Saturday
16 Feb 2019

ഹോമറും കല്യാണസുന്ദരവും പ്രണാബും ഭാരതരത്‌നവും

By: Web Desk | Sunday 27 January 2019 10:23 PM IST

devika

ഗ്രീക്ക് ഇതിഹാസകാരനായ ഹോമര്‍ പട്ടിണി ഭക്ഷണമാക്കി ജീവിച്ച മഹാപ്രതിഭയായിരുന്നു. വറുതിയുടെ കെടുതികളിലും തളരാത്ത ആ പ്രതിഭ ഒരു നേരത്തെ അന്നത്തിനുവേണ്ടി യാചിച്ചു. മഹാകുബേരന്‍മാരും സാധാരണക്കാരും യാചകനായ ആ മഹാമനീഷിയെ ആട്ടിപ്പായിച്ചു. എങ്കിലും ആ പ്രതിഭയുടെ മഹാസാഗരത്തില്‍ ഇലിയഡും ഒഡിസിയുമടക്കം ഇതിഹാസ പുഷ്പങ്ങള്‍ വിടര്‍ന്നു.

പട്ടിണിക്കോലമായിത്തന്നെയായിരുന്നു ഹോമര്‍ ഇതിഹാസങ്ങളും പട്ടിണിയുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായതും. പക്ഷേ കഥാവശേഷനായപ്പോള്‍ ഹോമര്‍ ഇതിഹാസതുല്യനായി. ഹോമര്‍ ജനിച്ചതും വളര്‍ന്നതും തങ്ങളുടെ നാട്ടിലായിരുന്നുവെന്ന് അവകാശപ്പെട്ട് ഏഴ് മഹാനഗരങ്ങളായിരുന്നു മുന്നോട്ടുവന്നതെന്നും ചരിത്രം. മരണാനന്തര ബഹുമതിയായിപോലും ഹോമര്‍ക്ക് നൊബേല്‍ സമ്മാനമോ ഭാരതരത്‌നമോ ഒരു ചീളു പത്മശ്രീയോ പോലും ലഭിച്ചില്ലെന്നതും ചരിത്രം.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വാരിവിതറിയ ഭാരതരത്‌നമടക്കമുള്ള പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഓര്‍ത്തുപോയ രണ്ടുപേരുകളാണ് ഹോമറും തമിഴ്‌നാട്ടിലെ പാലം കല്യാണസുന്ദരവും. ഭാരതരത്‌ന ബഹുമതി മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കെന്ന പ്രഖ്യാപനം വന്നതു മുതല്‍ തുടങ്ങി വിവാദങ്ങളുടെ വെടിപടഹധ്വനികള്‍. കോണ്‍ഗ്രസുകാരനായും അല്‍പകാലം കോണ്‍ഗ്രസ് വിമതനായും നിന്ന് കേന്ദ്രമന്ത്രിസഭയിലെ താക്കോല്‍ സ്ഥാനങ്ങളെല്ലാം സ്വന്തമാക്കി ഒടുവില്‍ രാഷ്ട്രപതി വരെയായി റെയ്‌സിന ഹില്‍സില്‍ വാണരുളിയ പ്രണാബ് ഭാരതരത്‌നമായതിനു പിന്നിലെ കളികള്‍ ജുഗുത്സാവഹമാണ്. ആര്‍ വെങ്കിട്ടരാമനും പ്രതിഭാ പാട്ടീലും മാത്രമാണ് ചരിത്രത്തില്‍ തെല്ല് ദുഷ്‌പേര് കേള്‍പ്പിച്ച രാഷ്ട്രപതിമാര്‍.

വെങ്കിട്ടരാമന്‍ പടിയിറങ്ങുമ്പോള്‍ രാഷ്ട്രപതിഭവനിലെ കസേരകളും മേശകളും ചട്ടികലങ്ങളും കൂടുംകുടുക്കയും തന്റെ സ്വന്തം വീട്ടിലേയ്ക്ക് അടിച്ചുമാറ്റിയെന്ന ചീത്തപ്പേരേ കേള്‍പ്പിച്ചിട്ടുള്ളു. പ്രതിഭാ പാട്ടിലാകട്ടെ തനിക്ക് ഇന്ത്യയടക്കം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലഭിച്ച കോടിക്കണക്കിന് വിലയുള്ള ഉപഹാരങ്ങള്‍ ചാക്കുകെട്ടുകളിലാക്കി കടത്തിയെന്നായിരുന്നു കേസ്. എന്തായാലും ഇരുവര്‍ക്കും അടുത്തൂണ്‍ അനന്തരമായി ഭാരതരത്‌നം ലഭിച്ചില്ല എന്നു സമാധാനിക്കാം. വെങ്കിട്ടരാമനും പ്രതിഭാപാട്ടിലിനും ശീലക്കേടുകളുണ്ടെങ്കിലും രാഷ്ട്രപതിയുടെ ഔദേ്യാഗികപദവിയില്‍ പ്രണാബിനെക്കാളേറെ പ്രാഗത്ഭ്യം കാട്ടിയവരുമായിരുന്നു. അടുത്തൂണ്‍ പറ്റിയ ഡിജിപി സെന്‍കുമാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ പ്രണാബ് ഒരു ആവറേജ് രാഷ്ട്രപതിയായിരുന്നു.

പക്ഷേ പ്രണാബ് ഒപ്പിച്ചെടുത്ത ഭാരതരത്‌നത്തിന് തിളക്കമേതുമില്ല. ഈ മുന്‍ രാഷ്ട്രപതി ആര്‍എസ്എസ് സുപ്രീം കമാന്‍ഡര്‍ മോഹന്‍ഭാഗവതിന്റെ നാഗ്പൂരിലെ ആസ്ഥാനത്തുചെന്ന് മുറ്റമടിച്ചതിലും പാത്രം കഴുകിയതിനും കിട്ടിയ ക്ലാവുപിടിച്ച ഭാരതരത്‌നം. പുരസ്‌കാര ജേതാവിനെ ആശ്രയിച്ച് പുരസ്‌കാരത്തിനു മാറ്റുകൂടുമെന്നാണല്ലോ വയ്പ്. പ്രണാബിന്റെ കാര്യത്തില്‍ അത് കടകവിരുദ്ധവുമായി. ഭാരതരത്‌നയ്ക്കും ഗ്ലാനി, അത് ഒപ്പിച്ചെടുത്ത പ്രണാബും കളങ്കിത ജേതാവായി. ഇതെല്ലാമോര്‍ക്കുമ്പോഴാണ് ഹോമറും തമിഴ്‌നാട്ടിലെ പാലം കല്യാണസുന്ദരവും ഉത്തുംഗഹിമാലയത്തോളം സമാന ഇതിഹാസങ്ങളാകുന്നത്. ക്രിക്കറ്റ് കളിച്ച് ശതകോടികളും പരസ്യങ്ങളിലൂടെ പിന്നെയും ശതകോടികളും വാരിക്കൂട്ടിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും ഭാരതരത്‌നം ആര്‍എസ്എസിനു ദാസ്യവേല ചെയ്തതിനു പ്രണബിനും ഭാരതരത്‌നം. പത്മപുരസ്‌കാരങ്ങളുടെ മാനദണ്ഡം സമ്പത്തും സോപ്പിടലും. പത്മശ്രീ കിട്ടി ഇപ്പോള്‍ പത്മവിഭൂഷിതനായി സ്ഥാനക്കയറ്റം ലഭിച്ച ഒരു മഹാനടന്‍ ആദ്യ ബഹുമതി ലഭിച്ചതിനു പിന്നാലെ പ്രത്യക്ഷപ്പെട്ടത് ‘വൈകിട്ടെന്താ പരിപാടി’ എന്ന ചോദ്യത്തോടെ ഒരു മദ്യത്തിന്റെ പരസ്യമോഡലായി. മോഡിയുമൊത്തു പടമെടുത്ത മോഹന്‍ലാല്‍ ഇന്നു പത്മഭൂഷണ്‍!

ഹോമറെ പുരാതന ഗ്രീസാണ് മറന്നതെങ്കില്‍ ഈ പത്മരത്‌ന പുരസ്‌കാരജേതാക്കള്‍ക്കിടയില്‍ ഒരു തേജോപുഷ്പം പോലെ ഉയര്‍ന്നുനില്‍ക്കുന്നയാളാണ് ഇന്ത്യ ഇനിയും ഓര്‍മിച്ചെടുക്കാത്ത പാലം കല്യാണസുന്ദരം. മുപ്പതുവര്‍ഷം ലൈബ്രേറിയനായി ഉദേ്യാഗം നോക്കി വിരമിച്ചയാളാണ് കല്യാണസുന്ദരം. ശമ്പളം മുഴുവന്‍ പട്ടിണി കിടക്കുന്നവരെ ഊട്ടാനും ആകാശമേലാപ്പിനു കീഴെ കഴിയുന്നവര്‍ക്കു വീടുവച്ചുകൊടുക്കാനും വിനിയോഗിച്ചു. പെന്‍ഷന്‍ ആനുകൂല്യമായി ലഭിച്ച 10 ലക്ഷം രൂപയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചു. പെണ്ണും പെടക്കോഴിയുമൊന്നുമില്ലാത്തത് ഭാഗ്യമായെന്നുകരുതുന്ന ഈ അവിവാഹിതന്‍ അന്നും ഇന്നും വൈകുന്നേരം മുതല്‍ രാവേറെ ചെല്ലുവോളം ഒരു ഹോട്ടലില്‍ വിളമ്പുകാരനായി പണിയെടുത്താണ് തന്റെ അന്നവസ്ത്രാദികള്‍ക്കുള്ള വക കണ്ടെത്തുന്നത്. പ്രണാബിനെയും സച്ചിനെയും ഭാരതരത്‌നത്തിനു തപ്പിയെടുത്ത നമ്മള്‍ കല്യാണസുന്ദരം എന്ന ഈ മഹാനുഭാവനെ കണ്ടില്ല. പക്ഷേ അമേരിക്ക അദ്ദേഹത്തെ ‘ഈ നൂറ്റാണ്ടിലെ മഹാവ്യക്തിത്വ’മായി തിരഞ്ഞെടുത്തിരിക്കുന്നു. സമ്മാനത്തുകയായി ലഭിച്ച 30 കോടി രൂപയും ജീവകാരുണ്യപദ്ധതികള്‍ക്കു നീക്കിവച്ചുകഴിഞ്ഞ കല്യാണസുന്ദരം ഹോട്ടലിലെ വിളമ്പുകാരനായി കാലയാപനം കഴിക്കുന്നു. വായനക്കാരെ ഭാരതരത്‌നത്തിന് അര്‍ഹന്‍ പ്രണാബോ പാലം കല്യാണ സുന്ദരമോ എന്നു പറഞ്ഞുതരൂ.

ഒരാളിന്റെ മുഖത്തുനോക്കി തന്തയ്ക്ക് വിളിക്കണമെങ്കില്‍ അത് എങ്ങനെയാകാമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നമുക്ക് ഒരു ക്ലൂ തന്നിരിക്കുന്നു. ലോകോത്തര ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പിനാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിലാണ് പുത്തന്‍ കൂറ്റ് ബിജെപിക്കാരനും പഴയ കൂറ്റ് ഡിജിപിയുമായ ടി പി സെന്‍കുമാറിന് കലിപ്പ്. രാഷ്ട്രപതിയാണ് നമ്പിനാരായണന് പത്മഭൂഷണ്‍ ബഹുമതി നല്‍കിയത്. സെന്‍കുമാറിനും രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. തന്റെ പുരസ്‌കാരം കനകനിര്‍മിതം, നമ്പിനാരായണന്റേത് കറുക്കന്‍ വെള്ളിയില്‍ തീര്‍ത്തത് എന്ന വിടുവായത്ത വാദം. ഉപഗ്രഹ നിര്‍മാണ വിദഗ്ധനായ നമ്പിനാരായണനെ വ്യാജ മാലി ചാരക്കേസില്‍ കുടുക്കി ബഹിരാകാശ ഗവേഷണ മേഖലയില്‍ നിന്നു പുകച്ചു പുറത്തുചാടിച്ചിലായിരുന്നുവെങ്കില്‍ സതീഷ് ധവാനും വസന്ത് ഗവാരിക്കര്‍ക്കും മാധവന്‍ നായര്‍ക്കും മുമ്പ് ഐഎസ്ആര്‍ഒ ചെയര്‍മാനാകുമായിരുന്നു. ബഹിരാകാശ ഗവേഷണശാലയിലെ പണികഴിഞ്ഞാല്‍ ചാലയില്‍ ചെറുപലചരക്കുകട നടത്തുന്ന സഹോദരനെ സഹായിക്കാനും സാധനങ്ങള്‍ എടുത്തുകൊടുക്കാനും സമയം ചെലവഴിച്ചിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്‍. ചാരക്കേസിനു പിന്നില്‍ യുഎസ് ഗൂഢാലോചനയുണ്ടെന്ന വാദം ഇന്നും എഴുന്നുനില്‍ക്കുന്നു. പുകച്ചു പുറത്തുചാടിച്ചില്ലായിരുന്നുവെങ്കില്‍ ഇതിന് എത്രയോ മുമ്പ് നമ്പിനാരായണന്‍ പത്മപുരസ്‌കാര ജേതാവാകുമായിരുന്നുവെന്നത് വേറെ കാര്യം.

ആ ശാസ്ത്ര പ്രതിഭയെയാണ് അമീറുല്‍ ഇസ്‌ലാം, ഗോവിന്ദച്ചാമി എന്നീ കൊലയാളികളോട് ഉപമിച്ച സെന്‍കുമാരന് പ്രഥമദൃഷ്ട്യാ കരണക്കുറ്റിയില്‍ പൊന്നീച്ച പറത്തേണ്ട മറുപടിയാണ് നല്‍കേണ്ടിയിരുന്നത്. അതല്ലെങ്കില്‍ തന്തയ്ക്ക് വിളിക്കണം. സാമാന്യ പ്രബുദ്ധ മലയാളിക്ക് ഇത് രണ്ടുമായില്ലല്ലോ എന്നോര്‍ത്ത് ജനം ഖിന്നരായിരിക്കുമ്പോള്‍ ദേ, വരുന്നു ബിജെപിയുടെ തങ്കക്കമ്പിയായ കേന്ദ്രമന്ത്രി കണ്ണന്താനം. അദ്ദേഹം അറുത്തുമുറിച്ചുപറഞ്ഞു; സെന്‍കുമാര്‍ ഈ പറഞ്ഞതെല്ലാം ജനിതകമായ കുറ്റമാണെന്ന്. സെന്‍കുമാറിന്റെ പിതാവിന്റെ ഡിഎന്‍എ പരിശോധിക്കാതെയുള്ള ആ കാച്ച് കലക്കനായി. തന്തയ്ക്ക് വിളിക്കണമെങ്കില്‍ ഇങ്ങനെ വിളിക്കണം. നന്ദി കണ്ണന്താനം ഗുരവേ നമ!

തെരഞ്ഞെടുപ്പ് സര്‍വേകളുടെ മലവെള്ളപ്പാച്ചില്‍ക്കാലമാണിത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയും ബിജെപിയും നിലം തൊടില്ലെന്നാണ് എല്ലാ പ്രവചനങ്ങളും. ഇതെല്ലാം കേട്ടുകഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ ഒരു ബിജെപി നേതാവ് പറയുന്നതു കേട്ടു, വെറും കയ്യോടെ അധികാരത്തില്‍ വന്ന ഞങ്ങള്‍ ഇന്ത്യയെ അഷ്‌ടൈശ്വര്യ സമൃദ്ധിയില്‍ കുളിപ്പിച്ചു കിടത്തിയിട്ട് വെറും കയ്യോടെ പടിയിറങ്ങുകയാണ്. പൊതുഖജനാവ് കൊള്ളയടിക്കാതെയാണ് പടിയിറക്കമെന്നു സാരം. ഇതു കേട്ടപ്പോള്‍ ലോകപ്രശസ്തമായ ‘ജോക്കി’ അടിവസ്ത്രനിര്‍മാണശാലയിലെ സംഭവമാണ് ഓര്‍ത്തുപോയത്. ആയിരക്കണക്കിന് ആണുംപെണ്ണും പണിയെടുക്കുന്ന അടിവസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ നടത്തിയ ഓഡിറ്റില്‍ പ്രതിദിനം ആയിരക്കണക്കിന് അടിവസ്ത്രങ്ങളാണ് സ്റ്റോക്കില്‍ കുറവ് വരുന്നത്. പണികഴിഞ്ഞ് പുറത്തേയ്ക്ക് പോകുന്നതുവരെ പാദാദികേശവും കേശാദിപാദവും തപ്പിനോക്കി. എല്ലാപേരും അവരവരുടെ അടിവസ്ത്രവുമായേ പുറത്തേയ്ക്ക് പോകുന്നുള്ളൂ. പിന്നെ ഇത് എങ്ങനെയെന്ന് ഓഡിറ്റര്‍ കുഴങ്ങി.

അപ്പോഴാണ് ഓഡിറ്റര്‍ക്ക് ഒരു ഐഡിയ തോന്നിയത്. ഓരോ ഷിഫ്റ്റിലും പണിക്കെത്തുന്നവരെ പരിശോധിച്ചു. ഒരൊറ്റ ആണിനും പെണ്ണിനും അടിവസ്ത്രമില്ല! അടിവസ്ത്ര മോഷണത്തിനു കാരണവും കണ്ടെത്തി. അതുപോലെയാണ് വെറുംകയ്യും വീശി അധികാരത്തില്‍ അടിവസ്ത്രമില്ലാതെ എത്തിയ ബിജെപിയുടേയും കഥ. അധികാരത്തില്‍ നിന്നു പടിയിറങ്ങുമ്പോള്‍ കുംഭകോണങ്ങള്‍ ഒളിപ്പിച്ച അടിവസ്ത്രങ്ങളുടെ പൊടിപൂരമായിരിക്കും.

Related News