പ്രളയമൊഴിഞ്ഞു; വീടുകള്‍ നിലം പൊത്തുന്നു

Web Desk
Posted on September 09, 2018, 7:10 pm

മാന്നാര്‍: പ്രളയത്തെ തുടര്‍ന്ന് മാന്നാര്‍, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ വീടുകള്‍ നിലം പൊത്തുന്നത് പതിവാകുന്നു. മാന്നാര്‍ പാവുക്കര ചിറയില്‍ ഗോപാലകൃഷ്ണന്‍(66), കുട്ടംപേരൂര്‍ മുട്ടേല്‍ വാതല്ലൂര്‍ കാട്ടില്‍ സരസ്വതിയമ്മ(55) എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പമ്പായാറിന്റെ തീരത്തുള്ള ഗോപാലകൃഷ്ണന്റെ വീടിന്റെ ഒരു മുറി പൂര്‍ണമായും നിലംപൊത്തി. ഇവിടെയുള്ള ചിറയില്‍ ബണ്ടു തകര്‍ന്നാണ് കല്ലുംമണ്ണും ചെളിയുമെല്ലാം കയറിയാണ് വീടിനു നാശമുണ്ടായത്.

വീടിന്റെ ശേഷിക്കുന്ന മുറികളുടെ ഭിത്തികള്‍ പൊട്ടിക്കീറി നിലംപൊത്താറായ നിലയിലാണ്. കിണറിനും നാശം സംഭവിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജടക്കമുള്ള വീട്ടുപകരണങ്ങളെല്ലം ഒഴുക്കെടുത്തു. ഗോപാലകൃഷ്ണന്റെ രണ്ടു മക്കളും രണ്ടു പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവര്‍ മാന്നാറിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. കുട്ടംപേരൂര്‍ മുട്ടേല്‍ പള്ളിക്ക് സമീപം വാതല്ലൂര്‍ കാട്ടില്‍ സരസ്വതിയമ്മയുടെ വീടിന്റെ മേല്‍ക്കൂരയും നിലം പതിച്ചു. ഭിത്തികള്‍ പെട്ടിയിട്ടുണ്ട്, വീട്ടുപകരണങ്ങളെല്ലാം ഒഴുകി പോയി. ഇപ്പോള്‍ ഈ കുടുംബം അടുത്തുള്ള ബന്ധുവീട്ടിലാണ് താമസം.