20 April 2024, Saturday

പ്രതീക്ഷ അവശേഷിക്കുന്നത് ഭരണഘടനാ ബെഞ്ചില്‍

Janayugom Webdesk
July 29, 2022 5:00 am

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ (പിഎംഎൽഎ) 2019ൽ ‘മണി ബില്ല്’ ആയി കൊണ്ടുവന്ന ഭേദഗതികളുടെ ചില വ്യവസ്ഥകൾ ശരിവച്ചുകൊണ്ടുള്ള മൂന്നംഗ സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരുൾപ്പെട്ട സ്പെഷ്യൽ ബെഞ്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കുറ്റാരോപിതരെ വിളിച്ചുവരുത്താനും അറസ്റ്റിനും തിരച്ചിലിനും അനിയന്ത്രിത അധികാരം നൽകുന്നതും നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം കുറ്റാരോപിതരിൽ നിക്ഷിപ്തമാക്കുന്നതുമായ വ്യവസ്ഥകൾ ശരിവയ്ക്കുന്നു.

അനധികൃത സ്വത്തുസമ്പാദനവും അത് നിയമവിധേയമാക്കിമാറ്റുന്ന കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തെക്കാളും ഹീനമായ കുറ്റകൃത്യമാണ് എന്ന വിധിയിലെ വിലയിരുത്തൽ അനിഷേധ്യം തന്നെ. അധികാരം കയ്യാളുന്നവർ, അത് രാഷ്ട്രീയക്കാരൊ ഉദ്യോഗസ്ഥരൊ അവരുടെ ഉറ്റ സില്‍ബന്ധികളൊ ആരുമായിക്കൊള്ളട്ടെ, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുക എന്നത് അപൂർവവും അല്ലാതായിരിക്കുന്നു. എന്നാൽ രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ ഇത്തരം നിയമങ്ങളെയും അവ നടപ്പാക്കാൻ ചുമതലപ്പെട്ട അന്വേഷണ ഏജൻസികളെയും ഭരണകൂടം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുന്നു. ‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെട്ടുകൂടാ’ എന്ന സ്വാഭാവിക നീതി സങ്കല്പത്തിനുതന്നെ വിരുദ്ധമായി പിഎംഎൽഎ മാറിയിരിക്കുന്നു എന്ന് സമീപകാല സംഭവവികാസങ്ങൾ മിക്കതും നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ നിയമം ഭരണകൂടം തങ്ങളുടെ നിക്ഷിപ്ത താല്പര്യാർത്ഥം ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളും നിരത്താനാകും.


ഇതും കൂടി വായിക്കാം; മനുഷ്യാവകാശ സംരക്ഷണത്തിൽ വിവേചനമോ?


2002ലെ നിയമത്തിൽ തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ മോഡി ഭരണകൂടം മണി ബില്ല് എന്ന കുറുക്കുവഴി തേടിയതിന്റെ ഉദ്ദേശംതന്നെ അത് കള്ളപ്പണത്തിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെ എന്നതിലുപരി രാഷ്ട്രീയ പ്രതിയോഗികളെ നേരിടുകയും നിശബ്ദരാക്കുകയും അത്തരക്കാരെ സ്വന്തം പാളയത്തിൽ എത്തിച്ച് രാഷ്ട്രീയ അട്ടിമറി സംഘടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. അഴിമതികളിലും സാമ്പത്തിക തട്ടിപ്പുകളിലും കള്ളപ്പണ ഇടപാടുകളിലും ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളെ പശ്ചിമബംഗാളിൽനിന്നും മഹാരാഷ്ട്രയിൽനിന്നും, കൂട്ട കാലുമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും സംഘടിപ്പിച്ച ഇതര സംസ്ഥാനങ്ങളിൽനിന്നും, സ്വന്തം പാളയത്തിൽ എത്തിക്കാൻ മോഡി ഭരണകൂടത്തിന്റെ കയ്യിൽ ആയുധമായി ഇഡ് മാറിയെന്നത് ചരിത്രമാണ്. തങ്ങളുടെ അധികാരം 2024നും അപ്പുറത്തേക്ക് ഉറപ്പിക്കാൻ ആ ആയുധം അവർ എടുത്തു പ്രയോഗിക്കുന്നത് നിർബാധം തുടരുകയാണ്.

ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും പാർലമെന്റിനെയും മോഡി സർക്കാർ, അവയെത്തന്നെ വിദഗ്ധമായി ഉപയോഗിച്ച്, അട്ടിമറിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണങ്ങളിൽ ഒന്നാണ് പിഎംഎൽഎ നിയമഭേദഗതി. വളരെ ശരിയെന്ന് സാമാന്യ ജനങ്ങൾക്ക് തോന്നുന്നതും ഉന്നത നീതിപീഠമടക്കം നിസംശയം ശരിവയ്ക്കാൻ നിർബന്ധിതവുമായ ഒരു നിയമ നിർമ്മാണമാണ് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത മാർഗത്തിലൂടെ മോഡി സർക്കാർ പ്രാബല്യത്തിലാക്കിയത്. നികുതിയെയും പൊതുചെലവുകളെയും സംബന്ധിച്ച നിയമ നിർമ്മാണത്തിന് മാത്രം ഉദ്ദേശിക്കപ്പെട്ട മണി ബില്ല് എന്ന വഴിയിലൂടെ രാജ്യസഭയെ വിദഗ്ധമായി മറികടന്നായിരുന്നു ഈ നിയമ ഭേദഗതി. തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കായി മോഡി സർക്കാർ മണി ബില്ല് പാത അവലംബിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല.


ഇതും കൂടി വായിക്കാം; ശ്രേഷ്ഠമായ ഇന്ത്യൻ ഭരണഘടന


രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നീതിരഹിതവും ഭരണകൂടത്തിന് മാത്രം അനുകൂലവുമാക്കി മാറ്റിയ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം ഇത്തരം ഒരു നിയമനിർമ്മാണത്തിലൂടെയാണ് സാധ്യമാക്കിയത്. നാളിതുവരെ വിറ്റഴിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ തൊണ്ണൂറ്റിയഞ്ചു ശതമാനവും ചെന്നെത്തിയത് ബിജെപിയുടെ മടിശീലയിലാണ്. ആ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജി വർഷങ്ങളായി പരമോന്നത നീതിപീഠത്തിന്റെ പരിഗണന കാത്തു കെട്ടിക്കിടക്കുകയാണ്. പിഎംഎൽഎ കേസിൽ മണി ബില്ലായി അത് നിയമമാക്കിയതിന്റെ സാധുത ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വരുന്നു എന്നത് രാജ്യം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിൽ മണി ബില്ല് മാർഗത്തിലൂടെ നിയമം പാസാക്കിയതിന് എതിരെ വിധിയുണ്ടാവുന്ന പക്ഷം അത് ജനാധിപത്യവിരുദ്ധവും പാർലമെന്റിന്റെ അധികാരങ്ങളെ ചോദ്യംചെയ്യുന്നതും ഭരണഘടനയ്ക്കുതന്നെ എതിരുമായ നിയമനിർമ്മാണ ശൈലിക്ക് തിരിച്ചടിയുമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.