കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

April 29, 2021, 5:57 am

കോവിഡ് കാലത്തെ കുതിരയോട്ടം

Janayugom Online

വിചിത്രവും സരസവുമാണ് കേരളത്തിലെ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ അനുഷ്ഠാനങ്ങൾ. ആനയോട്ടം, കുതിരയോട്ടം, അഗ്നിക്കാവടി, തെയ്യങ്ങളുടെ തീയിൽ ചാട്ടം, മൃഗവേട്ട, മീനൂട്ട്, ഉറുമ്പൂട്ട്, മുതലയൂട്ട്, പ്രാവൂട്ട്, കാക്കയൂട്ട്, കാളയൂട്ട്, ആനവാലിൽ തൂങ്ങൽ, ഉരുൾ, ഗരുഡൻ തൂക്കം തുടങ്ങി ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന അപകടകരമായ അഭ്യാസങ്ങൾ ഏറെയാണ്. ആനവാൽ മോതിരം, പുലിപ്പല്ലുമാല തുടങ്ങി ആഭരണമായി അണിയുന്ന അന്ധവിശ്വാസങ്ങളും അനവധി.

കുംഭമേള തുടങ്ങിയ ഉത്തരേന്ത്യൻ ആൾക്കൂട്ട സാധ്യതകളെ തടയാൻ അവിടെയുള്ള ഭരണാധികാരികളും അക്കൂട്ടത്തിൽപ്പെട്ടവരാകയാൽ സാധിച്ചില്ല. ഗംഗാദേവിയുടെ അനുഗ്രഹമുള്ളതിനാൽ കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് കൊറോണ ബാധിക്കില്ലെന്ന് പറയാനും വേണ്ടി അജ്ഞാനമുള്ള മന്ത്രിമാർ പോലും അവിടെയുണ്ട്. മാസ്ക് ധരിക്കേണ്ടത് ജനനേന്ദ്രിയത്തിലല്ലെന്ന് പറഞ്ഞുകൊടുക്കാനുള്ള യുക്തിപോലും ആ ഗോമൂത്രാരാധകർക്ക് ഉണ്ടായില്ല. ഫലമോ? ആയിരക്കണക്കിനു ആരാധകർ കോവിഡ് ബാധിതരായി.

പശു ഉച്ഛ്വസിക്കുന്നത് ഓക്സിജനാണെന്ന് കരുതുന്ന ഭരണാധികാരികളുള്ള ഉത്തരേന്ത്യയിൽ പ്രാണവായു കിട്ടാതെയുള്ള മരണം സ്വാഭാവികം. ഇപ്പോഴുണ്ടായിരിക്കുന്ന കൂട്ടമരണങ്ങളിൽ നിന്നുപോലും ഭരണാധികാരികൾ പഠിക്കുകയില്ല. കാരണം അവർക്കിത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള തന്ത്രം മാത്രമാണ്. ഒരു ജനതയെ നിരക്ഷരരും അന്ധവിശ്വാസികളുമാക്കി നിറുത്തേണ്ടത് സംഘപരിവാറിന്റെ രാഷ്ട്രീയ ആവശ്യമാണ്. കോവിഡ് ബാധിച്ച ഒരു സംഘിനേതാവും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കേരളം ഇക്കാര്യത്തിൽ ശാസ്ത്രീയ ബോധത്തോടെ മുന്നോട്ട് പോയി. കോവിഡ് പകർച്ചയെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധം ശരിയാംവണ്ണം മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നതാണ്. ഉത്സവസ്ഥലത്ത് അത് അപ്രായോഗികം തന്നെ. അതിനാൽ ഉത്സവങ്ങൾ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം, പാവറട്ടി, എടത്വാ പള്ളികളിലെ പെരുന്നാൾ ആഘോഷങ്ങൾ തുടങ്ങി സുപ്രധാനമായ പല ആൾക്കൂട്ട സാധ്യതകളും ഉപേക്ഷിച്ചു. അനുഷ്ഠാനങ്ങളിൽ അൽപ്പം പോലും വെള്ളം ചേർക്കാൻ അനുവദിക്കാത്ത ഇസ്‌ലാംമത പ്രാർത്ഥനാലയങ്ങളിൽ പോലും ആൾക്കൂട്ട നിയന്ത്രണമുണ്ടായി. നിസ്കാരപ്പായ വീട്ടിൽ നിന്നും കൊണ്ടുവരണമെന്നുവരെ നിബന്ധനയുണ്ടായി.

സന്യാസിമാരെയടക്കം കോവിഡ് പിടികൂടിയതിനാൽ കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിന് താഴിട്ടു. കെട്ടിപ്പിടിക്കുന്ന ആൾദൈവം ആ അനുഗ്രഹം സ്വപ്നത്തിലേക്കുമാറ്റി. അത്ഭുത രോഗശാന്തി ശുശ്രൂഷകൾ റദ്ദാക്കി.

കേരളീയരുടെ ആഹ്ലാദോത്സവമാണ് തൃശൂർ പൂരം. നീണ്ട വിവാദങ്ങൾക്ക് ശേഷമാണെങ്കിലും ആൾപ്പൂരത്തെ നിയന്ത്രിക്കാൻ സാധിച്ചു. അന്ധവിശ്വാസത്തിന്റെ തല കൊയ്തുകൊണ്ടാണ് ശക്തൻ തമ്പുരാൻ പൂരപ്പറമ്പ് ഒരുക്കിയത്. അത് മനസിലാകാതെ പോയവർ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ചടങ്ങുകൾ നടത്തണമെന്ന് വാശിപിടിച്ചു. വിശ്വാസിയുടെ പക്ഷത്തുനിന്നു നോക്കിയാൽ വടക്കുംനാഥൻ ശക്തൻ തമ്പുരാന്റെ ഭാഗത്താണെന്ന് കാണാം. മരക്കൊമ്പ് മുറിഞ്ഞുവീണ് ക്ഷേത്രഭാരവാഹികൾ ദാരുണമായി മരണമടഞ്ഞതും പൂജാരിക്ക് കോവിഡ് വന്നു ക്ഷേത്രം പൂട്ടിയതുമൊക്കെ ദൈവാതൃപ്തിക്ക് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുകയും ചെയ്യും. എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ആ മരണങ്ങൾ ഈശ്വര ശിക്ഷയല്ല. പൂരം മാറ്റിവയ്ക്കാനുള്ള നിർദ്ദേശം അവഗണിച്ചതുകൊണ്ട് സംഭവിച്ചതാണ്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ക്ഷേത്രക്കമ്മിറ്റി തയ്യാറാവണം.

കാൽവിരലറ്റുപോയ പാവങ്ങളായ വാദ്യകലാകാരന്മാരെ തൊഴിൽ സ്ഥലത്തു അപകടമുണ്ടായാൽ സഹായിക്കുന്ന പോലെ സഹായിക്കണം. ദൈവത്തെ ചുമന്നുനിന്ന ആനയ്ക്കുണ്ടായ മാനസിക വിഭ്രാന്തിക്ക് ആര് സമാധാനം പറയും? പൂരം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടവരിൽ തൃശൂരിൽ താമസക്കാരായ വൈശാഖൻ, കെ ജി എസ്, പി എൻ ഗോപീകൃഷ്ണൻ തുടങ്ങിയവരുണ്ടായിരുന്നു.

ക്യൂബൻ വിപ്ലവാനന്തരം കരിമ്പ് വിളവെടുപ്പ് നടത്തുന്നതിനായി ക്രിസ്തുമസ് മാറ്റിവച്ച മഹാനായ ഫിഡൽ കാസ്ട്രോ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ അധികാരികളുടെ കണ്ണുവെട്ടിച്ച് ഒരു ആൾക്കൂട്ടോത്സവം പാലക്കാട്ട് കൊണ്ടാടി. തത്തമംഗലത്തെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ അങ്ങാടിവേലയായിരുന്നു അത്. തമിഴ് വംശജരായ ഒരു പ്രത്യേക സമൂഹമാണ് അവിടെ രണ്ടു വർഷത്തിലൊരിക്കൽ നേർച്ചയായി കുതിരയോട്ടം നടത്തുന്നത്. ജെല്ലിക്കെട്ട് മാതൃകയിലുള്ള അപകടങ്ങളും അവിടെ സാധാരണമാണ്. ഇത്തവണയും വന്നു അമ്പതിലധികം കുതിരകൾ. കുതിര ആൾക്കൂട്ടത്തിലേക്ക് ഇരച്ചുകയറി. പലർക്കും പരിക്കേറ്റു.

ആൾക്കൂട്ടങ്ങളുണ്ടാകാതെ സൂക്ഷിക്കേണ്ടത് അധികാരികളുടെ മാത്രം ചുമതലയല്ല. ആളുകളുടെ കൂടി ചുമതലയാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പല സ്ഥാനാർത്ഥികൾക്കും കിട്ടുന്ന വോട്ടിന്റെ എണ്ണം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തെക്കാളും കുറവായിരിക്കും. നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.