കോയമ്പത്തൂരില്‍ വീണ്ടും ദുരഭിമാന കൊലപാതകം

Web Desk
Posted on June 30, 2019, 9:49 am

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വീണ്ടും ദുരഭിമാന കൊലപാതകം. അന്യജാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് ഭര്‍ത്താവിന്റെ സഹോദരന്‍ ഇരുവരേയും കൊന്നത്. കോയമ്പത്തൂര്‍ മേട്ടുപാളയം സ്വദേശികളായ ദര്‍ശിനിപ്രിയ, ഭര്‍ത്താവ് കനകരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനകരാജിന്റെ സഹോദരന്‍ വിനോദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കനകരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദര്‍ശിനിപ്രിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. വിനോദ് കുമാര്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ ദുരഭിമാന കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതായി മദ്രാസ് ഹൈക്കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.മിശ്രവിവാഹം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തെ ഇല്ലാതാക്കുമെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ ഉദാസീനതയാണ് കാണിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ 185 ദുരഭിമാന കൊലപാതകങ്ങളാണ് നടന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവേല്‍ രാജ് പറഞ്ഞു. ഇതില്‍ മൂന്ന് കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. നിരവധി കേസുകളിലെ പ്രതികളെ തെളിവില്ലാത്ത കാരണത്താല്‍ കോടതി വെറുതെ വിട്ടു. ഇതാണ് സമാനമായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും സാമുവേല്‍ രാജിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.