June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സുരക്ഷ കടലാസിൽ മാത്രം; ഹൗസ് ബോട്ടുകളിലെ പരിശോധനയും പ്രഹസനം

By Janayugom Webdesk
January 24, 2020

ഹൗസ് ബോട്ടുകളിൽ സുരക്ഷ കടലാസിൽ മാത്രം. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടക്കുന്ന പരിശോധനയും പ്രഹസനം. ആലപ്പുഴയിൽ കഴിഞ്ഞദിവസം തീപിടുത്തമുണ്ടായ ഹൗസ്‌ബോട്ടിനും ലൈസൻസില്ലെന്ന് തുറമുഖവകുപ്പ് കണ്ടെത്തി. 2013 ലെ താൽക്കാലിക ലൈസൻസ് മാത്രമാണ് ഈ ബോട്ടിന് ഉണ്ടായിരുന്നത്. ജില്ലയിൽ സർവ്വീസ് നടത്തുന്ന ഹൗസ്ബോട്ടുകളിൽ പകുതിയിലേറെയും ഇത്തരത്തിൽ അനധികൃതമാണ്.  കായൽ മധ്യത്തിൽ ഒരപകടമുണ്ടായാൽ രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് തിരിച്ചറിയാതെയാണ് നിത്യേന നൂറുകണക്കിനു സഞ്ചാരികൾ കായൽ സൗന്ദര്യം നുകരാൻ ആലപ്പുഴയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഹൗസ്‌ബോട്ടിനു തീപിടിച്ചത് ആഴം കുറഞ്ഞ സ്ഥലത്തായതിനാലും രക്ഷാപ്രവർത്തനത്തിനെത്താൻ കരയിൽ ചെറുബോട്ടുകൾ ആ സമയത്ത് ഉണ്ടായതിനാലുമാണ് 13 പേർ രക്ഷപ്പെട്ടത്
തുറമുഖ വകുപ്പിന്റെ രേഖകൾ പ്രകാരം 780 ബോട്ടുകൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ സഞ്ചരിക്കുന്നതാകട്ടെ 1500 ഓളം ബോട്ടുകളും.

ഇരുജില്ലകളിലേയും ബോട്ടുകൾ രജിസ്റ്റർ ചെയ്യേണ്ടത് ആലപ്പുഴ പോർട്ട് ഓഫീസിലാണ്. ലൈസൻസിനോടൊപ്പം സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ വേണമെന്നാണ് ചട്ടം. കൂടാതെ ഓരോ വർഷവും ബോഡി പരിശോധനയും ഇൻഷ്വറൻസ് പുതുക്കലും നിർബന്ധം. എന്നാൽ മോട്ടോർ വാഹനങ്ങളിൽ നടക്കുന്നതു പോലെ പരിശോധന ശക്തമല്ലാത്തതിനാൽ ഭൂരിപക്ഷം ബോട്ടുടമകളും ഇതൊന്നും കേട്ടഭാവമില്ല. തുടർച്ചയായുള്ള ഇത്തരം അപകടങ്ങൾ മൂലം വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്. ജീവനക്കാരുടെ അലംഭാവവും സുരക്ഷാ വീഴ്ചയുമാണ് അപകടങ്ങളുടെ പ്രധാന കാരണം. ബോട്ടുകളുടെ വലിപ്പത്തിലും മുറികളുടെ എണ്ണത്തിനും അനുസരിച്ച് ലൈഫ് ജാക്കറ്റ് ബോയയും ഉണ്ടായിരിക്കേണ്ടതാണ്. ഫയർസേഫ്റ്റി ഉപകരണങ്ങളും ഉറപ്പാക്കണം. എന്നാൽ ഭൂരിഭാഗം ഹൗസ്ബോട്ടുകളിലും ഇതൊന്നുമില്ല. പരിശോധന ശക്തമല്ലാത്തതിനാൽ കാലപ്പഴക്കം ചെന്ന നിരവധി ബോട്ടുകൾ വേമ്പനാട് കായലിൽ സർവീസ് നടത്തുന്നുണ്ട്.

കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തി പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരവുമായി കണ്ണീരോടെ മടങ്ങുന്നവരുടെ നിരവധി കഥകളുണ്ട് ആലപ്പുഴയ്ക്ക് പറയാൻ. ഗ്യാസ് സിലണ്ടർ പൊട്ടിയും ഷോർട്ട് സർക്യൂട്ട് മൂലവും അപകടങ്ങൾ നിരവധിയുണ്ടായി. അപ്പോഴുള്ള അന്വേഷണമല്ലാതെ യാതൊരു നടപടിയും ഉണ്ടായ ചരിത്രമില്ല. അനധികൃത മദ്യസൽക്കാരവും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഹൗസ് ബോട്ടിൽ നിന്നും കായലിൽ വീണ് ഒട്ടേറെ പേർ മരിച്ചിട്ടുണ്ട്. അവയും ഒറ്റപ്പെട്ട സംഭവങ്ങളായി എഴുതി തള്ളുകയായിരുന്നു. ഹൗസ് ബോട്ടുകളിൽ മദ്യസൽക്കാരത്തിന് എക്ലൈസ് വകുപ്പിന്റെ ലൈസൻസ് വേണമെന്നാണ് നിയമമെങ്കിലും വേമ്പനാട്ട് കായലിൽ സർവീസ് നടത്തുന്ന ഒരു ബോട്ടിനു പോലും എഫ് എൽ 13 ബി എന്ന ഈ ലൈസൻസില്ല. അതിനാൽ മദ്യസൽക്കാരത്തിനു ശേഷം കാൽതെന്നി കായലിൽ വീണുണ്ടാകുന്ന അപകടങ്ങൾ പലരും മൂടിവെക്കുകയാണ് പതിവ്. ഹൗസ്‌ബോട്ടുകൾ ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങളും വലുതാണ്. ഹൗസ് ബോട്ടുകളിൽ നിന്നു മാത്രം ദിവസം നാലേകാൽ ടൺ മാലിന്യമാണ് വേമ്പനാട് കായലിൽ തള്ളുന്നതെന്നാണ് കണക്ക്.

Eng­lish Sum­ma­ry: House boat license and security

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.