19 March 2024, Tuesday

Related news

March 19, 2024
March 18, 2024
March 18, 2024
March 17, 2024
March 17, 2024
March 16, 2024
March 15, 2024
March 15, 2024
March 14, 2024
March 14, 2024

ബിജെപിയുടെ ഓപ്പറേഷന്‍ താമരക്ക് പിന്നില്‍ കുതിരക്കച്ചവടം

Janayugom Webdesk
June 30, 2022 12:25 pm

ഓപ്പറേഷന്‍ താമര എന്ന ഓമനപ്പേരിട്ട ബിജെപിയുടെ അധികാരത്തിലേക്കുള്ള ആര്‍ത്തി കുതിരക്കച്ചവടമാണ് കര്‍ണാടകയിലും പുതുച്ചേരിയിലും പച്ചക്കൊടി പാറിച്ച ഓപ്പറേഷന്‍ താമര എന്ന് പേരിട്ട ബിജെപി നാടകം മഹാരാഷ്ട്രയിലും കുതന്ത്രത്തിലൂടെ വിജയിച്ചിരിക്കുകയാണ്. 2019ല്‍ ബിജെപിയെ ശക്തമായി പ്രതിരോധിച്ച് അധികാരലേറിയ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബിജെപിയുടെ മറ്റൊരു രാഷ്ട്രീയ നാടകത്താല്‍ രണ്ടര വര്‍ഷത്തിന് ശേഷം പുറത്തേക്ക് പോകുകയാണ്.288 അംഗനിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്‌നാഥ് ഷിന്‍ഡയെ ഉപയോഗപ്പെടുത്തി മഹാരാഷ്ട്രയില്‍ ബിജെപി ‘ഓപ്പറേഷന്‍ താമര’ വിജയപ്പിച്ചെടുത്തിരിക്കുന്നത്.

സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 169 പേരുടെ പിന്തുണയില്‍ നിലവില്‍വന്ന ഉദ്ധവ് സര്‍ക്കാറിന്റെ അംഗബലം ഷിന്‍ഡെയുടെ വിമതനീക്കത്തോടെ 111ലേക്കെത്തിയിരുന്നു. 145ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്തുള്ളത്.നിലവില്‍ സ്വതന്ത്രരടക്കം 114 പേരാണ് ബിജെപിയുടെ അംഗബലം. വിമതരും എംഎന്‍എസും പിന്തുണക്കുന്നതോടെ അത് 165 ആയി ഉയരും. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്യും.ഇതോടെ ബിജെപി അധികാരത്തിലിരിക്കെ താഴെയിറക്കുന്ന മൂന്നാമത്തെ സംസ്ഥാന സര്‍ക്കാരാണ് മഹാരാഷ്ട്രയിലെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സംഖ്യമായ മഹാവികാസ് അഘാഡി. ഇതിന് മുമ്പ് കര്‍ണാടകയിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് അധികാരത്തിലിരിക്കെയുള്ള സര്‍ക്കാരുകളെ കുതന്ത്രങ്ങളിലൂടെ ബിജെപി താഴെയിറക്കിയിരുന്നത്.

ഓപ്പറേഷന്‍ താമരപദ്ധതിയിലൂടെ 2019 ജൂലൈയില്‍ കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ വീഴുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തിരുന്നു.കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍നിന്നും 17 എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് കര്‍ണാടകയിലെ അന്നത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണത്. തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തി. 14 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമായിരുന്നു അന്ന് രാജിവെച്ചത്.ജനഹിതത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എ പോലുമില്ലാതെയും തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ 2.44 ശതമാനം മാത്രം വോട്ട് ഷെയറുള്ള ബിജെപിയാണ് കഴിഞ്ഞ വര്‍ഷം പുതുച്ചേരിയിലെ നാരായണ സ്വാമി സര്‍ക്കാറിനെ വീഴ്ത്തിയത്.

ഭരണപക്ഷത്തുണ്ടായിരുന്ന ആറില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും ബിജെപി പാളയത്തിലേക്ക് പോയതാണ് ഇതിന് കാരണം.വടക്കന്‍ കേരളത്തിലെ മാഹിയും ആന്ധ്രപ്രദേശിലെ യാനവും തമിഴ്‌നാട്ടിലെ പുതുച്ചേരി, കാരയ്ക്കല്‍ എന്നിവയും ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി. മൂന്ന് കേന്ദ്ര സര്‍ക്കാര്‍ നോമിനീസ് അടക്കം 33 എം.എല്‍.എമാരുള്ള നിയമസഭയാണ് പുതുച്ചേരിയുടേത്.

Eng­lish Sum­ma­ry: Horse trad­ing behind BJP’s Oper­a­tion Tamara

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.