August 12, 2022 Friday

ഫാസിസത്തിനെതിരെ പ്രതീക്ഷ നൽകുന്ന കോടതിവിധി

കെ പ്രകാശ് ബാബു
ജാലകം
January 19, 2020 5:15 am

ഇന്ത്യൻ ഭരണഘടനയെ രാജ്യഭരണം നടത്തുന്ന ഫാസിസ്റ്റുകൾ തകർത്തു കൊണ്ടിരിക്കുമ്പോൾ ഒരു വെള്ളിരേഖപോലെ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന കോടതിവിധികൾ ജനങ്ങൾക്ക് ഏറെ ആശ്വാസപ്രദമാകുന്നുണ്ട്. ഡൽഹി ജുമാ മസ്ജിദിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി തീസ് ഹസാരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. കാമിനി ലോ ഇന്ത്യയിലെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടു പറഞ്ഞത് ‘ധർണയും പ്രതിഷേധവുമൊക്കെ ഭരണഘടനാപരമായ അവകാശമാണ്’ എന്നാണ്. അവർ പ്രോസിക്യൂട്ടറോട് നടത്തിയ പരാമർശത്തിൽ മറ്റൊന്നുകൂടി പറഞ്ഞു, ‘പാർലമെന്റിനകത്തു പറയേണ്ടിയിരുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്’.

പാർലമെന്റിൽ ഗവൺമെന്റ് പറയേണ്ടുന്ന കാര്യങ്ങൾ അവിടെ പറഞ്ഞിട്ടില്ലായെന്ന് ജഡ്ജി വെറുതെ പറഞ്ഞതല്ല. ഡിസംബർ ഒമ്പതാം തീയതി അവതരണവും 10-ാം തീയതി ലോക്‌സഭയും 11-ാം തീയതി രാജ്യസഭയും വേണ്ടത്ര ചർച്ചയോ വിശദീകരണമോ ഇല്ലാതെ പാസ്സാക്കിയ നിയമത്തിന് ഇന്ത്യൻ പ്രസിഡന്റ് 12-ാം തീയതി തന്നെ അംഗീകാരവും നൽകി. എത്ര ധൃതിയിലാണ് പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ നിയമമായത് എന്നതിന്റെ വിമർശനം കൂടിയാണ് ജഡ്ജി കാമിനി ലോ നടത്തിയത്. ചന്ദ്രശേഖർ ആസാദിന് പിറ്റേന്ന് ഉപാധികളോടെയാണെങ്കിലും ജാമ്യവും അനുവദിച്ചു. പൗരത്വനിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കുകയോ ആ നിയമത്തിനാവശ്യമായ ചട്ടങ്ങൾ പുറത്തിറക്കുകയോ ചെയ്തില്ലെങ്കിലും, നിലവിലുള്ള നിയമമനുസരിച്ച് ഗുജറാത്തിൽ 20 വർഷമായി താമസിക്കുന്ന 3500 പാക് ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഡിസംബർ അവസാന ആഴ്ചയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനൊന്നും ഒരു തടസ്സവുമില്ല. അപ്പോൾ പിന്നെ ആരെ സഹായിക്കാനായിരുന്നു കേന്ദ്ര ഗവൺമെന്റ് ഇന്ത്യയുടെ ആഭ്യന്തര സാഹചര്യത്തെ ഇത്രയും മലീമസമാക്കി പുതിയ ഭേദഗതി നിയമം കൊണ്ടു വന്നത്. അവർക്ക് രാജ്യത്ത് ഒരു ‘അന്യനായ സാങ്കല്പിക ശത്രു’ വേണം. എന്നാൽ മാത്രമെ ആ ശത്രുവിനെ പരാജയപ്പെടുത്താനായി ഹൈന്ദവ വർഗീയ തീവ്രവാദികളെ ഒരുമിപ്പിക്കാൻ കഴിയൂ. ഇന്ത്യൻ ഫാസിസ്റ്റുകൾ ഇതാണ് ജമ്മുകശ്മീരിലും ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദു ചെയ്തുകൊണ്ട് ജമ്മുകശ്മീരിലെ പൊതുപ്രവർത്തകരെയും മുൻ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും തടങ്കലിലാക്കിയിട്ട് അഞ്ചു മാസങ്ങൾ പിന്നിടുന്നു. ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ പരിധിയില്ലാതെയും നിയന്ത്രണമില്ലാതെയും വിച്ഛേദിച്ചു. ജനുവരി 10നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്തെ ജനങ്ങൾക്കു വീണ്ടും ജനാധിപത്യത്തിന്റെ ആത്യന്തിക വിജയത്തിൽ പ്രതീക്ഷ നൽകുന്നതാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എംപിയും കാശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ഭാസിനും നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ശക്തമായ ഭാഷയിലാണ് കശ്മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര ഗവൺമെന്റിനോടാവശ്യപ്പെട്ടത്.

ഇന്റർനെറ്റിന്റെ ഉപയോഗം മൗലികാവകാശം ആണെന്നുകൂടി സുപ്രീം കോടതി വ്യക്തമാക്കി. അത് അനിശ്ചിതമായി തടയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും എതിരാണെന്നും പരമോന്നത നീതിപീഠം വിധിച്ചു. ജമ്മുകശ്മീരിലെ ജനങ്ങളുടെ മൗലിക സ്വാതന്ത്ര്യത്തെ തകർക്കുന്നതിനുദ്ദേശിച്ച് ഭരണകൂടം പുറപ്പെടുവിച്ചതായി പറയുന്ന എല്ലാ ഉത്തരവുകളും പ്രസിദ്ധീകരിക്കുന്നതിനും സുപ്രീം കോടതി നിർദ്ദേശം നൽകി. 2019 ൽ 106 പ്രാവശ്യമാണ് കേന്ദ്ര ഗവൺമെന്റ് പലകാരണങ്ങൾ പറഞ്ഞ് ഇന്റർനെറ്റ് ഇന്ത്യയിൽ നിരോധിച്ചത്. 150 ദിവസങ്ങൾ നീണ്ട ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിയന്ത്രണമാണ് കശ്മീരിൽ മോഡി ഗവൺമെന്റ് നടപ്പിലാക്കിയത്. സുപ്രീം കോടതി വിധിയുടെ ഏറ്റവും പരമപ്രധാനമായ ഒരു ഭാഗം നിരോധനാജ്ഞയുമായി ബന്ധപ്പെട്ടതാണ്.

‘ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും തടയാനുള്ള ഉപാധിയായി സിആർപിസിയിലെ 144-ാം വകുപ്പിനെ സർക്കാർ കണ്ണുമടച്ചു ഉപയോഗിക്കരുത്’ എന്നും ആവർത്തിച്ചുള്ള നിരോധന ഉത്തരവുകൾ അധികാര ദുർവിനിയോഗമാണെന്നും ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു ഫാസിസ്റ്റ് ഭരണ സംവിധാനത്തിനു മേൽ ഇന്ത്യയുടെ നീതിപീഠം നൽകിയ ഒരു ഷോക്‌ട്രീറ്റ്മെന്റായി ഈ വിധിയെ നമുക്ക് വിലയിരുത്താം. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്റർനെറ്റ്, ടെലികോം സർവീസ് നിരോധനം ഭാഗികമായിട്ടെങ്കിലും പിൻവലിക്കാൻ കേന്ദ്ര ഗവൺമെന്റ് നിർബന്ധിതമായി എന്നത് വിനോദ സഞ്ചാര മേഖലയുൾപ്പെടെയുള്ള കശ്മീരിലെ വിവിധ മേഖലകൾക്ക് താൽക്കാലികാശ്വാസം നൽകുന്നു. ഒരിന്ത്യൻ പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് കേരള ഹൈക്കോടതി 2019 ജൂലൈയിൽ പുറപ്പെടുവിച്ച ഒരു വിധിയും സവിശേഷ ശ്രദ്ധയർഹിക്കുന്നു. ശ്യാം ബാലകൃഷ്ണൻ കേസിൽ അന്നത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുമടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഒരു പൗരനെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ വിധിയിൽ ”അധികാരസ്ഥാനത്തുള്ളവർ അവരുടെ നിയമപരമായ കടമകൾ നിർവഹിക്കുമ്പോൾ ഭരണഘടന ഉറപ്പു നൽകുന്ന പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായിട്ടാണ് ഏറ്റുമുട്ടുന്നത് എന്ന മുൻകരുതൽ വേണം” എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഇതെല്ലാം ഇന്ത്യൻ ജനാധിപത്യത്തിൽ നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായിട്ടും ഭരണഘടനയുടെ 19-ാം അനുഛേദം അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമാണെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും സാമൂഹ്യ മാധ്യമ നിയന്ത്രണം അതേപടി തുടരാനാണ് കാശ്മീർ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ബ്രോഡ് ബാൻഡ്, ഇന്റർനെറ്റ് സേവനങ്ങൾ മാത്രമാണ് ജമ്മുകശ്മീർ ഭരണകൂടം ഭാഗികമായി പുനഃസ്ഥാപിച്ചത്. ഇതെല്ലാം നീതിന്യായ കോടതികൾ ഇന്ത്യൻ പൗരന്റെ ഭരണഘടനാവകാശങ്ങൾ ഉറപ്പാക്കുന്ന കാര്യത്തിൽ എടുക്കുന്ന ആർജ്ജവമാർന്ന നടപടികളുടെ ഭാഗമാണ്. എന്നാൽ ഇന്ത്യൻ ജുഡീഷ്യറിയെപ്പോലും വരുതിയിൽ നിർത്താൻ ആണ് കേന്ദ്ര ഭരണകർത്താക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരമോന്നത നീതിപീഠത്തിലെ പല ന്യായാധിപരെയും ആ നിലയിൽ സ്വാധീനിക്കാൻ ഭരണകൂടം ശ്രമിക്കുന്നുമുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞെങ്കിൽ മാത്രമെ ജനങ്ങളുടെമേലുള്ള ഫാസിസ്റ്റതിക്രമങ്ങളെയും മറ്റു മൗലികാവകാശ ലംഘനങ്ങളെയും തടയാൻ കഴിയുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.