ജോമോൻ ജോസഫ്

കൽപറ്റ

December 27, 2020, 8:22 pm

വീടുകളിലെ കേക്ക് നിർമ്മാണം ബ്രാന്റഡ് കേക്കുകളുടെ വിപണിയിടിച്ചു

Janayugom Online

ജോമോൻ ജോസഫ്
കോവിഡിനും, ലോക്ഡൗണിനും ശേഷം സാധാരണ നിലയിലേക്കുള്ള തിരിച്ച് വരവിന്റെ പാതയിലാണ് കാർഷിക- വ്യവസായ മേഖലകൾ. കാർഷിക ഉല്പന്നങ്ങളുടെ സംഭരണവും വില്പനയും പുനരാരംഭിച്ചതോടെ കമ്പോളങ്ങൾ പൂർവ്വ സ്ഥിതിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. മാസങ്ങളോളം നീണ്ട ലോക്ഡൗണിൽ വീട്ടിൽ ഇരിക്കുന്ന വിരസത മാറ്റാന്‍ വീട്ടമ്മമാരും, കുട്ടികളും കണ്ടു പിടിച്ച മാർഗങ്ങളാണ് പച്ചക്കറി കൃഷിയും, കേക്ക് നിർമ്മാണവും.

ഇത് രണ്ടും കുടുംബങ്ങളിൽ വലിയ വിജയമായിരുന്നു. പച്ചക്കറി കൃഷിയിലെ സമൃദ്ധമായ വിളവ് സന്തോഷകരമായ അനുഭവമായിരുന്നുവെന്നാണ് വീട്ടമ്മമാർ പറയുന്നത്. പലരും കൃഷിയോടൊപ്പം തന്നെ സമയം ചെലവഴിച്ചത് പാചക പരീക്ഷണങ്ങളിലുമായിരുന്നു . ലോക്ഡൗണിന് ശേഷം പാചകം ചെയ്യാത്തവരായി നാട്ടിലാരുമില്ലാ എന്നതാണ് അവസ്ഥ. കേക്ക് നിർമ്മാണത്തിലും കഴിവ് തെളിയിച്ച ആളുകൾ വീടുകളിലുമുണ്ടായി. ഇതിൽ പലരും നാട്ടിലെ അറിയപ്പെടുന്ന കേക്ക് നിർമ്മാതാക്കളായി മാറി കഴിഞ്ഞു.

ഇവരുടെ കൈപുണ്യം നാട്ടിൽ പാട്ടായതോടെ ആവശ്യക്കാർ തേടി എത്തി. ചെറുതും വലുതുമായ നിരവധി ഓർഡുകൾ ലഭിച്ചു. പലരും വീടുകളിൽ നിന്ന് കേക്ക് നിർമ്മിച്ച് നൽകി. ആവശ്യക്കാരും, ഓർഡറുകളും വർധിച്ചതോടെ ചിലർ ചെറിയ നിർമ്മാണ യൂണിറ്റുകൾ തുടങ്ങി. ഇതോടെ കേക്കുകൾ ആവശ്യമായി വരുന്ന ചടങ്ങുകൾക്ക് ബ്രാന്റുകളും, ബേക്കറികളും ഒഴുവാക്കി സ്വന്തം പ്രദേശത്തെ വീടുകളേയും, യൂണിറ്റുകളേയും സമീപിക്കാൻ തുടങ്ങിയതോടെ വൻ തോതിൽ കേക്കുകൾ നിർമ്മിച്ച് വിപണികളിൽ ഇറക്കിയ കുത്തക ബ്രാന്റുകൾ മുതൽ ബേക്കറികളിൽ വരെ വിപണനം കുത്തനെ കുറഞ്ഞു.

മൈദ ചേർക്കാതെ കൃത്രിമ ചേരുവകൾ ഇല്ലാതെയയും ഗോതമ്പ് മാവ്, ചക്ക, പൈനാപ്പിൾ തുടങ്ങി നിരവധി ഫലവർഗങ്ങൾ ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിർമ്മിക്കുന്നത്. അര കിലോ 250 രൂപയക്കും ഒരു കിലോ 500 രൂപയ്ക്കും വിപണികളിൽ വിൽക്കുന്ന കേക്കുകൾ അതിനേക്കാൾ ഗുണനിലവാരത്തോടെ കുറഞ്ഞ വിലക്ക് കൺ മുന്നിൽ വച്ച് നിർമ്മിച്ച് കിട്ടി തുടങ്ങിയതോടെ ഈ കോവിഡ് കാലത്തെ ക്രിസ്മസ് — ന്യൂ ഇയർ വിപണി പുതിയ പരീക്ഷണങ്ങളെയാണ് നേരിട്ടത്.

Eng­lish sum­ma­ry; Home­made Cake Mak­ing The mar­ket for brand­ed cakes has plummeted

You may also like this video;