Web Desk

ന്യൂഡല്‍ഹി

May 15, 2021, 9:54 pm

ഗംഗയിൽ നിന്ന് രണ്ടായിരത്തിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് ആഭ്യന്തര മന്ത്രാലയം

Janayugom Online

കോവിഡ് ബാധിതരുടേത് ഉള്‍പ്പെടെ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന റിപ്പോര്‍ട്ടുകളെ ഒടുവിൽ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ഗംഗയില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി ‘ദി ഏഷ്യന്‍ ഏജ്’ റിപ്പോർട്ട് ചെയ്യുന്നു. ഗംഗാ നദിയോട് ചേര്‍ന്നുള്ള വിദൂര ഗ്രാമങ്ങളില്‍ മരിച്ച കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയായും ഏഷ്യന്‍ ഏജ് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മൂലം മരിച്ച കുടുംബാംഗങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയാത്തതിനാലാണ് പരമ ദരിദ്രരായ ഗ്രാമവാസികളില്‍ ഭൂരിഭാഗവും മൃതദേഹങ്ങള്‍ പുഴയിലൊഴുക്കിയത്. ഉത്തർപ്രദേശിലും ബിഹാറിലുമായി ഗംഗയുടെ തീരത്തിന് 1,400 കിലോമീറ്ററിലധികം നീളമുണ്ട്.
കാണ്‍പൂര്‍, ഗാസിപൂര്‍, ഉന്നാവോ, ബാലിയ ജില്ലകളിലാണ് മൃതദേഹങ്ങള്‍ ഗംഗയിലെറിയുന്ന സംഭവം ഏറെയെന്നും ഇവ ബിഹാറിലെത്തുകയാണെന്നും അധികൃതര്‍ പറയുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകിവന്ന് അടിയുകയാണെന്ന് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതോടെ മറ്റു പകര്‍ച്ച വ്യാധികള്‍ പടരാന്‍ കാരണമായേക്കുമെന്നതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിർദ്ദേശം നല്‍കിയിരുന്നു.

മരിച്ചവരുടെ അന്തസിനും അവകാശത്തിനുമായി നിയമനിർമ്മാണം വേണം:മനുഷ്യാവകാശ കമ്മിഷൻ 

ഉത്തരേന്ത്യയിൽ കോവി‍‍ഡ് രോ​ഗം ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ വൻതോതിൽ നദികളിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കെ മരിച്ചവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മരിച്ചുപോകുന്ന രോ​ഗികളുടെ മൃതശരീരങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയ കമ്മിഷൻ, മരിച്ചവരുടെ അന്തസ്സും അവകാശവും ഉയർത്തിപ്പിടിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്നും നിർദ്ദേശിച്ചു.
യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നദിയിൽ മൃതശരീരങ്ങൾ അനുദിനം പൊങ്ങുന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. മൃതദേഹങ്ങൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം, ജീവിച്ചിരിക്കുന്നവർക്ക് മാത്രമുള്ളതല്ലെന്നും മരിച്ചതിന് ശേഷം മൃതദേഹങ്ങൾക്കും അത്തരം അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. ആചാരപ്രകാരം മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യമില്ലാതിരിക്കെ, അത് ഉറപ്പ് വരുത്താൻ പ്രാദേശിക ഭരണകൂടം മുൻകൈയെടുക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
eng­lish summary;Home Min­istry says more than 2,000 bod­ies recov­ered from Ganga
you may also like this video;