ബില്‍ ക്ലിന്‍റന്‍റെയും, ബരാക് ഒബാമയുടെയും വസതിയില്‍ ബോംബ്

Web Desk
Posted on October 25, 2018, 4:45 pm

ന്യൂയോര്‍ക്ക്:  യു.എസ് മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍റെയും, ബരാക് ഒബാമയുടെയും വസതിയില്‍ ബോംബ് കണ്ടെത്തി. പ്രമുഖര്‍ സുരക്ഷാ ഭീതിയില്‍. ബില്‍ ക്ലിന്‍റനും ഹിലാരി ക്ലിന്‍റനും വേണ്ടി തപാല്‍ പരിശോധിക്കുന്ന ജീവനക്കാരനാണ് ബോംബ് കണ്ടെത്തിയത്. ക്ലിന്‍റന്‍റെ വസതിയില്‍ ബോംബ് കണ്ടെത്തിയത് സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള ബോംബ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വിലാസത്തിലേക്കും എത്തിയത്. ഇതും പരിശേധനയ്ക്കിടയിലാണ് സ്‌ഫോടക വസ്തുവാണെന്ന് തിരിച്ചറിഞ്ഞത്. ആകെ ഏഴ് പൈപ്പ് ബോംബുകളാണ് കണ്ടെത്തിയത്. വീട്ടിൽ നിർമിച്ചവയാണ് ഇത്.

ബില്‍ ക്ലിന്‍റന്‍റെയും ഹിലാരി ക്ലിന്‍റന്‍റെയും വസതിയില്‍ കണ്ടെത്തിയ ബോംബിന് തിങ്കളാഴ്ച കോടിപതിയായ ജോര്‍ജ് സോറോസിന്‍റെ വീട്ടില്‍ കണ്ടെത്തിയ ബോംബുമായി സാമ്യമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.ന്യൂയോര്‍ക്ക് നഗര പ്രാന്തത്തിലുളള വസതിയിലാണ് ബോംബ് കണ്ടെത്തിയത്. പ്രമുഖ മാധ്യമസ്ഥാപനമായ  സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചാനല്‍ തത്സമയ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു.

താപാലില്‍ വന്ന പാക്കറ്റുകള്‍ സാധാരണ ചെയ്യുന്നതുപോലെതന്നെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്ഫോടകവസ്തു കണ്ടെത്താനായതെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു.

രാജ്യത്താകമാനം പരിഭ്രാന്തി പരത്തുകയാണ് ഈ സംഭവങ്ങള്‍.