Janayugom Online
technician placing blood tubes in the laboratory centrifuge

നോട്ടക്കുറവ് ; ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിതന്‍റെ രക്തം നല്‍കി

Web Desk
Posted on December 26, 2018, 4:23 pm

ചെന്നൈ : സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ,  ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്‌ഐവി ബാധിതന്‍റെ രക്തം. ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ച രക്തം നല്‍കിയത്  വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് . ഈ മാസം മൂന്നിനാണ് എച്ച്‌ഐവി ബാധിച്ച യുവാവിന്‍റെ രക്തം ഗര്‍ഭിണിക്ക് നല്‍കിയത്. ഇയാള്‍ക്ക് രണ്ടു വര്‍ഷം മുന്‍പ് എച്ച്‌ഐവി-യും ഹെപ്പറൈറ്റീസ് ബി-യും ഉണ്ടെന്ന് ഒരു സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അന്നും രക്തദാനത്തിനു ശേഷമാണ് ഇയാളുടെ രക്തം ലാബില്‍ പരിശോധിച്ചത്.

എന്നാല്‍ ഇക്കാര്യം ഇയാളെ അറിയിച്ചിരുന്നില്ല. ഇതറിയാതെ ഇയാള്‍ കഴിഞ്ഞ മാസവും ഒരു സര്‍ക്കാര്‍ ബ്ലഡ് ബാങ്കിന് രക്തം നല്‍കി. എച്ച്‌ഐവി അണുബാധ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ ഇയാളുടെ രക്തം ഗര്‍ഭിണിക്ക് നല്‍കി കഴിഞ്ഞിരുന്നു. ലാബ് ടെക്‌നീഷ്യന്മാര്‍ കൃത്യസമയത്ത് രക്തം എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് ഈ അപകടത്തിന്  കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അത് മനഃപൂര്‍വ്വമായിരിക്കില്ല. ആകസ്മികമായി സംഭവിച്ചു പോയതായിരിക്കും എങ്കിലും  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എച്ച്‌ഐവി ബാധിതനും ചികിത്സ നല്‍കും. സംഭവത്തില്‍ മൂന്നു ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു വര്‍ഷത്തോളമായി തുടരുന്ന അനാസ്ഥകളുടെ പേരിലാണ് നടപടി.

ലോകമെമ്പാടുമായി എച്ച്‌ഐവി കണ്ടെത്തിയ 3.69 കോടി ആളുകളില്‍ 59 പേര്‍ ആന്‍റി-റിട്രോവൈറല്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലുടെയും എച്ച്‌ഐവി ബാധിതരില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും എച്ച്‌ഐവി ബാധിതയായ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്കും മൂലയൂട്ടലിലൂടെയുമാണ് സാധാരണ രീതിയില്‍ അണുബാധയേല്‍ക്കുന്നത്. യുവതിയും എച്ച്‌ഐവി പോസിറ്റീവ് ആയെന്ന് കണ്ടെത്തിയതോടെ അവര്‍ക്കുള്ള ചികിത്സയും നല്‍കിക്കഴിഞ്ഞു. ഗര്‍ഭസ്ഥ ശിശുവിനെ എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് കുട്ടി ജനിച്ച ശേഷമേ കണ്ടെത്താന്‍ കഴിയൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജീവനക്കാരുടെ ഭാഗത്തുനിന്ന് രണ്ടു തവണ വീഴ്ച സംഭവിച്ചു. ഇതേതുടര്‍ന്നാണ് അവരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍ മനോഹരന്‍ പറഞ്ഞു. യുവതിക്കും അവരുടെ ഭര്‍ത്താവിനും സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.