വീണ്ടും ദുരഭിമാനക്കൊല; പഞ്ചാബില്‍ ദമ്പതികളെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു

Web Desk
Posted on September 16, 2019, 4:06 pm

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികളെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു. പഞ്ചാബിലെ തരണ്‍ താരണ്‍ ജില്ലയിലെ അമന്‍പ്രീത് കൗര്‍ (23) അമന്‍ദീപ് സിങ് (24) എന്നിവരെയാണ് അമന്‍പ്രീതിന്റെ ബന്ധുക്കള്‍ വധിച്ചത്. 2018 ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

തരണ്‍ താരണില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഇന്തോ — പാക് അതിര്‍ത്തിയില്‍ നൗഷെഹ്‌റ ധാല എന്ന സ്ഥലത്താണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ചഭല്‍ എന്ന സ്ഥലത്തെ ഗുരുദ്വാരയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് തിരിച്ചുവരികയായിരുന്നു ഇരുവരും. അമന്‍പ്രീത് കൗറിന്റെ ബന്ധുക്കള്‍ കാര്‍ തടയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

വീട്ടിനടുത്ത് വച്ച് വെടിയൊച്ച കേട്ടുവെന്ന് അമന്‍ദീപിന്റെ പിതാവ് സുഖ്‌ദേവ് സിങ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശബ്ദം കേട്ട് സ്ഥലത്തെത്തുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മകനെയും ഭാര്യയെയുമാണ് കണ്ടതെന്ന് സുഖ്‌ദേവ് പറഞ്ഞു. സ്ഥലത്തുനിന്ന് ഒരു കാര്‍ ഓടിച്ചുപോകുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞു. അമന്‍ദീപ് സ്ഥലത്തുവച്ചും അമന്‍പ്രീത് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.