Janayugom Online
honey trap gang

ഹണി ട്രാപ്പ് വമ്പന്‍ സംഘം കണ്ണൂരില്‍ അറസ്റ്റില്‍; ബ്ലാക്കമെയിലിങ്ങില്‍ ഇവര്‍ ആവശ്യപ്പെടുന്നത് കോടികള്‍

Web Desk
Posted on August 25, 2018, 6:25 pm
തളിപ്പറമ്പ്: സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നന്‍മാരെ വലയിലാക്കി വീഡിയോയും ഫോട്ടോകളും രഹസ്യമായി ചിത്രീകരിച്ച് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി കോടികളാവശ്യപ്പെടുന്ന ആറംഗസംഘത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.  കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷണകേസില്‍ അറസ്റ്റിലായ കുറുമാത്തൂരിലെ റുപൈസിനെയും ഇന്നലെ അറസ്റ്റിലായ കൂട്ടുപ്രതി ചുഴലിയിലെ ഇര്‍ഷാദിനേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രതികള്‍ കൂടി പോലീസ് വലയിലായത്.
  ചപ്പാരപ്പടവ് കൂവേരിയിലെ  അബ്ദുള്‍ ജലീലിന്  കാസര്‍ഗോഡ് സ്വദേശിനിയായ സ്ത്രീയുമായി ലൈംഗീക ബന്ധത്തിന് ചെമ്പന്‍തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയ പ്രതികള്‍  അത് വീഡിയോയില്‍ രഹസ്യമായി ചിത്രീകരിച്ച്  ഒരു കോടി രൂപ വേണമെന്ന് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ അബ്ദുള്‍ ജലീല്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ മോഷണമുതലായ സ്‌കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിയ സംഭവത്തില്‍ അറസ്റ്റിലായ ചുഴലിയിലെ കെ.പി.ഇര്‍ഷാദ്്(20), ബൈക്ക് മോഷ്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ  റുപൈസ്(22), പട്ടവം അരിയിലെ കെ.പി.അന്‍സാര്‍ (26), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ(45), ബക്കളം മോറാഴയിലെ റംസീനാസില്‍ എം.പി.റംഷീദ്(25), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി.എസ്.അമല്‍ദാസ് (21) എന്നിവരെയാണ്  ഇന്ത്യന്‍ ശിക്ഷാനിയമം 384,420,506 റെഡ് വിത്ത് 34 1 ഐപിസി ഐടി നിയമം സെക്ഷന്‍ 67 എന്നിവ പ്രകാരം അറസ്റ്റ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍, അഡീ.എസ് ഐ കെ.കെ.പ്രശോഭ്, എഎസ്‌ഐ ജോസ്, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ്, സിപിഒ ജാബിര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
  കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ കുറുമാത്തൂര്‍ റഹ്മത്ത് വില്ലയിലെ കൊടിയില്‍ റുവൈസാണ് ബ്ലാക്ക്‌മെയിലിങ്ങിന്റെ ബുദ്ധികേന്ദ്രമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈല്‍ റിഫായിയ പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ ഏഴാംമൈല്‍ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്ത കേസില്‍ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് റൂവൈസ് കുടുങ്ങിയത്. റുപൈസില്‍ നിന്ന് സ്‌കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച കേസിലാണ് ഇര്‍ഷാദിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക് മെയിലിങ്ങ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.