Web Desk

തിരുവനന്തപുരം

December 19, 2020, 2:10 pm

ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റീസ് കുര്യൻ ജോസഫ്

Janayugom Online

ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ചികിത്സാ ശാസ്ത്രങ്ങളിൽ ഒന്നായ ഹോമിയോപ്പതിയെ ആശ്രയിക്കുന്നവരെ നിരാശപ്പെടുത്താറില്ലെന്ന് മുൻ ചിഫ് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. നൂറു ദിനങ്ങൾ തുടർച്ചയായി ഓൺലൈൻ സെമിനാർ നടത്തിയതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി, നൂറോളം രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഐ എഫ് പി എച്ച് സംഘടിപ്പിച്ച ദശദിന സെമിനാർ സീരീസിന്റെ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തിപ്പത്തിലെ തന്റെ ആദ്യ ഹിമാചൽ യാത്ര, സാധാരണ പതിവുള്ള ചർദ്ദിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ സുഗമമാക്കിയത് യാത്രയയ്ക്ക് മുൻപ് കഴിച്ച ഹോമിയോ മരുന്നായിരുന്നുവെന്ന് താനിപ്പോഴും ഓർക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ തുടക്കത്തിൽ, ഡൽഹിയിൽ ആയിരക്കണക്കിന് ആളുകൾക്ക് ഹോമിയോ പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകുകയും അവയുടെ പ്രതിരോധശേഷി തനിക്കു ബോധ്യപ്പെട്ടുവെന്നും മുൻ ചിഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗ്രീസ്, ബെൽജിയം, ജോർദാൻ, സെർബിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ സമാപന ദിവസം സംസാരിച്ചു. വളരെ സുപ്രധാനമായ ഒരു പ്രമേയവും ചരിത്രത്തിൽ ഇടം പിടിക്കുന്ന ഒരു പ്രഖ്യാപനവും ഈ പ്രത്യേക സെമിനാർ സീരീസ് കോവിടാനന്തര ആരോഗ്യനയങ്ങളിൽ കാതലായ മാറ്റങ്ങൾക്കുള്ള നാഴികക്കല്ലായി മാറുമെന്ന് ആരോഗ്യ ഗവേഷകർ വിലയിരുത്തുന്നു.

ആരോഗ്യ രംഗത്തെ ഇന്ത്യയുടെ അഭിമാനമായ ആയുഷ് വകുപ്പിന്റെ കീഴിൽ രോഗപ്രതിരോധം, ചികിത്സ എന്നിവയിൽ കോവിഡിനെതിരെ ഹോമിയോ മരുന്നുകൾ വച്ച് നടത്തിയ നിരവധി താരതമ്യം ചെയ്തും അല്ലാതെയുമുള്ള വിജയകരമായ പരീക്ഷണ ഫലങ്ങളുടെയും ഒപ്പം ഗുജറാത്ത്, ദില്ലി, ഗോവ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഹോമിയോപ്പതി ആശുപത്രികളിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന കോവിഡ് ‑19 ചികിത്സകൾ, എന്നിവയെ മുൻനിർത്തി, ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ ഭീഷണിയിൽ നിന്നും അതിവേഗം മറികടക്കുന്നതിനു, നിലവിലുള്ള കോവിഡ് ‑19 പാന്റമിക്കിനെതിരെയുള്ള ചികിത്സാ നയത്തിൽ ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായത്തെ ഉൾപ്പെടുത്താൻ ലോക രാജ്യങ്ങളെ ഉപദേശിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഇന്ത്യൻ പ്രസിഡന്റിനോട് വെബിനാർ പാസാക്കിയ പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

കോവിഡ് പോലുള്ള മഹാമാരികളാൽ മനുഷ്യ ജീവിതം തടങ്കലിലാകുന്നത് തടയാൻ ഹോമിയോപ്പതിയുടെ സേവനം പ്രയോജനപ്പെടുത്താൻ ആധികാരിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, ലോകരാജ്യങ്ങളെ ഓർമ്മപ്പെടുത്തുന്ന ആഗോള പ്രഖ്യാപനം പിന്തുണയ്ക്കാൻ ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആരോഗ്യ വിദഗ്ധർ തയാറായിട്ടുണ്ട്. അവരുടെ പേരുകൾ ഉൾക്കൊള്ളിച്ചു കൊണ്ട് വൈകാതെ തന്നെ പ്രസ്തുത പ്രഖ്യാപനത്തിന്റെ പകർപ്പുകൾ എല്ലാ രാജ്യത്തലവന്മാർക്കും എത്തിച്ചുകൊടുക്കുന്നതാണ്. സമാപന ദിവസത്തെ അഥിതികളെ ഐ എഫ് പി എച്ച് പ്രസിഡന്റ് ഡോ. ഇസ്മായിൽ സൈട്ട് സ്വാഗതം ചെയ്തു. ഡോ. ഷാജി കൂടിയാട്ട്, . ഇ. വി. പ്രസാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഐ. എച്ച് എം. എ. യുടെ ഗൾഫ് ചാപ്റ്റർ പ്രസിഡന്റ് ഡോ. ശ്രീലേഖ വിനോദ് ഗ്ലോബൽ പ്രഖ്യാപനം വായിച്ചു. ഏകദേശം എഴുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു ശ്രദ്ധേയമാക്കിയ സെമിനാർ സീരിസിൽ പങ്കെടുത്ത എല്ലാവർക്കും സ്റ്റീറിങ് കമ്മിറ്റി അംഗം ഫൈസൽ മേലാടി നന്ദി പ്രകാശിപ്പിച്ചു. ദിനം പ്രതി നടത്തിവരുന്ന സെമിനാർ തുടരുമെന്ന് പബ്ലിസിറ്റി കൺവീനർ ശ്രീ. സലാഹുദീൻ അറിയിച്ചു