Web Desk

കൊച്ചി

February 08, 2021, 6:17 pm

വേദിയിൽ സ്ത്രീകളെ ഇരിക്കാൻ അനുവദിച്ചില്ലെന്ന പാർവ്വതിയുടെ വിമർശനത്തിന്‌ മറുപടിയുമായി ഹണിറോസ്

Janayugom Online

താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വനിതാ താരങ്ങളെ വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ പാർവതി തിരുവോത്തിന്റെ പരാമർശത്തിൽ വിശദീകരണവുമായി നടി ഹണി റോസ്. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്ന് പാര്‍വതി പ്രതികരിച്ചിരുന്നു. ഉദ്ഘാടന വേളയിൽ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’, പാര്‍വതി പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ഹണി റോസ് രംഗത്തെത്തി.‘എക്സിക്യൂട്ടിവ് മെമ്പർ എന്ന നിലയിൽ ഞങ്ങൾക്ക് ചെയ്യാൻ അവിടെ ചില ജോലികൾ ഉണ്ടായിരുന്നു. എല്ലാ കമ്മറ്റി മെമ്പേഴ്സിനും അവരുടേതായ ജോലികൾ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാകും അതിനിടയിൽ ഇരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ചില കാര്യങ്ങൾ ചെയ്തിട്ട് ഓടി വന്നു നിൽക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഇടക്ക് ഞങ്ങൾ ഇരിക്കുകയും ചെയ്തു. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്സും അവിടെ നിൽപ്പുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം ഇത് കഴിഞ്ഞു ഉണ്ടാകും എന്ന് കരുതിയല്ലല്ലോ ഞങ്ങൾ അവിടെ നിന്നത്. സ്ത്രീകൾ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്‍നം. സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ഇല്ല. അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്.’–ഹണി റോസ് വ്യക്തമാക്കി.

Eng­lish Sum­ma­ry : Par­vathy Thiru­voth and Hon­ey Rose on AMMA Inau­gu­ra­tion function

You may also like this video :