Saturday
16 Feb 2019

വിഷമദ്യദുരന്തം: മരിച്ചവരുടെ എണ്ണം 80 കടന്നു

By: Web Desk | Saturday 9 February 2019 10:53 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. യുപിയിലെ സഹരാന്‍പൂര്‍, ഖുഷിനഗര്‍, മീററ്റ്, റൂര്‍ഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. സഹരാന്‍പൂരില്‍ 47 പേര്‍ മരിച്ചു. അതേസമയം, ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ സംഖ്യ 33 ആയി. ചികിത്സയില്‍ കഴിയുന്ന ഇരുപതോളം പേരുടെ നിലഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ കഴിച്ച മദ്യമാണു മരണത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്നും സഹരാന്‍പൂരിലേക്ക് കടത്തിയ മദ്യം കഴിച്ചതാണ് കൂടുതല്‍ പേര്‍ മരിക്കാനിടയാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അനധികൃത മദ്യ ഉല്‍പാദനത്തിന്റെയും വില്‍പനയുടെയും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. ദുരന്തത്തിനു ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും ഉടന്‍തന്നെ പിടികൂടുമെന്നു സഹരാന്‍പൂര്‍ ജില്ലാ പൊലീസ് മേധാവി ദിനേഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ അനധികൃതമായി നിര്‍മ്മിച്ച മദ്യമാണ് ഖുഷിനഗറില്‍ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. കേസില്‍ ഇതുവരെ മുപ്പതോളം പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട.് സംഭവത്തെ തുര്‍ന്നു ഖുഷിനഗര്‍ ജില്ലാ എക്‌സൈസ് ഓഫിസറെയും ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടറെയും യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും സഹായം അനുവദിച്ചിട്ടുണ്ട്.