കായലിൽ വീണ്ടും അപകടം: ഹൗസ് ബോട്ട് മരക്കുറ്റിയിൽ ഇടിച്ചു മറിഞ്ഞു

Web Desk

ആലപ്പുഴ

Posted on February 18, 2020, 10:44 pm

യാത്രാമധ്യേ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സഞ്ചാരികളെ ഇറക്കിയ ശേഷം അറ്റകുറ്റപണിക്കായി കായിപ്പുറം ഡോക്കിലേക്ക് പുറപ്പെട്ട ഹൗസ്ബോട്ട് മരക്കുറ്റിയിൽ ഇടിച്ചു മറിഞ്ഞു. സംഭവത്തിൽ മൂന്ന് ജീവനക്കാരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ 12 മണിക്ക് മുഹമ്മയ്ക്ക് സമീപമായിരുന്നു അപകടം.  ആലപ്പുഴ സ്വദേശി തോമസിന്റെ ഉടമസ്ഥതയിലുള്ള പ്ലസെന്റ് ടവർ എന്ന ഹൗസ്ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കായലിൽ നാട്ടിയിരുന്ന മരക്കുറ്റിൽ ഇടിച്ച് ബോട്ടിന്റെ അടിഭാഗം പൂർണ്ണമായും തകർന്നാണ് അപകടം സംഭവിച്ചത്. അപകടം ആദ്യം കണ്ടത് മത്സ്യത്തൊഴിലാളികളായിരുന്നു. ഉടൻ തന്നെ ഇവരെത്തി ബോട്ടിലെ ജീവനക്കാരായ സെബാസ്റ്റിയൻ, പൊന്നപ്പൻ, റോയി എന്നിവരെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ഹൗസ്ബോട്ട് ഭാഗീകമായും മുങ്ങി കഴിഞ്ഞിരുന്നു.

അപകട വിവരത്തെ തുടർന്ന് ഫയർഫോഴ്സും മണ്ണഞ്ചേരി പൊലീസും എത്തിയിരുന്നു. അപകടത്തിൽപ്പെട്ട ജീവനക്കാരെ സുരക്ഷിതരായി കരയിലെത്തിച്ചു. വളരെ ആഴം കുറഞ്ഞ മേഖലയിലൂടെ ഹൗസ് ബോട്ട് സഞ്ചരിച്ചിരുന്നത്. ജീവനക്കാരുടെ പരിചയകുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും പ്രഥമിക വിലയിരുത്തൽ. ഏകദേശം 15 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.
വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് ഇപ്പോൾ തുടർക്കഥയാകുകയാണ്. തീപ്പിടുത്തങ്ങളടക്കം വലുതും ചെറുതുമായി 25 ഓളം അപകടങ്ങൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് വിനോദസഞ്ചാരികളുമായി കുമരകത്തുനിന്നും പാതിരാമണലിലെത്തിയ ഹൗസ് ബോട്ട് തീപിടിച്ച് നശിച്ചിരുന്നു. ഇതിലെ യാത്രക്കാർ കായലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടനാട് സീ ബ്ലോക്ക് കനാലിന് സമീപം ഹൗസ് ബോട്ടിൽ നിന്നും യാത്രികൻ വേമ്പനാട്ട് കായലിലേക്ക് വീണ സംഭവം ഉണ്ടായി. അപകടങ്ങൾ പതിവായതോടെ ടുറിസം വകുപ്പ് ഇപ്പോൾ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

അപകടം കുറക്കുന്നതിന് നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ ടൂറിസം വകുപ്പ് പുറത്തിറക്കിയിരുന്നു. അതിലൊന്നാണ് ബോട്ടുകളിൽ ജി പി എസ് സംവിധാനം. പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തി അംഗീകൃത ലൈസൻസ് നേടിയിട്ടുള്ള 613 ബോട്ടുകളിൽ ഇവ സ്ഥാപിച്ചിരുന്നു. കെൽട്രോണായിരുന്നു ഇതിന്റെ സാങ്കേതിക സഹായവും കരാറും നൽകിയിരുന്നത്. കരാർ കാലാവധി അവസാനിച്ചതോടെ ഇതൊരു കാഴ്ച വസ്തുവായി മാറിയിരിക്കുകയാണെന്ന് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസുകുട്ടി ജോസ് ജനയുഗത്തോട് പറഞ്ഞു. ഹൗസ് ബോട്ട് മേഖലയിലെ പ്രത്യേകിച്ച് കായൽ ടൂറിസം രംഗത്തെ പ്രതിസന്ധികൾ സംബന്ധിച്ച് സമഗ്രമായ ചർച്ചകൾ സംരംഭകരുമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: House boat acci­dent in alap­puzha

You may also like this video