ഫോണ്‍ വിളി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി യുവതി പിന്‍വലിച്ചു

Web Desk
Posted on January 05, 2018, 2:33 pm

കൊച്ചി: വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി പിന്‍വലിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയുന്നതിന് തൊട്ട് മുന്‍പായാണ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിക്ക് മന്ത്രി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത് അധികാര ദുര്‍വിനിയോഗമാണ് എന്നും കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. അതേസമയം പരാതിക്കാരിയും പ്രതിയും തമ്മില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ കേസ് നിലനില്‍ക്കില്ല എന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

തോമസ് ചാണ്ടിയും രാജിവെച്ചതോടെ നിലവില്‍ എന്‍സിപിക്കുള്ള മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. കേസ് ഒത്തുതീര്‍പ്പാക്കിയതിന് ശേഷം മന്ത്രിസഭയിലേക്ക് തിരികെ വരാനുള്ള എകെ ശശീന്ദ്രന്റെ നീക്കത്തിനാണ് ഇതോടെ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. സ്വകാര്യ ചാനല്‍ ലോഞ്ചിംഗിന്റെ ഭാഗമായാണ് ശശീന്ദ്രനും പരാതിക്കാരിയും അടങ്ങുന്ന സ്വാകാര്യം സംഭാഷണം പുറത്ത് വിട്ടത്. ഇതോടെ ശശീന്ദ്രന്റെ മന്ത്രിക്കസേരയും തെറിച്ചു. എന്നാല്‍ തങ്ങള്‍ നടത്തിയത് ഒരു ഹണി ട്രാപ്പ് ആയിരുന്നുവെന്ന് ചാനല്‍ തന്നെ പിന്നീട് കുറ്റസമ്മതം നടത്തുകയുണ്ടായി. പിന്നീടാണ് മന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക പരാതി നല്‍കുന്നത്.