Web Desk

നോയ്ഡ

December 20, 2020, 9:58 pm

ഹോണ്ട നോയിഡയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു

Janayugom Online

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു. ഹാർലി ഡേവിഡ്‌സൺ ഹരിയാനയിലെ പ്ലാന്റ് അടച്ചതിന് പിന്നാലെയാണ് ജപ്പാൻ ആസ്ഥാനമായ ഓട്ടോ ഭീമൻ ഹോണ്ടയും ഫാക്ടറി നിർത്തലാക്കുന്നത്.

പ്രതിവർഷം ഒരു ലക്ഷം യൂണിറ്റ് ശേഷിയുള്ള ഗ്രേറ്റർ നോയിഡ പ്ലാന്റ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കാർ പ്ലാന്റുകളിലൊന്നാണ്. 1997ലാണ് ഈ പ്ലാന്റ് സ്ഥാപിതമായത്. കമ്പനി നിർമ്മാണ ചെലവ് കൈകാര്യം ചെയ്യുന്നതിൽ വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഫാക്ടറി അടച്ചു പൂട്ടുന്നത്. ഹോണ്ട നിലവിൽ സിറ്റി, അമേസ്, ഡബ്ല്യുആർ‌വി, ജാസ് എന്നീ കാറുകള്‍ ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

1.8 ലക്ഷം യൂണിറ്റ് ശേഷിയുള്ള അൽവാർ പ്ലാന്റിലായിരിക്കും ഇനി വാഹനങ്ങൾ നിർമ്മിക്കുക. 150 ഏക്കർ സ്ഥലത്തുള്ള നോയ്ഡ ഫാക്ടറിയിൽ ഉല്പാദനം നിർത്തിവയ്ക്കുമ്പോൾ നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.ഫാക്ടറിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ കമ്പനി വലിയൊരു വിഭാഗം ജീവനക്കാർക്ക് വിആർഎസ് നൽകിയിരുന്നു.

ഹോണ്ടയുടെ ആർ & ഡി സജ്ജീകരണം, കോർപ്പറേറ്റ് ഓഫീസ്, സ്പെയർ പാർട്സ് പ്രവർത്തനങ്ങൾ എന്നിവ ഗ്രേറ്റർ നോയിഡയിൽ തുടരും. വാങ്ങൽ, ധനകാര്യം, സേവനം, മാർക്കറ്റിംഗ്, വിൽപ്പന, പിആർ, എച്ച്ആർ തുടങ്ങിയ പ്രവർത്തനങ്ങളും ഇവിടെ തുടരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മുൻ‌കാലങ്ങളിൽ നിരവധി മികച്ച മോഡലുകൾ പുറത്തിറക്കിയിരുന്ന കമ്പനി തുടക്കത്തിൽ ഡീസൽ എഞ്ചിൻ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ വൈകിയിരുന്നു. ഇത് ബിസിനസിനെ സാരമായി ബാധിച്ചു.

Eng­lish Sum­ma­ry: Hon­da in Noi­da Fac­to­ry closes

You may like this video also