ഫ്ളക്സ്  ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; എഡിഎംകെ നേതാവ് അറസ്റ്റില്‍

Web Desk
Posted on September 28, 2019, 11:35 am

ചെന്നൈ: ഫ്ളക്സ്  ബോര്‍ഡ് പൊട്ടി വീണ് സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്നു എഡിഎംകെ നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഡിഎംകെയുടെ പ്രാദേശിക നേതാവ് ജയഗോപാല്‍ ആണ് അറസ്റ്റിലായത്.കൃഷ്ണഗിരി ജില്ലയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ ശുഭശ്രീ (23) ആണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കൂറ്റന്‍ ഫ്ളക്സ്  ബോര്‍ഡ് ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പല്ലാവരം റോഡിന് സമീപത്തായിരുന്നു സംഭവം. ഫ്ളക്സ്  വീണതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജയഗോപാലിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നേതാക്കളുടെ പരസ്യബോര്‍ഡാണ് മറിഞ്ഞുവീണത്. അനധികൃതമായി ഫ്ളക്സ്  ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.