ഹോർട്ടി കോർപ്പ് ശീതകാല പച്ചക്കറി സംഭരണം പുനരാംഭിച്ചത് ആശ്വാസമായി

Web Desk
Posted on September 03, 2018, 10:30 pm

തൊടുപുഴ. പ്രളയക്കെടുതി മൂലം സംഭരണം നിലച്ചുപോയ വട്ടവട കാന്തല്ലൂർ
മേഖലകളിൽ നിന്ന് ഹോർട്ടി കോർപ്പ് ശീതകാല പച്ചക്കറി സംഭരണം പുനരാംഭിച്ചത്
കർഷകർക്ക് ആശ്വാസമായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം മൂന്നാർ ദേവികുളം
മറയൂർ മേഖല റോഡുകളും പാലങ്ങളും തകർന്ന് ഒറ്റപ്പെട്ട് പോയതിനെ തുടർന്ന്
കഴിഞ്ഞ ഒരു മാസമായി ഹോർട്ടി കോർപ്പിന് ഇവിടെ നിന്ന് പച്ചക്കറികൾ
സംഭരിക്കാൻ സാധിച്ചിരുന്നില്ല കൃഷി വകുപ്പിന്റെ പിൻന്തുണയോടെ ഓന്ന വിപണി
ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർ ഇതോടെ ഏറെ ദുരിതത്തിലായിരുന്നു.
വിൽക്കാൻ മാർഗ്ഗമില്ലാതായതോടെ വിളവെടുപ്പ് നടത്താൻ പോലും സാധിക്കാത്ത
അവസ്ഥയിലായിരുന്നു കർഷകർ.ഓഗസ്റ്റ് ആദ്യവാരം ചെറിയ വാഹനങ്ങളിൽ സംഭരണം
നടത്തിയിരുന്നുവെങ്കിലും മറയൂർ — മൂന്നാർ റോഡ് പൂർണ്ണമായും തകർന്നതും
പെരിയാർവാലി പാലം ഒലിച്ചു പോയതും മൂലം ചെറിയ വാഹനങ്ങളിൽ പോലും സംഭരണം
നടത്താൻ സാധിച്ചില്ല. ഹോർട്ടി കോർപ്പിന്റെ സംഭരണം സംഭരണം നിലച്ചതോടെ
തമിഴ്നാട്ടിൽ നിന്നുള്ള ഇടനിലകാർക്ക് നഷ്ടം സഹിച്ചും വിളവെടുത്ത
പച്ചക്കറികൾ വിൽക്കേണ്ട ഗതികേടിലായിരുന്നു കർഷകർ വിളവെടുപ്പിനായി
ചെലവാക്കുന്ന പണം പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടായതോടെ ഭൂരിഭാഗം കർഷകരും
കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു മൂന്നാർ മേഖലയിലേക്ക് ഭാഗികമായി
ഗതാഗതം പുനസ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം മുതലാണ് ഹോർട്ടി കോർപ്പ് വട്ടവട
കാന്തലൂർ മേഖലകളിൽ നിന്ന് പച്ചക്കറി സംഭരണം പുനരാരംഭിച്ചത്. ക്യാരറ്റ്,
ഉരുളകിഴങ്ങ്, കാമ്പേജ് , ബീൻസ് തുടങ്ങിയവയാണ് ആദ്യദിവസം സംഭരിച്ചത്.
ക്യാരറ്റ് കിലോക്ക് 14 രൂപക്കും കിഴങ്ങ് 20 രൂപക്കും കാമ്പേജ് 8 രൂപക്കും
ബീൻസ് 24 രൂപക്കുമാണ് സംഭരിച്ചത്  8 ടൺ ആദ്യ ദിവസം തന്നെ സംഭരിച്ചതും
കർഷകർക്ക് നേട്ടമായി. ഓണ വിപണിയിലെ വില ലഭിച്ചില്ലെങ്കിലും തമിഴ്നാട്
ലോബിയുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കർഷകർ. ഇന്നു മുതൽ
സൊസൈറ്റികളിൽ കർഷകർ എത്തിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും സംഭരിക്കാനാണ്
ഹോർട്ടി കോർപ്പിന്റെ തീരുമാനം. വിലയിടിവു മൂലം കർഷകർക്ക് ഏറ്റവും കൂടുതൽ
നഷ്ടം സംഭവിച്ച വെളുത്തുള്ളിയും അടുത്ത ദിവസം മുതൽ സംഭരിക്കാനുള്ള
നടപടികളും ഹോർട്ടി കോർപ്പും വി എഫ് പി സി യും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ
വർഷം 300 രുപ വരെ വില ലഭിച്ച വെളുത്തുള്ളി വില വാങ്ങാൻ ആളില്ലാതായതോടെ 20
രൂപയിലേക്ക് തമിഴ്നാട് ലോബി താഴ്ത്തിയിരുന്നു. ഇതോടെ വിളവെടുക്കാതെ ടൺ
കണക്കിന് വെളുത്തുള്ളിയാണ് കാന്തല്ലൂർ വട്ടവട മേഖലകളിൽ അഴുകി നശിച്ചത്.
ഹോർട്ടി കോർപ്പ് സംഭരണം ആരംഭിച്ചതോടെ വട്ടവടയിലെ പാടങ്ങളിൽ ഊർജ്ജിതമായി
വിളവെടുപ്പ് നടക്കുകയാണ്. ഒപ്പം അടുത്ത കൃഷിക്കായി പാട്ട ഒരുക്കുന്ന
തിരക്കിലുമാണ് കർഷകർ.