ആദ്യകാല നേതാക്കളെ ആദരിക്കല്‍: പറവൂരില്‍ തുടക്കം

Web Desk
Posted on May 08, 2018, 10:40 pm

ബേബി ആലുവ
കൊച്ചി:ദേശീയ പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വന്ന രാജ്യത്തെ ആദ്യ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ആദ്യകാല നേതാക്കളെ ആദരിക്കുന്ന പരിപാടിക്ക് വടക്കന്‍ പറവൂരില്‍ ഉത്സവഛായ പകര്‍ന്ന തുടക്കം.
എറണാകുളം ജില്ലയിലെ പഴയ തലമുറയിലെ തൊഴിലാളി സംഘാടകരില്‍ പ്രമുഖനും കമ്മ്യൂണിസ്റ്റു നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ സി പ്രഭാകരനെ, പറവൂരില്‍ ഘണ്ഠകര്‍ണന്‍ വെളിയിലുള്ള വസതിയില്‍ എഐടിയുസി ദേശീയ വൈസ് പ്രസിഡണ്ടു കൂടിയായ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടെത്തി ആദരിച്ചുകൊണ്ടാണ് മുമ്പേ നടന്ന വഴികാട്ടികള്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങിന് തുടക്കം കുറിച്ചത്.
എഐടിയുസിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ സമാപനം 2020 ജനുവരിയില്‍ കേരളത്തിലാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് തല മുതിര്‍ന്ന നേതാക്കളെ ആദരിക്കാന്‍ എഐടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. എഐടിയുസി യുടെ ചരിത്രം രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ഇന്ന് ചരിത്രത്തെ തമസ്‌കരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. നാം സമരം ചെയ്തു നേടിയത് സംരക്ഷിക്കാനുള്ള പോരാട്ടം ആവശ്യമായ കാലമാണിതെന്ന് കാനം അനുസ്മരിപ്പിച്ചു.കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് രാജ്യത്താകമാനം ഉയര്‍ന്നു വരുന്നു. മരിക്കാന്‍ മനസ്സില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോടു പൊരുതാന്‍ പഴയ തലമുറയ്ക്കു കഴിഞ്ഞെങ്കില്‍ നമുക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് കാനം ചോദിച്ചു.പുതിയ തലമുറയില്‍ ആ ചിന്തയുണ്ടാക്കാനാണ്, പ്രസ്ഥാനം കടന്നു പോന്ന വഴികളെക്കുറിച്ച് പഠിപ്പിക്കാനാണ് ഇത്തരം പരിപാടികള്‍ എ ഐ ടി യു സി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ആലുവ, കളമശ്ശേരി, എറണാകുളം മേഖലയിലെ തലയെടുപ്പുള്ള നേതാവായിരുന്നു കെ സി പ്രഭാകരനെന്ന് കാനം പറഞ്ഞു.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ മംഗളപത്രം വായിച്ചു. കാനം രാജേന്ദ്രന്‍ കെ സി പ്രഭാകരനെ പൊന്നാടയണിയിച്ചു. മറ്റു പല വ്യക്തികളും അദ്ദേഹത്തെ ആദരിച്ചു.
കെ സി പ്രഭാകരന്റെ വസതിയുടെ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍, അദ്ദേഹത്തിന്റെ മകളും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രമശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ പി രാജു, ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍, ഐഎ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി ബി സ്വാമിനാഥന്‍, വൈസ് പ്രസിഡണ്ട് അഡ്വ.മജ്‌നു കോമത്ത്, കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം ടി നിക്‌സന്‍, എസ് ശ്രീകുമാരി, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വലിയൊരു സദസ്സ് ചടങ്ങില്‍ സംബന്ധിച്ചു. വി ശിവശങ്കരന്‍ സ്വാഗതവും കെ എന്‍ ഗോപി നന്ദിയും പറഞ്ഞു.