ഹോങ്കോങ്സിറ്റി: നഗരത്തിലെ മൂന്നിലൊന്ന് മുതിർന്നവരിലും പോസ്റ്റ് ട്രൂമാറ്റിക് സ്ട്രെസ് ഡിസോർഡര്‍ (പിടിഎസ്ഡി)എന്ന ഗുരുതര മാനസിക രോഗ ലക്ഷണമുള്ളതായി റിപ്പോർട്ട്. നഗരത്തിൽ മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലാൻസെറ്റ് മെഡിക്കൽ ജേർണലിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുള്ളത്.
പത്തിലൊരാൾക്ക് വിഷാദ രോഗ സാധ്യതയുടെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭീകരാക്രമണമോ സൈനിക നടപടികളോ ഉണ്ടാകുന്ന മേഖലയിലെ ജനങ്ങളിൽ കാണുന്ന മാനസിക പ്രശ്നങ്ങൾക്ക് സമാനമായ സാഹചര്യമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
2014ലെ സംഘർഷങ്ങളെ തുടർന്ന് ഉണ്ടായതിനെക്കാൾ ആറ് മടങ്ങ് കൂടുതലാണ് ഇപ്പോഴത്തെ ജനാധിപത്യ അനുകൂല പ്രക്ഷോഭ കാലത്തെ മാനസിക സമ്മർദ്ദങ്ങളെന്നും റിപ്പോർട്ട് പറയുന്നു. 2015 മാർച്ചിലുണ്ടായ മാർച്ച് 2015ൽ മാനസിക സമ്മർദ്ദത്തിൽ അഞ്ച് ശതമാനം വർധന ഉണ്ടായപ്പോൾ 2019 സെപ്റ്റംബർ-നവംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരമിത് 32ശതമാനമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതായത് നഗരത്തിലെ 74ലക്ഷം മുതിർന്നവരിൽ 19 ലക്ഷത്തിനും പിടിഎസ്ഡി ലക്ഷണമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുതിർന്നവരിൽ പതിനൊന്ന് ശതമാനത്തിനും വിഷാദരോഗ ലക്ഷണങ്ങളുണ്ട്. 2017ൽ ഇത് 6.5ശതമാനമായിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘർഷം സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നത് മാനസിക സമ്മർദ്ദം വർധിക്കുന്നതിന്റെ കാരണമായെന്നും ചൂണ്ടിക്കാട്ടുന്നു.
18000 പേരിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
Hong Kong: nearly a third of adults report PTSD symptoms – study,
Research also finds heavy use of social media to follow socio-political events appears to increase risk on mental health