ഹോങ്കോങ് സിറ്റി: അജ്ഞാത വൈറസ് രോഗം പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. ഇതോടെ ഇവിടെയെത്തിയിട്ടുള്ള സഞ്ചാരികളെ അധികൃതർ തിരിച്ചയക്കാൻ തുടങ്ങി.
വുഹാനിൽ 44 പേരിലാണ് അജ്ഞാത വൈറസ് രോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മുതലാണ് രോഗം പടരാൻ തുടങ്ങിയിട്ടുള്ളത്. ദക്ഷിണ ചൈനയിൽ 2002–2003 കാലത്ത് പടർന്ന് പിടിച്ച സാർസ് രോഗത്തെ ഓർമിപ്പിക്കും വിധമാണ് ഇപ്പോഴത്തെ രോഗവും പടരുന്നത്. സാർസ് ബാധിച്ച് ചൈനയിലും ഹോങ്കോങിലുമായി 700 പേരാണ് മരിച്ചത്.
ഹോങ്കോങ് വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനായി അധിക തെർമൽ ഇമേജിങ് സംവിധാനം ഏർപ്പെടുത്തി. വെസ്റ്റ് കോവ്‌ലൂൺ അതിവേഗ റയിൽ സ്റ്റേഷനിലും യാത്രക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭരണാധികാരി കാരി ലാം നേരിട്ട് ഇവിടം സന്ദര്‍ശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ശ്വാസതടസങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അടിയന്തര വൈദ്യസഹായം തേടണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. 44 പേരിൽ 11 പേർക്ക് ന്യൂമോണിയ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണ്. രോഗ ബാധിതരെ ഐസോലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി അടുത്തിഴപഴകിയവരെ നിരീക്ഷിച്ച് വരികയാണ്. ചൈന സീഫുഡ് വിപണിക്ക് സമീപമുള്ള പ്രദേശത്താണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ വന്യജീവികൾ അടക്കമുള്ളവ എത്താറുണ്ട്. അത് കൊണ്ട് തന്നെ വന്യമൃഗങ്ങളാകാം മനുഷ്യരിൽ അപകടകാരികളായ വൈറസ് എത്തിച്ചതെന്നാണ് നിഗമനം.
പനിയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ശ്വാസകോശത്തിലെ അണുബാധയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി റിപ്പോർട്ടില്ല.
പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയും 41 വയസുളള സ്ത്രീയിലുമാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ ഭക്ഷ്യ വിപണിയിൽ നേരിട്ട് പോയിട്ടുള്ളവരുമല്ല. രാജ്യത്ത് 1997ൽ പക്ഷിപ്പനിയും 2009ൽ പന്നിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.