർട്ടികളെ അടിച്ചമർത്തുന്നു. സാമൂഹ്യ പ്രവർത്തകരേയും മനുഷ്യാവകാശ പ്രവർത്തകരെയും ദേശവിരുദ്ധരും അർബൻ നക്സലുകളുമെന്ന് മുദ്രകുത്തുന്നു. ജോർജ് ഓർവെൽ എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞ ആനിമൽ ഫാം എന്ന പുസ്തകത്തിന്റെ പരാമർശങ്ങളെ അന്വർഥമാക്കുന്ന നടപടികളും തീരുമാനങ്ങളുമാണ് കഴിഞ്ഞ ആറ് വർഷമായി മോഡി സർക്കാർ തുടരുന്നത്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം. പ്രതിപക്ഷപാർട്ടികളുടെ സ്വരം ബിജെപിയുടെ ഭൂരിപക്ഷത്തിന്റെ ശക്തിയിൽ പാർലമെന്റിൽ അപ്രസക്തമായി. പ്രതീക്ഷിച്ചപ്പോലെ ഭേദഗതി ബിൽ പാസാക്കി. അവിടെയാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്.
പുതിയ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ജെഎൻയു, ജാമിയ മിലിയ എന്നീ സർവകലാശാലയിലെ യുവാക്കളായ വിദ്യാർഥികളാണ്. തികച്ചും അപ്രതീക്ഷിതമായ ഒരു പ്രതികരണം. മൊബൈൽ ഫോണുകൾ, മറ്റ് സാങ്കേതിക സജ്ഞകൾ എന്നിവ നൽകുന്ന സന്തോഷത്തിൽ യുവാക്കൾ ഉന്മാദം കണ്ടെത്തുന്നുവെന്നാണ് ഞാൻ പോലും ചിന്തിച്ചത്. എന്നാൽ രാജവീഥികളിൽ മോഡി സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നത് കണ്ടപ്പോൾ ഈ ധാരണ മാറി. മഹാത്മ ഗാന്ധി, ബിആർ അംബേദ്ക്കർ എന്നിവരുടെ വാക്കുകൾ പ്രതിഷേധക്കാരുടെ നാവിൽ നിന്ന് കേട്ടപ്പോൾ ഒരു പുതിയ കാലത്തിന്റെ നാന്ദിയെന്ന ബോധം എന്നിലുണ്ടായി. ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞപ്പോൾ രാജ്യത്തെ യുവാക്കളെ കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണ മാറി. നമ്മൾ ഭിന്നിക്കില്ല, നിങ്ങൾക്ക് ഭിന്നിപ്പിക്കാനും കഴിയില്ല, (വി വിൽ നോട്ട് ഡിവൈഡ്, ദെ കെനോട്ട് ഡിവൈഡ് അസ്) ഇതായിരുന്നു യുവാക്കൾ ഉയർത്തിയ മുദ്രാവാക്യം. മഹാത്മാ ഗാന്ധി വീണ്ടും നമുക്കിടയിൽ വന്നു എന്നാണ് യുവാക്കളുടെ പ്രതിഷേധം സൂചിപ്പിക്കുന്നത്. ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച് പ്ലക്കാർഡുകൾ ഉയർത്തിയതുകൊണ്ടല്ല മറിച്ച് ഹിന്ദുക്കളും മുസ്‌ലിംങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തിനായി യുവാക്കൾ ശബ്ദമുയർത്തുന്നു. ഇത് ഒരു പക്ഷേ രാജ്യം ഗാന്ധിജിക്ക് നൽകുന്ന ഏറ്റവും വലിയ ആദരവായിരിക്കാം. സർവരും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഒരു രാമരാജ്യമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. മറിച്ച് മോഡിയും അമിത് ഷായും സ്വപ്നം കാണുന്ന അബംരചുംബിയായ രാമക്ഷേത്രമല്ല.
അംബേദ്ക്കറും യുവാക്കളുടെ പ്രതിഷേധങ്ങളിലൂടെ സമൂഹത്തിൽ തിരിച്ചെത്തുന്നു. ഹിന്ദുത്വം രാജ്യത്തെ ജനങ്ങളോട് ചെയ്ത തെറ്റ് തിരുത്താൻ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാൻ. ഈ തെറ്റുകൾ തിരുത്താനായി രൂപം നൽകിയ ഹിന്ദു കോഡ് ബിൽ പാസാക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് നിയമന്ത്രിപദം അംബേദ്ക്കർ രാജിവച്ചിരുന്നു. രാജ്യത്തോട് നീതി ചെയ്തുവെന്നാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചത്. എന്നാൽ ഇത് എങ്ങനെ ഏത് അർഥത്തിൽ നീതിയുക്തമാകും. ഭരണഘടന നൽകിയ അവകാശങ്ങൾ കോടതികൾക്കുപോലും കവർന്നെടുക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് രാജ്യത്തെ യുവജനത ഇപ്പോഴും തുടരുന്ന പ്രതിഷേധങ്ങൾ. പ്രതിഷേധിക്കുന്ന യുവാക്കൾ നിയമജ്ഞരെക്കാൾ വ്യക്തമായി അനുച്ഛേദം 14, 15, 21 എന്നിവ വ്യാഖ്യാനിക്കുന്നു. നിങ്ങളുടെ അവകാശങ്ങൾ എന്താണെന്ന് ആദ്യം അറിയുക- തുടർന്നാകണം അതിൻമേലുള്ള അവകാശവാദങ്ങൾ. മതേതരത്വം എന്ന സങ്കൽപ്പം എല്ലാ ശക്തിയോടും സമൂഹത്തിൽ തിരിച്ചെത്തുന്നു. ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെട്ട മതേതരത്വം എന്ന വാക്ക് സാമൂഹ്യ ഘടനയിൽ സ്വാധീനം ചെലുത്തുന്നു. കാലങ്ങളായി വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഈ വാക്കിനെ രാഷ്ട്രീയ നേതാക്കൾ പലവിധത്തിൽ വ്യാഖ്യാനിക്കുന്നു. എന്നാൽ ഇന്ന് അതിന്റെ യഥാർത്ഥ പൊരുൾ സ്വീകരിച്ച് സമൂഹത്തിൽ തിരിച്ചെത്തി. എല്ലാ മതക്കാരും തുല്യരാണ് എന്നതാണ് മതേതരത്വത്തിന്റെ യഥാർത്ഥ അർത്ഥമെന്ന് യുവാക്കളുടെ പ്രതിഷേധം ലോകത്തിന് കാണിച്ചുകൊടുക്കുന്നു. രാജ്യസ്നേഹവും തിരിച്ചെത്തുന്നു. മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള ഉപാധിയല്ല ദേശീയത എന്ന് ബിജെപിക്കും സംഘപരിവാറിനും കാണിച്ചുകൊടുക്കുന്നു. അഭിപ്രായ ഭിന്നതയിലുപരിയായി രാജ്യം ഒന്നാണെന്ന സ്നേഹം- അതാണ് യുവാക്കളുടെ പ്രതിഷേധ കൂട്ടായ്മ പഠിപ്പിക്കുന്നത്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ഒരു യുവാവ് നടത്തിയ പ്രതികരണം ലോക ജനതയെ ചിന്തിപ്പിക്കാൻ പോന്നതാണ്. ഏത് സംഘടനയെയാണ് നിങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ന ചോദ്യത്തിന് കഴുത്തിൽ ചുറ്റിയിരുന്ന ത്രിവർണ്ണ പതാക ചൂണ്ടിക്കാട്ടി പറഞ്ഞു- എന്റെ സംഘടന ഇതാണ്. സമൂഹത്തിന്റെ അഥവാ രാജ്യത്തിന്റെ അസ്തിത്വത്തിന് ഭീഷണിയാകുന്ന നിയമത്തിനെതിരെയുള്ള യുവാക്കളുടെ പോരാട്ടം ഏറെ സന്തോഷം പകർന്നു നൽകുന്നു. ഇന്ത്യയിൽ ജീവിക്കുന്നവർ ഒന്നാണ് എന്ന ബോധം കലുഷിതമായ ഈ കാലഘട്ടത്തിൽ തിരികെ കൊണ്ടുവരാൻ യുവാക്കൾക്ക് കഴിഞ്ഞു. ഇപ്പോൾ ഇന്ത്യ യുവാക്കളുടെ ലോകമായി മാറി. മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയായി. അവർ സ്വീകരിക്കട്ടെ മതേതര ഇന്ത്യയിലെ യുവജനതയുടെ പ്രതിഷേധം. (കടപ്പാട്-ന്യൂസ് ക്ലിക്ക്)
(ലേഖിക, ഇന്ത്യൻ ‑ഇംഗ്ലീഷ് നോവലിസ്റ്റാണ്.കേന്ദ്ര സാഹിത്യ അവാർഡ് നേടി. 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.