എസ്എസ്എൽസി തോറ്റവർക്ക് ആദരവൊരുക്കി ഹോട്ടൽ സാഗർ

എ എ സഹദ്

ആലുവ

Posted on July 07, 2020, 5:59 pm

എ എ സഹദ്

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആളുകൾ തിരക്കിട്ട് അനുമോദനമൊരുക്കുമ്പോൾ പരീക്ഷയിൽ തോറ്റ വിദ്യാർഥികളെ വേറിട്ട രീതിയിൽ അനുമോദിക്കുകയാണ് ആലുവയിലെ സാഗർ ഹോട്ടൽ. എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റതിന്റെ തെളിവുമായി വരുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഓഫറിൽ അൽഫാം പെപ്സി കോംബോ നൽകിയാണ് വ്യത്യസ്തമായ ആദരവ് നൽകുന്നത്. 475 രൂപയുടെ കോംബോ പരീക്ഷയിൽ തോറ്റവർക്ക് തികച്ചും സൗജന്യമല്ലെങ്കിലും 190 രൂപ മാത്രമാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്.

സാഗർ ഹോട്ടൽ ഉടമ തലശ്ശേരി സൈദാർ പള്ളി സ്വദേശി എ.പി. സഫീറിന് സാമൂഹിക സേവന മികവിന് മഹാത്മാഗാന്ധി ധർമ്മസേന സമിതി പുരസ്കാരം ലഭിച്ചിട്ടുണ്ട് . മാത്രമല്ല, എറണാകുളം ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ‘നുമ്മ ഊണ്’ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് 2018ൽ മുഹമ്മദ്. വൈ. സഫീറുള്ള ഐ.എ.എസ് സാഗർ ഹോട്ടലിന് പുരസ്കാരം നൽകിയിട്ടുണ്ട്.

എന്തിനാണ് തോറ്റ വിദ്യാർഥികൾക്ക് ഇത്തരത്തിലൊരു ആദരമൊരുക്കുന്നത് എന്ന ചോദ്യത്തിന് സച്ചിൻ ടെണ്ടുൽക്കർ എസ്.എസ്.എൽ.സി തോറ്റ ആളാണ്. പക്ഷേ, അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു ഫുൾ എ പ്ലസ്സുകാരനും എത്തിയില്ലല്ലോ എന്ന മറുചോദ്യമാണ് സഫീറിനുള്ളത്. പഠന മികവിൽ പുറകോട്ടുള്ള വിദ്യാർത്ഥികളുടെ കഴിവ് മറ്റ് മേഖലകളിലായിരിക്കുമെന്നും അതുകൊണ്ട് അവരെ പരാജിതരായി സമൂഹം മുദ്ര പതിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ സാഗറിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റവർക്കുള്ള ഓഫർ ജൂലൈ 7 മുതൽ 9 വരെയാണുള്ളത്.

Eng­lish sum­ma­ry: hotel sagar hon­or­ing failed stu­dents.

You may also like this video: