ഹോങ്കോങ്ങില്‍ നടക്കുന്നത്കലാപമോ സ്വാതന്ത്ര്യസമരമോ?

Web Desk
Posted on July 28, 2019, 10:48 pm
lokajalakam

ലോക ബിസിനസ് നഗരങ്ങളായി പേരുകേട്ട സിംഗപ്പൂരിനെയും ഹോങ്കോങ്ങിനെയും പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും. ഈ രണ്ട് നഗര രാഷ്ട്രങ്ങളും ലോക പൗരന്‍മാരുടെ ആവാസ കേന്ദ്രങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നതുകൊണ്ട് ഇംഗ്ലീഷ് രണ്ടിടങ്ങളിലെയും പൊതുഭാഷയായി മാറുകയും ചെയ്തു. ലോക വാണിജ്യകേന്ദ്രങ്ങളായി വികസിക്കുന്നതിന് ഇരു നഗരരാഷ്ട്രങ്ങളെയും സഹായിച്ച ഒരു പ്രധാന ഘടകവും അതാണ്. മലയ ഉപദ്വീപിനോട് ചേര്‍ന്നുകിടക്കുന്ന സിംഗപ്പൂര്‍ മലയയുമായി ലയിച്ച് മലേഷ്യ എന്നൊരു രാജ്യമാകാന്‍ ശ്രമിച്ചെങ്കിലും ആ ബാന്ധവം അധികകാലം നീണ്ടുനിന്നില്ല. ലീക്വാന്‍ യുവിന്റെ ഒരു ഒറ്റയാള്‍ ഭരണം ഒരു കുടുംബവാഴ്ചാ കേന്ദ്രമായാണ് നിലനില്‍ക്കുന്നത്.

ഹോങ്കോങ്ങാകട്ടെ ബ്രിട്ടീഷ് അധിനിവേശ ഭരണത്തിലുള്ള ഒരു കോളനിയെന്ന നിലയ്ക്കാണ് ദീര്‍ഘകാലമായി നിലനിന്നത്. 1949ല്‍ ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നതിനുശേഷമാണ് ആ സ്ഥിതിക്ക് മാറ്റം വന്നത്. ചൈനീസ് വന്‍കരയോട് തൊട്ടുരുമ്മിത്തന്നെ സ്ഥിതിചെയ്യുന്ന ആ പ്രദേശം ചൈനയുടെ ഭാഗമാണെന്നത് ദീര്‍ഘകാലമായി കോളനിവാഴ്ച നടത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‌പോലും തര്‍ക്കമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇരുപത്തിരണ്ട് സംവത്സരങ്ങള്‍ക്ക് മുന്‍പ് 1997ല്‍ ചില പ്രതേ്യക വ്യവസ്ഥകളോടെ ഹോങ്കോങ്ങിന്റെ ഭരണം ചൈനയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായത്.
ആ നിബന്ധന ചൈനയ്ക്കും സമ്മതമായിരുന്നു. ഹോങ്കോങ്ങിലെ സമ്പദ്‌വ്യവസ്ഥ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്തണമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ. മക്കാവൊ ദ്വീപിലും അങ്ങനെതന്നെയാണ് ഭരണകൈമാറ്റം നടന്നത്. 1949ല്‍ ചൈനയില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണം പ്രഖ്യാപിക്കപ്പെട്ടതോടെ മുന്‍ ഭരണാധികാരിയായ ചിയാംഗ് കൈഷക്കും അദ്ദേഹത്തിന്റെ ക്വോമിന്‍താങ് പാര്‍ട്ടിയും അമേരിക്കന്‍ സംരക്ഷണയില്‍ സ്വന്തമായൊരു ഭരണം സ്ഥാപിച്ച ഫോര്‍മോസ (തായ്‌വാന്‍) ദ്വീപിനും അതേരീതിയില്‍ ഒരു രാജ്യം രണ്ട് വ്യവസ്ഥകള്‍ എന്ന സമ്പ്രദായമാണ് ചൈന വാഗ്ദാനം ചെയ്തിട്ടുള്ളത്. അങ്ങനെ ഹോങ്കോങ് ചൈനയുടെ അഭേദ്യ ഭാഗമായിരിക്കുമ്പോഴും സാമൂഹ്യവ്യവസ്ഥയില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ല.
ഹോങ്കോങ്ങിന്റെ മുഖ്യ ഭരണാധികാരിയെ നിയമിക്കുന്നതിനുള്ള അധികാരം ബീജിംഗിലെ കേന്ദ്രഭരണത്തിനുതന്നെയാണ്. ഇതാണ് ഒരു വിഭാഗം തദ്ദേശീയരുമായുള്ള സംഘര്‍ഷത്തിന് അവിടെ തുടക്കം മുതല്‍ക്കുതന്നെ വഴിതുറന്നത്. മുഖ്യ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് അവകാശം വേണമെന്ന വാദത്തിന് പിന്നീട് വഴങ്ങിയ കേന്ദ്രസര്‍ക്കാര്‍ അതിന് നിശ്ചയിച്ച ഉപാധിയാണ് വീണ്ടും തര്‍ക്കത്തിന് ഇടയാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന ലിസ്റ്റിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മത്സരിക്കാന്‍ അവസരമുള്ളത്. ഇതിനെതിരായ പാശ്ചാത്യപക്ഷക്കാരുടെ ലഹള ഇപ്പോള്‍ അവിടെ ഒരു കലാപമായി വളര്‍ന്നിരിക്കുകയാണ്.
ഇതിന്റെ ഉച്ചകോടിയിലാണ് ജൂണ്‍ 16ന് നഗരം ദര്‍ശിച്ചിട്ടുള്ളതില്‍ ഏറ്റവും ബൃഹത്തായ ഒരു പ്രതിഷേധ പ്രകടനം അവിടെ നടന്നത്. പത്തൊന്‍പതുലക്ഷംപേര്‍ ഇതില്‍ പങ്കെടുത്തുവെന്നാണ് ഇതിന്റെ സംഘാടകര്‍ അവകാശപ്പെടുന്നത്. ആരും പ്രകടനക്കാരുടെ തല എണ്ണിനോക്കിയിട്ടില്ലെങ്കിലും ഒരു പടുകൂറ്റന്‍ പ്രതിഷേധ പ്രകടനം തന്നെയാണ് അവിടെ നടന്നത്. നഗരത്തിന്റെ നാനാഭാഗങ്ങളിലും പ്രകടനക്കാര്‍ പൊലീസിനെയും മറ്റും കയ്യേറ്റം നടത്തുകപോലും ചെയ്തു. പ്രകടനക്കാര്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് കണക്കില്ലാതെ വന്നപ്പോള്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകപ്രയോഗവും മറ്റും നടത്തുകയും ചെയ്തു. ലഹളക്കാരില്‍ പലരേയും അറസ്റ്റ് ചെയ്ത് തടവിലാക്കാനും പൊലീസ് നടപടി സ്വീകരിച്ചു. ഹാലിളകിയ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ അക്രമത്തിന് മുതിര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് വിവരിക്കേണ്ടതില്ലല്ലൊ. ഒടുവില്‍ അറ്റകൈ പ്രയോഗത്തിലൂടെ തന്നെ നഗരത്തില്‍ ശാന്തത സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് നീണ്ടുനില്‍ക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നില്ല.
കാരണം, ലഹളക്കാര്‍ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി കാണുകയൊ കേള്‍ക്കുകയൊ ചെയ്യാത്ത ബാലികാബാലന്‍മാരാണ്. അവരെ ആവേശംകൊള്ളിക്കാന്‍ ബാഹ്യശക്തികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോപ്പുകൂട്ടുന്നുമുണ്ട്. കോളനിവാഴ്ച നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ തന്നെ തങ്ങള്‍ വിട്ടുപോയപ്പോള്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ചൈനയെ ഇടയ്ക്കിടക്ക് ഓര്‍മിപ്പിക്കുന്നത് പ്രകടനക്കാര്‍ക്ക് ആവേശം പകരാനാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ കണ്ണുരുട്ടിക്കാണിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ ഇതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു. കൊളോണിയലിസവും സാമ്രാജ്യത്വവും മഞ്ഞച്ചേരയെന്ന പാമ്പിനെപ്പോലെയാണ്. തല്ലിക്കൊന്നാലും ചേരയുടെ വാല് ഇളകിക്കൊണ്ടിരിക്കും. പൂര്‍വകാല സാമ്രാജ്യത്തിന്റെ കാലം കഴിഞ്ഞെന്ന് അവര്‍ സമ്മതിക്കുകയില്ല. അധീശത്വം വീണ്ടെടുക്കാനാകുമോയെന്ന് വീണ്ടും വീണ്ടും അവര്‍ പരീക്ഷണം നടത്തും.
വളരെ ചെറിയൊരു പ്രശ്‌നമാണ് ലഹളക്കാര്‍ ഊതിവീര്‍പ്പിച്ചത്. ഒരുകൊല്ലം മുന്‍പ് ഹോങ്കോങ്ങുകാരനായ ഒരു ചെറുപ്പക്കാരന്‍ തായ്‌വാനില്‍ വച്ച് തന്റെ കാമുകിയെ കൊലചെയ്ത കേസില്‍ പ്രതിയാണ്. ഇയാളെ വിചാരണയ്ക്കായി തായ്‌വാനിലേക്ക് തിരിച്ചയക്കാന്‍ വ്യവസ്ഥയില്ല. കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഉടമ്പടിയുള്ള രാജ്യങ്ങള്‍ക്കേ ഇത് ചെയ്യാനാവൂ. ഈ ചട്ടം മറികടക്കാനാണ് അത്തരം കുറ്റവാളികളെ ചൈനയിലേക്ക് അയയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു പുതിയ ചട്ടം ഉണ്ടാക്കാന്‍ ഹോങ്കോങ്ങിന്റെ മുഖ്യ ഭരണാധികാരിയായ ക്യാരി ലാം ഒരു പുതിയ നിമയത്തെപ്പറ്റി ആലോചിച്ചത്. ഈ നിയമം ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വിചാരണയ്ക്കായി ചൈനയിലേക്ക് വണ്ടി കയറ്റുമെന്ന കുപ്രചരണത്തിലൂടെയാണ് ചെറുപ്പക്കാരില്‍ അവര്‍ രോഷാഗ്നി ആളിക്കത്തിച്ചത്.
ഈ നിയമം ഉടനടി നടപ്പിലാക്കാന്‍ പോകുന്നില്ലെന്നും ഈ നിയമനിര്‍മാണം പരണത്ത് വയ്ക്കാന്‍ പോവുകയാണെന്നും നഗരത്തിന്റെ ഭരണാധികാരി ഉറപ്പുനല്‍കുകയും സംഭവിച്ചുപോയ തെറ്റിന് ശ്രീമതി ക്യാരി ലാം ക്ഷമായാചനം നടത്തുകയും ചെയ്തിട്ടും ലഹള ശമിപ്പിക്കാന്‍ ഒരു നീക്കവുമുണ്ടായില്ലെന്ന വസ്തുത ഓര്‍മിച്ചാല്‍ ലഹളക്കാരെ ഇളക്കിവിട്ടവരുടെ കാര്യപരിപാടിയില്‍ മറ്റു ചില ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നതെന്ന് ആര്‍ക്കും ബോധ്യമാകും. എന്നാല്‍ ചൈനയെ ഹോങ്കോങ്ങില്‍ നിന്ന് ഓടിച്ചുവിടാന്‍ ആര്‍ക്കെങ്കിലും ദുരുദ്ദേശമുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് 1950കളിലെ കൊറിയന്‍ യുദ്ധം അവരെ പഠിപ്പിക്കേണ്ടതാണ്. അന്ന് അമേരിക്കക്കാര്‍ക്കും കൂട്ടര്‍ക്കും വടക്കന്‍ കൊറിയയില്‍ നിന്ന് വാലും ചുരുട്ടി ഓടേണ്ടിവന്ന കഥ അവര്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും. ഇന്ന് ചൈന അന്നത്തെക്കാള്‍ പതിന്‍മടങ്ങ് കരുത്തുള്ള ഒരു വന്‍ശക്തിയാണ്. അതല്ലെങ്കില്‍ ചൈനയുടെ എതിരാളികള്‍ കൊച്ചു ഹോങ്കോങ്ങില്‍ ഇപ്രകാരമൊരു സാഹസത്തിന് മുതിരുമായിരുന്നില്ല. എന്തും മോഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ടല്ലൊ. നാലു പതിറ്റാണ്ടു മുന്‍പ് സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനെ അഞ്ചാംപത്തിക്കാരെ ഉപയോഗിച്ച് തകര്‍ക്കാന്‍ കഴിഞ്ഞിട്ടും കമ്മ്യൂണിസം എന്ന ആശയം ഇന്നും ലോകത്തില്‍ സജീവമാണെന്ന് ആരും മറക്കേണ്ടതില്ല.
ബ്രിട്ടീഷുകാര്‍ ഹോങ്കോങ്ങ് വിട്ടുപോയതിനുശേഷമുള്ള രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ചൈനീസ് ഭരണത്തിനെതിരായി പല പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. 2003ലെ ദേശ ദ്രോഹകുറ്റത്തിനെതിരായ ഒരു പ്രക്ഷോഭവും എതിരാളികള്‍ ശക്തമായി നടത്തിനോക്കിയതാണ്. ചൈനയില്‍ ഹോങ്കോങ്ങുകാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടാമെന്ന നിയമത്തെയും തല്‍പരകക്ഷികള്‍ ശക്തിയായി എതിര്‍ത്ത് നോക്കിയതാണ്. 2014ലെ ‘ശീലക്കുട’ ലഹളയും ചൈനീസ് വന്‍കരയില്‍ നിന്ന് ഹോങ്കോങ്ങിനെ അടര്‍ത്തിമാറ്റാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. ആ ‘ശീലക്കുട’ സമരരൂപം തന്നെ ഇക്കഴിഞ്ഞ ജൂണില്‍ എതിരാളികള്‍ പരിശോധിച്ചു നോക്കിയിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തദ്ദേശീയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വളരെ പണിപ്പെടേണ്ടിവന്നിരുന്നു. 2014ലെ ‘ശീലക്കുട’ സമരരൂപത്തോടൊപ്പം വന്‍തോതിലുള്ള കുത്തിയിരിപ്പുസമരവും ജൂണ്‍ 21ന് അവര്‍ സംഘടിപ്പിച്ചിരുന്നു.
ഹോങ്കോങ്ങ് വിട്ടുപോകുന്ന അവസരത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചുവച്ച നിയമപ്രകാരം ഹോങ്കോങ്ങുകാരെ ക്രിമിനല്‍ കുറ്റവിചാരണയ്ക്ക് ചൈനയിലേക്ക് അയക്കുന്നതിനെ വിലക്കുന്ന വ്യവസ്ഥകളും എഴുതിച്ചേര്‍ത്തിരുന്നു. അതിനെയും മറികടക്കാനാണ് പുതിയ നിയമംകൊണ്ട് ഉദ്ദേശിച്ചിരുന്നത്.
വിട്ടുപോകല്‍ കരാറിന്റെ പ്രാബല്യം അഞ്ച് പതിറ്റാണ്ട് നീണ്ടുനില്‍ക്കുമെന്നതിനാല്‍ 2047 വരെ മാത്രമേ അതിന് നിലനില്‍പ്പുള്ളു.
അതേസമയം ഹോങ്കോങ്ങും ചൈനയും തമ്മിലുള്ള ബന്ധം വഷളായാല്‍ അതിന്റെ നഷ്ടം നഗരത്തില്‍ നിലയുറപ്പിച്ചിട്ടുള്ള അന്യനാട്ടുകാരായ ബിസിനസുകാരെയും സാരമായി ബാധിക്കും. ഇപ്പോള്‍ എല്ലാ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുടെയും ബിസിനസ് പ്രമുഖര്‍ ഹോങ്കോങ്ങില്‍ തമ്പടിച്ചുകൊണ്ടാണ് ചൈനയുമായുള്ള ബിസിനസ് ഇടപാടുകള്‍ നടത്തുന്നത്. അതിന് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ അത് അവര്‍ക്കും ഭീമമായ നഷ്ടമായിരിക്കും വരുത്തിവയ്ക്കുന്നത്. അതില്‍ അവര്‍ക്കും വലിയ യോജിപ്പുണ്ടാവില്ല. താല്‍ക്കാലികമായെങ്കിലും ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഹോങ്കോങ്ങില്‍ നടന്ന ലഹളകള്‍ അവസാനിച്ചിരിക്കുന്നത് അവരുടെയും താല്‍പര്യപ്രകാരമായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയുടെ കമ്പോളം നഷ്ടപ്പെടുന്നതില്‍ അവര്‍ക്കും വലിയ താല്‍പര്യമുണ്ടാവില്ല.
അതുകൊണ്ടുകൂടിയാവണം ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികള്‍ അവരുടെ പത്തി മടക്കിയിരിക്കുന്നത്. പക്ഷെ, ജനങ്ങളെ ഇളക്കിവിടാന്‍ പുതിയ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാല്‍ അവര്‍ അതില്‍ പിടിച്ചുതൂങ്ങിക്കൊണ്ട് പുതിയ ഏടാകൂടങ്ങള്‍ സൃഷ്ടിക്കില്ലെന്ന് കരുതാനാവില്ല. പഴയ കോളനി ഭരണകാലത്തെ കൈപ്പേറിയ അനുഭവങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പുതിയ കുട്ടിത്തലമുറയുടെ ഇപ്പോഴത്തെ എടുത്തുചാട്ടം ചൈനയിലെ നീതിന്യായ വ്യവസ്ഥയുടെ നിഷേധവശങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായകമാകുമെന്നല്ലാതെ ഒരു എടുത്തുചാട്ടംകൊണ്ട് ചൈനയില്‍ നിന്ന് ഹോങ്കോങ്ങിനെ അടര്‍ത്തിമാറ്റാനാവുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ കരുതുകയില്ല. ഈ പ്രശ്‌നം എടുത്തിട്ട് അമ്മാനമാടാന്‍ ചൈന ആരെയും അനുവദിക്കില്ലെന്ന് പടിഞ്ഞാറന്‍ ബുദ്ധിരാക്ഷസന്‍മാര്‍ക്കും നല്ല ബോധ്യമുണ്ടാകും.
ഈ വരികള്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് ജൂലൈ 21 ഞായറാഴ്ച ലഹളക്കാര്‍ ഹോങ്കോങ്ങിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് ഏര്‍പ്പെടുത്തിയ ഉപരോധ സമരത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ലഭ്യമായിരിക്കുന്നത്. തല്ലിക്കൊന്നാലും ചേരയുടെ വാലനങ്ങിക്കൊണ്ടിരിക്കുമെന്ന് മുകളില്‍ പ്രസ്താവിച്ചിട്ടുള്ളതിന് വേറെ തെളിവുകള്‍ തേടിപ്പോകേണ്ടതില്ലെന്ന് സ്പഷ്ടമായല്ലോ.