Web Desk

കുമരകം

October 21, 2020, 8:03 pm

കുമരകത്ത് തിരുവോണ നാളിൽ വീടുകയറി അക്രമം; അഞ്ചംഗസംഘം പിടിയിൽ

Janayugom Online

തിരുവോണ നാളിൽ വീടുകയറി അക്രമം നടത്തി ഗൃഹനാഥനേയും മകനേയും മാരകമായി പരുക്കേല്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ അഞ്ച് അംഗ സംഘം പിടിയിൽ.

ചെങ്ങളം സ്വദേശികളായ കോതമനശേരി പൊന്നപ്പൻ മകൻ അജിത്ത് കണ്ണൻ (27), വള്ളോംതറ വേലായുധന്റെ മകൻ മനു (32), വള്ളോംതറ സുരേന്ദ്രന്റെ മകൻ സുബിൻ (28), മാന്തറയിൽ സുരേന്ദ്രന്റെ മകൻ റനീഷ് (36), കല്ലുങ്കൽ രവിയുടെ മകൻ രാജേന്ദ്രബാബു (47) എന്നിവരാണ് പിടിയിലായത്. ചെങ്ങളം പെട്രോൾ പമ്പിനു സമീപത്തുനിന്നും കോതമന ശേരി ഭാഗത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്.

ചെങ്ങളം കോതമനശേരി ചന്ദ്രാനന്ദൻ (60), മകൻ അഖിൽ (25) എന്നിവരെ കമ്പിവടിക്കും വടിവാളിനും വെട്ടി പരുക്കേല്പിച്ച ശേഷം തിരുവനന്തപുരത്തും കോട്ടാരക്കരയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. സംഘം കൂടി മദ്യപിക്കുകയും മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിലെത്തി അക്രമിച്ചതിനു ശേഷം പ്രതികൾ നാടുവിടുകയായിരുന്നു. കുമരകം സിഐ ബാബു സെബാസ്റ്റ്യൻ, എഎസ്ഐ സത്യൻ, സിപിഒമാരായ പ്രദീപ്, അരുൺ, ശിവപ്രസാദ്, രജീഷ്, പ്രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

you may also like this video