മോഡിയും യോഗിയും ഇല്ലാത്ത ഹോങ്‌കോങ്ങില്‍ രാജകീയ സ്ഥലനാമങ്ങള്‍ ഭദ്രം

Web Desk
Posted on January 11, 2019, 10:33 pm

പ്രത്യേക ലേഖകന്‍

ഹോങ്‌കോങ്ങ്: പട്ടിണിമാറ്റുന്നതിനെക്കാള്‍ മുന്‍ഗണന സ്ഥലനാമങ്ങള്‍ മാറ്റുന്നതിന് നല്‍കുന്ന നരേന്ദ്രമോഡിയും യോഗി ആദിത്യനാഥും ഹോങ്‌കോങ്ങിലില്ലാത്തതു ചരിത്രത്തിന്റെ ഭാഗ്യം.
കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗമായ ഹോങ്‌കോങ് കൊളോണിയല്‍ ഭരണകാലത്തെ ചരിത്രം ത്രസിക്കുന്ന സ്ഥലനാമങ്ങള്‍ മായ്ച്ചുകളയുന്ന ബിജെപി ഭരണത്തിന് ഇവിടം ഒരു പാഠപുസ്തകം.

ബെയ്ജിങ്ങിലെ രാജഭരണകാലത്തെ വേനല്‍ക്കാല കൊട്ടാരം കൊള്ളയടിച്ച ശേഷം അഗ്നിക്കിരയാക്കുകയും ചെയ്ത ബ്രിട്ടീഷുകാരനായ എല്‍ജിനിലെ പ്രഭു ജെയിംസ് ബ്രൂസിന്റെ സ്മരണയ്ക്കായി ഹോങ്‌കോങ്ങില്‍ ഒരു തെരുവുണ്ട്. എല്‍ജിന്‍ സ്ട്രീറ്റ്. ഈ പേരുമാറ്റാത്തതെന്തേ എന്നു ചോദിച്ചാല്‍ സാധാരണ ചൈനക്കാരനു പോലും മറുപടിയുണ്ട്. ജെയിംസ് ബ്രൂസ് പ്രഭുവിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. അധിനിവേശത്തിന്റെ ക്രൂരചരിത്രം.

കോളനിവാഴ്ചക്കാലത്ത് ഹോങ്‌കോങ്ങിലെ തെരുവിന് എല്‍ജിന്‍ സ്ട്രീറ്റ് എന്ന് പേരിട്ടത് മാറ്റിയാല്‍ അത് ഒരു ചരിത്രഘട്ടത്തെ മായ്ച്ചുകളയലാവുമെന്നായിരിക്കും ചൈനക്കാരുടെ മറുപടി.
വിക്‌ടോറിയാ രാജ്ഞി ബ്രിട്ടന്‍ വാണപ്പോഴാണ് സൂര്യനസ്തമിക്കാത്ത അവരുടെ സാമ്രാജ്യത്തില്‍ രാജ്ഞിയുടെ പേരില്‍ ലോകമാസകലം നൂറുകണക്കിന് സ്മാരകങ്ങള്‍ ഉയര്‍ന്നത്.

തിരുവനന്തപുരത്തെ വിക്‌ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ എന്ന വിജെടി ഹാള്‍ മോഡിയുടെ പേരുമാറ്റ ആക്രമണങ്ങള്‍ക്കിടയില്‍ പരിക്കേല്‍ക്കാതെ നില്‍ക്കുമ്പോള്‍ മുംബൈയിലെ മുഖ്യ റയില്‍വേ സ്റ്റേഷനായ വിക്‌ടോറിയാ ടെര്‍മിനസ് പേരുമാറ്റങ്ങളുടെ പ്രളയത്തില്‍ ഛത്രപതി ശിവജി ടെര്‍മിനലായി. പക്ഷേ കമ്മ്യൂണിസ്റ്റു ചൈനയിലെ ഹോങ്‌കോങ്ങിലെ ലോകത്തെ ഏറ്റവും വലിയ തുറമുഖത്തിന്റെ പേര് ഇപ്പോഴും വിക്‌ടോറിയാ ഹാര്‍ബര്‍ എന്നുതന്നെ.
യുകെയിലെയും പ്രതേ്യകിച്ച് ലണ്ടനിലേയും തെരുവുകളുടെ അതേ പേരുകളുമായി ഹോങ്‌കോങ്ങില്‍ ഇപ്പോഴും നിരവധി തെരുവുകള്‍ പേരുമായ്ക്കാതെ നിലനില്‍ക്കുന്നു. ഗ്ലൗസസ്റ്റര്‍ സ്ട്രീറ്റ് ലണ്ടനില്‍ മാത്രമല്ല ഹോങ്‌കോങ്ങിലുമുണ്ട്. വിക്‌ടോറിയന്‍ യുഗത്തിലെ ലണ്ടനിലുള്ള ക്വീന്‍ വിക്‌ടോറിയ സ്ട്രീറ്റ് ഹോങ്‌കോങ്ങിനും സ്വന്തം. ഓക്‌സ്‌ഫോര്‍ഡ് റോഡ്, ഹാംപ്‌ഷെയര്‍ റോഡ്, മാഞ്ചസ്റ്റര്‍ ഓക്‌സ്‌ഫോര്‍ഡ് റോഡ്, ഡര്‍ഹാം റോഡ് എന്നിവ ഹോങ്‌കോങ്ങിലുമുണ്ട്. ലണ്ടനിലെയും ഹോങ്‌കോങ്ങിലെയും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത് ഇരുരാജ്യങ്ങളിലെയും ഓക്‌സ്‌ഫോര്‍ഡ് റോഡ് പ്രദേശത്ത്. ഡല്‍ഹിയില്‍ കൊണോട്ട് പ്ലെയിസെങ്കില്‍ ഇവിടെ കൊണോട്ട് റോഡുമുണ്ട്. ലോകത്തെ ഏറ്റവും വലിയ വായു ശുദ്ധീകരണ പ്ലാന്റ് ഗ്ലൗസസ്റ്റര്‍ ഷെയറില്‍.

ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലെ ഒര സാങ്കല്‍പിക വീട്ടുനമ്പരിലാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ‘ഷെര്‍ലോക്ക് ഹോംസ്’ കഥാപാത്രം താമസിച്ചിരുന്നത്. ബേക്കര്‍സ്ട്രീറ്റ് ഹോങ്‌കോങ്ങിനും സ്വന്തം. എന്നാല്‍ രണ്ട് ബേക്കര്‍സ്ട്രീറ്റുകള്‍ക്കും ഒരു ബേക്കറിയുമായും ബന്ധമില്ല. ചൈനയിലെ കൊവ്‌ലൂണ്‍-കാന്റണ്‍ റയില്‍പ്പാത നിര്‍മിച്ച ചീഫ് എന്‍ജിനീയര്‍ റോബര്‍ട്ട് ബേക്കറുടെ സ്മാരകങ്ങളാണ് ലണ്ടനിലേയും ഹോങ്‌കോങ്ങിലേയും ബേക്കര്‍സ്ട്രീറ്റുകള്‍. യുകെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിനടുത്ത് ഒരു ഹോങ്‌കോങ് സ്ട്രീറ്റുമുണ്ട്. ഓര്‍ക്കാനുള്ളതാണ് ചരിത്രം തുടിക്കുന്ന സ്ഥലനാമങ്ങള്‍. അവയുടെ പിന്നിലെ ചരിത്രം നല്ലതായാലും പൊല്ലാത്തതായാലും സങ്കുചിത പ്രാദേശികവാദത്തിന്റെ പേരില്‍ അവ മാറ്റിക്കുറിക്കുന്നത് ചരിത്രനിഷേധമായി ചൈന കാണുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കാനിക്‌സ് യാവുവിന്റെ പക്ഷം.