കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടുവിഴും

ന്യൂഡല്‍ഹി: രോഗികളുടെമേല്‍ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടിടാനുള്ള നീക്കവുമായി കേന്ദ്രം. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ആശുപത്രികള്‍ക്ക് പൂട്ട് വീഴുന്നത്.
പത്രികയിലെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ച് മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം.
ആശുപത്രികള്‍ക്ക് പുറമേ കൊള്ളലാഭം കൊയ്യുന്ന ഫാര്‍മസികള്‍, ലാബുകള്‍ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യവസ്ഥ പ്രാബല്യത്തിലാക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന് രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കി. ഡോക്ടര്‍മാര്‍ക്കോ ആശുപത്രിയധികൃതര്‍ക്കോ ഫാര്‍മസികളെയും ലാബുകളെയും ശുപാര്‍ശ ചെയ്യാനോ മരുന്നും പരിശോധനയും സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കാനോ ആകില്ലെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
ദേശീയ അക്രഡിറ്റേഷന് ബോര്‍ഡിന്റെ അംഗീകാരമുള്ള ഏതു ലാബില്‍ വേണമെങ്കിലും രോഗിക്ക് പരിശോധന നടത്താമെന്നും ഇക്കാര്യം രോഗിയെയും ബന്ധുക്കളെയും അറിയിക്കേണ്ടത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും ഉത്തരവാദിത്തമാണെന്നും വ്യവസ്ഥ ചെയ്യുന്നു.