പ്രതിസന്ധികളിലും തകരാതെ എച്ച്എംടിയുടെ വിജയഗാഥ

ഷാജി ഇടപ്പള്ളി

കൊച്ചി

Posted on July 02, 2020, 9:39 pm

പ്രതിസന്ധികളെ അതിജീവിച്ച് കേന്ദ്രപൊതുമേഖലാ വ്യവസായമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്എംടി ) കളമശ്ശേരി യുണിറ്റ് അൻപത്തിയഞ്ചിലേക്ക് കടന്നു. തൊഴിലാളികളുടെ കഠിനാധ്വാനവും തൊഴിലാളി സംഘടനകളും മാനേജ്മെൻറും ഉല്പാദന വർദ്ധനവിനായി നടത്തുന്ന പരിശ്രമങ്ങളും ഒത്തുചേർന്നതാണ് എച്ച് എം ടി യുടെ വിജയഗാഥ. ബെംഗളൂരു ആസ്ഥാനമായ എച്ച് എം ടി യുടെ നാലാമത്തെ യൂണിറ്റായിട്ടാണ് 1966 ജൂലൈ ഒന്നിന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു കളമശ്ശേരി യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.

തുടർച്ചയായ വികസനവും തൊഴിലവസരവും സൃഷ്ടിച്ച് കമ്പനി പൊതുമേഖലാ വ്യവസായ ശാലകൾക്ക് മികച്ച മാതൃകയുമായിരുന്നു. 1971ൽ പൊതുമേഖലയിലെ ആദ്യത്തെ പ്രിന്റിങ് പ്രസ് ഉൽപാദന യൂണിറ്റിനും തുടക്കമായി. 3500 ൽ അധികം ജീവനക്കാർ തൊഴിലെടുത്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 138 സ്ഥിരം ജീവനക്കാരും 250 ഓളം കരാർ തൊഴിലാളികളുമായി ചുരുങ്ങി. എന്നിട്ടും കളമശ്ശേരി യുണിറ്റ് ഇത്തവണയും 2.13 കോടി ലാഭം കരസ്ഥമാക്കി. 1997 ലെ ശമ്പള സ്കൈലാണ് ഇപ്പോഴും എച്ച് എം ടി യിൽ പ്രാബല്യത്തിലുള്ളത്.

ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും മാറിയതു കണക്കിലെടുത്ത് ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കൂടാതെ ഇനി പുതിയ നിയമനങ്ങൾ നടത്തിയില്ലെങ്കിൽ കമ്പനിയെ നിലനിർത്താൻ കഴയാതെ വരും. വിദദഗ്ദരായ എൻജിനീയേഴ്സ് അടക്കമുള്ള നിരവധിപേർ രണ്ടുവർഷത്തിനകം സർവീസിൽ നിന്നും വിരമിക്കും.
എച്ച്എംടി ആസ്ഥാന കേന്ദ്രമായ ബെംഗളൂരുവും,ഹൈദരാബാദ്, പിൻചോർ, അജ്മീർ, യൂണിറ്റുകളും വർഷങ്ങളായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈദരാബാദ് പ്രാഗാ യുണിറ്റ് താത്കാലികമായി അടച്ചു.

ജീവക്കാരെ ഹൈദരാബാദ് യൂണിറ്റിലേക്ക് ലയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കളമശ്ശേരി യൂണിറ്റിനൊപ്പം ഔറംഗബാദിലെ ഡയറി മെഷിൻസ് യൂണിറ്റുമാത്രമാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത്. മികച്ച ഓർഡറുകളുണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ തകർച്ച എച്ച്എംടി കളമശ്ശേരി യൂണിറ്റിന്റെ നിലനില്പിനെയും ബാധിച്ചു. എന്നാൽ യൂറോപ്, അമേരിക്ക, റഷ്യ, ആഫ്രിക്കൻ രാഷ്ട്രങ്ങൾ, ഗൾഫ് നാടുകൾ, ശ്രീലങ്ക, മ്യാൻമർ, ഭൂട്ടാൻ തുടങ്ങിയ വിദേശ രാജ്യങ്ങളും എച്ച്എംടി കളമശ്ശേരിയുടെ ഉൽപന്നങ്ങളുടെ വിപണിയായി.

ട്രിച്ചിയിലെ ഡിഫൻസിന്റെ കീഴിലുള്ള ആയുധ നിർമ്മാണ ശാലയുടെ പ്ലാന്റ് പൂർണ്ണമായും ആധുനിക വൽക്കരിച്ചു നിർമ്മിച്ചത് എച്ച് എം ടി കളമശ്ശേരി യൂണിറ്റാണ്. പ്രതിരോധവകുപ്പിനും റെയിൽവേക്കും വേണ്ടി നിരവധി പ്രോജക്ടുകളാണ് ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ളത്. 2019ൽ ചന്ദ്രയാൻ ദൗത്യത്തിൽ എച്ച് എം ടി യുടെ പങ്കും ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ റെയിൽവേ ക്കു വേണ്ടി “സർഫെസ് വീൽ ലൈത് “എന്ന പുതിയ മെഷീൻ ടൂൾസിന്റെ റിസർച് പൂർത്തിയായി വരികയാണ്.

ENGLISH SUMMARY:HMT’s suc­cess sto­ry despite crises
You may also like this video