ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനം; പത്താം ക്ലാസുകാരന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Web Desk
Posted on July 17, 2019, 5:44 pm

മറയൂര്‍: ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനം സഹിക്കവയ്യാതെ പത്താം ക്ലാസുകാരന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാഴ്ച മുന്‍പാണ് ഹോസ്റ്റല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലും  ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിമാലി ആശുപത്രിയില്‍ നിന്ന് ഇന്റിമേഷന്‍ ലഭിച്ച മറയൂര്‍ പോലീസ് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ പേരില്‍ ജുവനൈല്‍ ആക്ട് 75 അനുസരിച്ച് കേസെടുത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

ബന്ധുവിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വിടാതെ വന്നതിനാലാണ് കുട്ടി വിഷം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ കുട്ടിയെ വീട്ടിലേക്ക് വിടേണ്ടെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞതിനാലാണ് അയക്കാതിരുന്നതെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചു. സംഭവത്തില്‍ മൂന്നാര്‍ ചൈല്‍ഡ് ലൈനും മനുഷ്യാവകാശ കമ്മിഷനും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

you may also like this video