Web Desk

ഹോങ്കോങ്ങ്

June 24, 2021, 3:07 pm

ഹോങ്കോങ്ങിലെ ആപ്പിള്‍ ഡെയ്‌ലി പത്രം അടച്ചുപൂട്ടുന്നു

Janayugom Online

ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്ലി അടച്ചുപൂട്ടലിലേക്ക്. ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ തിരിച്ചടികൾ നേരിട്ട ആപ്പിൾ ഡെയ്ലിയ്ക്ക് ശനിയാഴ്ചയോടെ താഴുവീഴുമെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പ്രിന്റ് എഡിഷന് പുറമെ ശനിയാഴ്ച 11.59 ന് ശേഷം ഡിജിറ്റൽ പതിപ്പും നിർത്തിവയ്ക്കമെന്നും സ്ഥാപന അധികൃതർ വ്യക്തമാക്കി. 

അതിനിടെ വിദേശരാജ്യങ്ങളുമായി രഹസ്യധാരണ നടത്തിയെന്ന ആരോപണത്തിൽ ആപ്പിൾ ഡെയ്ലിയുടെ കോളമിസ്റ്റിനെയും അറസ്റ്റ് ചെയ്തു. വിദേശ ശക്തികളുമായി സഖ്യത്തിലേർപ്പെട്ടുവെന്നാരോപിച്ചായിരുന്നു ആപ്പിൾ ഡെയ്ലിയിൽ പൊലീസ് റെയ്ഡ് നടത്തി എഡിറ്റർമാരെയടക്കം അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാനിയമപ്രകാരമാണ് അഞ്ച് എഡിറ്റർമാരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റുചെയ്തത്. സുരക്ഷാ നിയമങ്ങൾ ലംഘിച്ച് നിരവധി ലേഖനങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ചതായും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. 

അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പത്രത്തിലെ പ്രമുഖ എഴുത്തുകാർ, റിപ്പോർട്ടർ എന്നിവർ അറസ്റ്റിലായതായി ആപ്പിൾ ഡെയ്ലിയുടെ നെക്സ്റ്റ് ഡിജിറ്റലിന്റെ മുതിർന്ന എക്സിക്യുട്ടീവ് പറഞ്ഞു. എന്നാൽ റിപ്പോർട്ടറെ അറസ്റ്റ് ചെയ്തതിന്റെ കാരണം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പത്രത്തിന്റെ പ്രമുഖരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത സംഭവങ്ങളിൽ മുഖം രക്ഷിക്കാനാണ് സർക്കാരിനെതിരെ ആപ്പിൾ ഡെയ്ലി വിമർശം ഉന്നയിക്കുന്നതെന്നാണ് ഹോങ്കോങ് നേതാവ് കാരി ലാമിന്റെ വാദം. ആപ്പിൾ ഗ്രൂപ്പിന്റെ 23 ലക്ഷം ഡോളർ(ഏകദേശം 17.7 കോടി രൂപ) വരുന്ന ആസ്തികൾ മരവിപ്പിക്കുകയും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു ശേഷമുണ്ടായ അവസാന അറസ്റ്റാണിത്. കഴിഞ്ഞയാഴ്ച പത്രത്തിലെ അഞ്ച് എക്സിക്യുട്ടീവുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2019ൽ ഹോങ്കോങ്ങിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ആപ്പിൾ ഡെയ്ലി ഉടമയും ശതകോടീശ്വരനുമായ ജിമ്മിലായെ 20 മാസമായി ജയിലിലടച്ചിരിക്കുകയാണ്.
ENGLISH SUMMARY; Hong Kong pro-democ­ra­cy paper Apple Dai­ly con­firms closure
YOU MAY ALSO LIKE THIS VIDEO;